| Thursday, 9th March 2023, 3:31 pm

പേരില്‍ തന്നെ 'നാല് തോല്‍വിയാണ്'; 'നാഷണല്‍ ക്രഷ്' മന്ദാനെയെയും കൂട്ടരെയും നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഡബ്ല്യൂ.പി.എല്ലിലെ കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വീണ്ടും പരാജയപ്പെട്ടിരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരമാണ് റോയല്‍ ചലഞ്ചേഴ്‌സ് പരാജയപ്പെടുന്നത്. ഗുജറാത്ത് ജയന്റ്‌സിനെതിരായ മത്സരത്തില്‍ 11 റണ്‍സിനായിരുന്നു ടീം പ്ലേ ബോള്‍ഡിന്റെ തോല്‍വി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഗുജറാത്ത് ജയന്റ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്.

ഓപ്പണര്‍ സോഫിയ ഡന്‍ക്ലിയുടെയും വണ്‍ ഡൗണായെത്തിയ ഹര്‍ലീന്‍ ഡിയോളിന്റെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഗുജറാത്ത് മികച്ച സ്‌കോറിലേക്ക് നടന്നുകയറിയത്. 28 പന്ത് നേരിട്ട് 11 ഫോറും മൂന്ന് സിക്‌സറുമായി 65 റണ്‍സ് നേടി സോഫിയ തിളങ്ങിയപ്പോള്‍ 45 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ ഹര്‍ലീന്‍ 67 റണ്‍സും സ്വന്തമാക്കി.

ആഷ്‌ലീഗ് ഗാര്‍ഡനറും ഡി. ഹേമലതയും അന്നബെല്‍ സതര്‍ലാന്‍ഡും ചെറിയ തോതിലെങ്കിലും തങ്ങളുടെ സംഭാവനയും ടീം സ്‌കോറിലേക്ക് നല്‍കിയതോടെയാണ് ജയന്റ്‌സ് 201 റണ്ണിലേക്കെത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് തോറ്റുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു. ആദ്യ വിക്കറ്റില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്ത മന്ദാനയും സോഫി ഡിവൈനും മികച്ച തുടക്കമാണ് റോയല്‍ ചലഞ്ചേഴ്‌സിന് നല്‍കിയത്. ടീം സ്‌കോര്‍ 54ല്‍ നില്‍ക്കവെ 14 പന്തില്‍ നിന്നും 18 റണ്‍സ് നേടിയ മന്ദാനയുടെ വിക്കറ്റാണ് ആര്‍.സി.ബിക്ക് ആദ്യം നഷ്ടമായത്.

വണ്‍ ഡൗണായെത്തിയ എല്ലിസ് പെറി 25 പന്തില്‍ നിന്നും 32 റണ്‍ നേടി പുറത്തായി. പിന്നാലെയെത്തിയ റിച്ച ഘോഷിനെ പത്ത് റണ്‍സിന് നഷ്ടമായപ്പോള്‍ പിന്നാലെയെത്തിയ ഹീതര്‍ നൈറ്റിനെ കൂട്ടുപിടിച്ച് ഡിവൈന്‍ സ്‌കോര്‍ ഉയര്‍ത്തി.

ഒടുവില്‍ 17ാം ഓവറിലെ രണ്ടാം പന്തില്‍ 45 പന്തില്‍ നിന്നും 66 റണ്‍സുമായി മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 141ല്‍ നില്‍ക്കുകയായിരുന്നു. 11 പന്തില്‍ നിന്നും ആഞ്ച് ബൗണ്ടറിയും ഒരു സിക്‌സറുമുള്‍പ്പെടെ 30 റണ്‍സുമായി നൈറ്റ് പൊരുതിയെങ്കിലും വിജയത്തിന് അതൊന്നും പോരാതെ വരികയായിരുന്നു.

ഒടുവില്‍ നിശ്ചിത ഓവറില്‍ 190 റണ്‍സിന് ആറ് എന്ന നിലയില്‍ ആര്‍.സി.ബി പോരാട്ടം അവസാനിപ്പിച്ചു.

ഇതിന് പിന്നാലെ ട്രോളുകളും വിമര്‍ശനങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ആര്‍.സി.ബിക്ക് ലഭിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നെഴുതുമ്പോള്‍ നാല് എല്‍ (L) വരാനുള്ള കാരണം ഇപ്പോഴാണ് മനസിലായത് എന്നും വിരാട് കോഹ്‌ലിയെ പോലെ ആര്‍.സി.ബിയില്‍ ജേഴ്‌സി നമ്പര്‍ 18കാര്‍ക്ക് മോശം സമയമാണെന്നും ആരാധകര്‍ പറയുന്നു.

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ ഒരൊറ്റ മത്സരം പോലും വിജയിക്കാത്തത് മന്ദാനയും സംഘവും മാത്രമാണ്.

യു.പി വാറിയേഴ്‌സിനെതിരെയാണ് മന്ദാനയുടെയും സംഘത്തിന്റെയും അടുത്ത മത്സരം. മാര്‍ച്ച് പത്തിന് ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. രണ്ട് മത്സരത്തില്‍ ഒരു ജയവും ഒരു തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് വാറിയേഴ്‌സ്.

Content highlight: Fans trolls Smriti Mandhana and RCB

We use cookies to give you the best possible experience. Learn more