ജോ റൂട്ടിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത ബെന്‍ സ്റ്റോക്‌സിന് കീഴില്‍ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ടെസ്റ്റിനിറങ്ങിയിരിക്കുകയാണ്. ലോര്‍ഡ്‌സില്‍ വെച്ച് നടക്കുന്ന ടെസ്റ്റില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.
മൂന്ന് ടെസ്റ്റ് ഉള്‍പ്പെട്ട പരമ്പരയിലെ അദ്യ മത്സരമാണ് ലോര്‍ഡ്‌സില്‍ നടക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ മേധാവിത്വം പുലര്‍ത്താനാണ് ഇംഗ്ലീഷ് പടയുടെ ശ്രമം.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് അടിപതറിയിരുന്നു. കേവലം 40 ഓവറില്‍ 132 റണ്‍സിന് ന്യൂസിലാന്‍ഡ് ഓള്‍ ഔട്ടാവുകയായിരുന്നു.
നാളുകള്‍ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ജെയിംസ് ആന്‍ഡേഴ്‌സണും അരങ്ങേറ്റക്കാരന്‍ മാറ്റി പോട്‌സുമാണ് ന്യൂസിലാന്‍ഡിനെ കശക്കിയെറിഞ്ഞത്. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സ്റ്റുര്‍ട്ട് ബ്രോഡും നായകന്‍ ബെന്‍ സ്‌റ്റോക്‌സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി ന്യൂസിലാന്‍ഡിന്റെ പതനം പൂര്‍ത്തിയാക്കി.
50 പന്തില്‍ നിന്നും 42 റണ്‍സെടുത്ത കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമും 23 പന്തില്‍ നിന്നും 26 റണ്‍സ് സ്വന്തമാക്കിയ ടിം സൗത്തിയുമാണ് ന്യൂസിലാന്‍ഡ് നിരയില്‍ പിടിച്ചു നിന്നത്. 13 റണ്‍സുമായി ഡാരില്‍ മിച്ചലും 14 റണ്‍സെടുത്ത് പുറത്തായ ടോം ബ്ലണ്ടലുമാണ് ഇരട്ടയക്കം കണ്ട മറ്റ് ബാറ്റര്‍മാര്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഓവറില്‍ തന്നെ അടി തുടങ്ങിയിരുന്നു. ആദ്യ ഓവര്‍ പിന്നിട്ടപ്പോഴേക്കും ഏഴ് റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ അക്കൗണ്ടില്‍ കയറിയത്.
ഇതോടെയാണ് ട്വിറ്ററില്‍ ട്രോളുകള്‍ നിറഞ്ഞത്. ഇംഗ്ലണ്ട് ഫോര്‍മാറ്റ് മറന്നാണ് കളിക്കുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇപ്പോള്‍ കളിക്കുന്നത് ടെസ്റ്റാണെന്നും ആരാധകര്‍ ഇംഗ്ലണ്ട് ടീമിനെ ഓര്‍മപ്പെടുത്തുന്നു.
അതേസമയം, 20 ഓവര്‍ പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സാണ് നേടിയത്. 64 റണ്‍സ് കൂടി സ്വന്തമാക്കിയാല്‍ ഇംഗ്ലണ്ടിന് ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കാം.