| Sunday, 18th June 2023, 12:50 pm

എന്തോന്നെടേയ് കാണിച്ചുവെച്ചേക്കുന്നത്? 🤣🤣 ബ്രോഡിന് ഹാട്രിക് കൊടുക്കാതിരിക്കാനുള്ള സ്മിത്തിന്റെ പരിശ്രമത്തെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസ് പരമ്പരയിലെ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ രണ്ടാം ദിവസത്തെ താരം സ്റ്റുവര്‍ട്ട് ബ്രോഡായിരുന്നു. ആദ്യ സെഷനില്‍ തന്നെ അടുത്തടുത്ത പന്തുകളില്‍ വാര്‍ണറിനെയും ലബുഷാനെയും പുറത്താക്കിയാണ് ബ്രോഡ് ഇംഗ്ലണ്ടിന് ആവശ്യമായ ബ്രേക് ത്രൂ നല്‍കിയത്.

ഓസീസ് സ്‌കോര്‍ 29ല്‍ നില്‍ക്കവെയായിരുന്നു വാര്‍ണര്‍ പുറത്താകുന്നത്. 11ാം ഓവറിലെ ആദ്യ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടായിരുന്നു വാര്‍ണര്‍ പുറത്തായത്. വണ്‍ ഡൗണായെത്തിയത് സൂപ്പര്‍ താരം മാര്‍നസ് ലബുഷാനായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായാണ് ലബുഷാന്‍ പുറത്തായത്.

ബ്രോഡിന്റെ പന്തില്‍ ഷോട്ടിനുള്ള ശ്രമത്തിലായിരുന്നു ലബുഷാന്റെ മടക്കം. വിക്കറ്റിന് പിന്നില്‍ ജോണി ബെയര്‍സ്‌റ്റോയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ ലബുഷാന്‍ തിരികെ പവലിയനിലേക്ക് നടക്കുമ്പോള്‍ എഡ്ജ്ബാസ്റ്റണ്‍ ഒന്നാകെ ആവേശത്തിലായിരുന്നു.

നാലാമനായി ഫാബ്‌ഫോറിലെ കരുത്തനായ സ്റ്റീവ് സ്മിത്തായിരുന്നു കളത്തിലെത്തിയത്. ബ്രോഡിന്റെ ഹാട്രിക് ബോളില്‍ സ്മിത് ആ പന്ത് ലീവ് ചെയ്യുകയായിരുന്നു. ഇതോടെ വിക്കറ്റ് സംരക്ഷിക്കുകയും ബ്രോഡിന് ഹാട്രിക് നിഷേധിക്കുകയും ചെയ്‌തെങ്കിലും പിന്നാലെയെത്തിയ മീം പ്രളയത്തെ തടുക്കാന്‍ സ്മിത്തിന് സാധിക്കില്ലായിരുന്നു.

താരം പന്ത് ലീവ് ചെയ്യുന്ന ചിത്രം സ്റ്റാര്‍ വാര്‍സിന്റെ പോസ്റ്ററിലടക്കം കൊണ്ടുവെച്ചാണ് ട്രോളന്‍മാര്‍ സ്മിത്തിനെ ആഘോഷമാക്കിയത്.

ബ്രോഡിന്റെ ഹാട്രിക് തടയാന്‍ സ്മിത്തിന് സാധിച്ചെങ്കിലും വലിയ സ്‌കോര്‍ കെട്ടിപ്പടുക്കാന്‍ സ്മിത്തിന് സാധിച്ചിരുന്നില്ല. 59 പന്തില്‍ നിന്നും ഒറ്റ ബൗണ്ടറി പോലും ഇല്ലാതെ 15 റണ്‍സ് നേടിയാണ് താരം പുറത്തായത്.

ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് സ്മിത് പുറത്തായത്. അമ്പയര്‍ ഔട്ട് വിളിച്ചപ്പോള്‍ താരത്തിന് അത് വിശ്വസിക്കാന്‍ പോലും സാധിച്ചിരുന്നില്ല.

അതേസമയം, രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ ഓസീസ് 311 റണ്‍സിന് അഞ്ച് എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ഉസ്മാന്‍ ഖവാജയും അര്‍ധ സെഞ്ച്വറി നേടിയ അലക്‌സ് കാരിയുമാണ് ക്രീസില്‍.

Content highlight: Fans trolls Steve Smith

We use cookies to give you the best possible experience. Learn more