ഒരു പോസ്റ്റിട്ടു, ഒപ്പം കിടിലന്‍ ക്യാപ്ഷനും, അഞ്ചാഴ്ച കഴിഞ്ഞ് ഇപ്പോഴിതാ എയറില്‍... എട്ടിന്റെ പണി എന്നൊക്കെ പറഞ്ഞാല്‍ ദേ ഇദാണ്
IPL
ഒരു പോസ്റ്റിട്ടു, ഒപ്പം കിടിലന്‍ ക്യാപ്ഷനും, അഞ്ചാഴ്ച കഴിഞ്ഞ് ഇപ്പോഴിതാ എയറില്‍... എട്ടിന്റെ പണി എന്നൊക്കെ പറഞ്ഞാല്‍ ദേ ഇദാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th May 2023, 7:50 pm

മുംബൈ ഇന്ത്യന്‍സ് ലെജന്‍ഡ് കെയ്‌റോണ്‍ പൊള്ളാര്‍ഡിന്റെ വിടവ് നികത്താന്‍ പോന്ന താരമായാണ് യുവതാരം ടിം ഡേവിഡിനെ ആരാധകര്‍ നോക്കിക്കണ്ടത്. താരത്തിന്റെ ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റിങ്ങും ഫിനിഷിങ്ങിലെ മികവും ആരാധകരുടെ വിശ്വാസത്തെ ബലപ്പെടുത്തി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ ജേസണ്‍ ഹോള്‍ഡറിനെ തുടര്‍ച്ചയായ മൂന്ന് സിക്‌സറിന് പറത്തി വിജയം നേടിക്കൊടുത്തപ്പോള്‍ ആരാധകര്‍ ഡേവിഡ് അടുത്ത പൊള്ളാര്‍ഡെന്ന് ഉറപ്പിച്ചിരുന്നു.

എന്നാല്‍ സഞ്ജുവിന്റെ കണ്ണീര്‍ വീഴ്ത്തിയ മുംബൈയുടെ ഫിനിഷറിനിപ്പോള്‍ ആരാധകര്‍ക്കിടയില്‍ തോറ്റുപോയവന്റെ ഭാവമാണ്. അതിന് കാരണമാകട്ടെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ അവസാന ഓവറും.

 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കളിത്തട്ടകമായ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ ഹോം ടീമിനെതിരെ അവസാന ഓവറില്‍ വിജയത്തിന് 11 റണ്‍സ് വേണമെന്നിരിക്കെ അതിന് സാധിക്കാതെ വന്നതോടെയാണ് ആരാധകര്‍ ടിം ഡേവിഡിനെതിരെ തിരിഞ്ഞത്. ഒപ്പമുണ്ടായിരുന്നു കാമറൂണ്‍ ഗ്രീനിനെയും അവര്‍ വെറുതെ വിട്ടിരുന്നില്ല. മൊഹ്‌സിന്‍ ഖാനെറിഞ്ഞ അവസാന ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് ഇരുവര്‍ക്കും നേടാന്‍ സാധിച്ചത്.

ഇതിന് പിന്നാലെ വിമര്‍ശനങ്ങളും ട്രോളുകളും ഇരുവര്‍ക്കുമെതിരെ ഉയര്‍ന്നിരുന്നു.

ഇതിനിടെ ടിം ഡേവിഡ് പങ്കുവെച്ച പഴയ പോസ്റ്റും ആരാധകര്‍ കുത്തിപ്പൊക്കിയിരുന്നു. അഞ്ച് ആഴ്ച മുമ്പ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ അവരുടെ തട്ടകത്തിലെത്തി വിജയിച്ചതിന് ശേഷമുള്ള വിജയാഘോഷത്തിന്റെ ചിത്രമാണ് ടിം ഡേവിഡ് പോസ്റ്റ് ചെയ്തത്.

കാമറൂണ്‍ ഗ്രീനിനൊപ്പമുള്ള ചിത്രത്തിന് ആറ് പന്തില്‍ നിന്നും അഞ്ച് റണ്‍സ് വേണ്ടപ്പോള്‍ ഞങ്ങളാണ് അതിന് അനുയോജ്യര്‍ എന്ന തരത്തിലായിരുന്നു ടിം ഡേവിഡ് അതിന് ക്യാപ്ഷന്‍ നല്‍കിയത്.

View this post on Instagram

A post shared by @timdavid8

ക്യാപ്ഷന്‍ സൂചിപ്പിച്ചതു പോലെ അവസാന ഓവറില്‍ അഞ്ച് റണ്‍സായിരുന്നു മുംബൈക്ക് വിജയിക്കാന്‍ ആവശ്യമായിരുന്നത്. ഡേവിഡും ഗ്രീനും ചേര്‍ന്ന് അവസാന ഓവറില്‍ ഡബിളോടി വിജയം മുംബൈക്ക് നേടിക്കൊടുക്കുകയായിരുന്നു. ഈ പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറില്‍ ആറ് പന്തില്‍ നിന്നും കൃത്യം അഞ്ച് റണ്‍സാണ് ഇവര്‍ നേടിയതെന്നും ഇതൊക്കെ എങ്ങനെയാണ് കൃത്യമായി പ്രവചിക്കാന്‍ കഴിയുന്നതെന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്.

അതേസമയം, കഴിഞ്ഞ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ നാലാം സ്ഥാനത്തേക്കാണ് മുംബൈ തള്ളപ്പെട്ടത്. ഇനിയും പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധിക്കാത്ത മുംബൈക്ക് നെഗറ്റീവ് നെറ്റ് റണ്‍ റേറ്റ് കാരണം സ്വന്തം വിജയത്തിനൊപ്പം ഇനി മറ്റ് ടീമുകളുടെ ജയപരാജയങ്ങളും കണക്കിലെടുക്കേണ്ടി വരും.

 

Content highlight: Fans trolls Tim David and Cameron Green