കഴിഞ്ഞ ദിവസമായിരുന്നു ദി ഹണ്‍ഡ്രഡിന്റെ കലാശപ്പോരാട്ടം അരങ്ങേറിയത്. പുരുഷന്‍മാരുടെ ഫൈനല്‍ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിനെ പരാജയപ്പെടുത്തി ഓവല്‍ ഇന്‍വിന്‍സിബിള്‍സ് കിരീടം നേടിയപ്പോള്‍ നോര്‍തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സിനെ പരാജയപ്പെടുത്തി സതേണ്‍ ബ്രേവാണ് വനിതാ വിഭാഗത്തില്‍ കിരീടം ചൂടിയത്.
ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ 34 റണ്‍സിനാണ് ബ്രേവ് വിജയിച്ചുകയറിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബ്രേവ് നിശ്ചിത പന്തില്‍ ആറ് വിക്കറ്റ് 139 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ചാര്‍ജേഴ്‌സ് 105 റണ്‍സിന് ഓള്‍ ഔട്ടായി.
ഇതിന് പിന്നാലെ ഇന്ത്യന്‍ താരവും ബ്രേവ് ഓപ്പണറുമായ സ്മൃതി മന്ദാനയെ അഭിന്ദിച്ചും ട്രോളിക്കൊണ്ടും രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റനായതുകൊണ്ടാണ് താരത്തിന് പ്രധാനമായും ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്.
റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ കപ്പ് നേടിയോ എന്നാണ് ആരാധകരില്‍ പലരും ചോദിക്കുന്നത്. ആര്‍.സി.ബിയുടെ ചരിത്രം അനുസരിച്ച് ഇത് പതിവില്ലാത്തതാണല്ലോ എന്നും ആരാധകര്‍ ചോദിക്കുന്നു. റോയല്‍ ചലഞ്ചേഴ്‌സിന് ഇതുവരെ ഒരു കിരീടം ലഭിച്ചിട്ടില്ല എന്നതിനെയാണ് ആരാധകര്‍ കളിയാക്കുന്നത്.
മന്ദാനക്ക് പുറമെ വിരാട് കോഹ്‌ലിക്കും ട്രോളുകള്‍ ലഭിക്കുന്നുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മന്ദാനക്ക് കപ്പ് കിട്ടിയെന്നും ഇനി എന്നാണ് വിരാട് കോഹ്‌ലി കിരീടം നേടുക എന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്.
ഫൈനലില്‍ മങ്ങിയെങ്കിലും സതേണ്‍ ബ്രേവിനായി കളിച്ച ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 238 റണ്‍സാണ് മന്ദാനയുടെ സമ്പാദ്യം. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് താരം.
ഫൈനലില്‍ രണ്ട് പന്തില്‍ നിന്നും നാല് റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
അതേസമയം, ഡാനി വയറ്റിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ബ്രേവ് നിശ്ചിത പന്തില്‍ 139 റണ്‍സ് നേടിയത്. 38 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറും അടക്കമായിരുന്നു വയറ്റ് റണ്ണടിച്ചുകൂട്ടിയത്.
ഡാനി വയറ്റിന് പുറമെ 17 പന്തില്‍ 31 റണ്‍സ് നേടിയ ഫ്രെയ കെംപും 28 പന്തില്‍ 27 റണ്‍സ് നേടിയ ജോര്‍ജിയ ആദംസുമാണ് സ്‌കോര്‍ ഉയര്‍ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ചാര്‍ജേഴ്‌സിന് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് നിലനിര്‍ത്താന്‍ സാധിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ബ്രേവ് ബൗളര്‍മാര്‍ എതിരാളികളുടെ കുതിപ്പിന് തടിയിട്ടു. ഒടുവില്‍ 94ാം പന്തില്‍ ടീം 105ന് ഓള്‍ ഔട്ടാവുകയായിരുന്നു.
ബ്രേവിനായി ലോറന്‍ ബെല്ലും കലേയ മൂറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇവര്‍ക്ക് പുറമെ കോള്‍ ട്രെയോണ്‍ രണ്ട് വിക്കറ്റും ആന്യ ശ്രുഭ്‌സൊല്‍ ഒരു വിക്കറ്റും വീഴ്ത്തിയതോടെ സൂപ്പര്‍ ചാര്‍ജേഴ്‌സിന്റെ പതനം പൂര്‍ണമാവുകയായിരുന്നു.
Content Highlight: Fans trolls Smriti Mandhana