| Saturday, 14th October 2023, 9:35 pm

ബൗളിങ് തെരഞ്ഞെടുത്തത് വളരെ മോശമായിപ്പോയി... രോഹിത്തിനെ വിമര്‍ശിച്ച് പിന്നേം എയറില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ശനിയാഴ്ച ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടത്തില്‍ ചരിത്രം ആവര്‍ത്തിക്കുമെന്ന് പറഞ്ഞ് ട്രോളന്‍മാരുടെ ഇരയായ മുന്‍ പാക് സൂപ്പര്‍ താരവും ക്രിക്കറ്റ് ലെജന്‍ഡുമായ ഷോയ്ബ് അക്തര്‍ വീണ്ടും എയറിലായിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ വിജയിച്ചതോടെയാണ് അക്തര്‍ വീണ്ടും ട്രോളന്‍മാരുടെയും ആരാധകരുടെയും കയ്യിലകപ്പെട്ടത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ ഈ തീരുമാനത്തെ പാക് ലെജന്‍ഡ് വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അക്തര്‍ രോഹിത്തിന്റെ തീരുമാനത്തെ വിമര്‍ശിച്ചത്.

‘ടോസ് നേടിയ ശേഷം എന്തിനാണ് പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചത് എന്ന് എനിക്ക് മനസിലാകുന്നേയില്ല. എന്തുകൊണ്ടാണ് അവര്‍ ഒരു എക്‌സ്ട്രാ സ്പിന്നറെ ഉള്‍പ്പെടുത്താതിരുന്നത്? ഈ സാഹചര്യത്തില്‍ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യുന്നത് എനിക്കേറെ ആവേശം നല്‍കുന്നു. അവര്‍ വളരെ മികച്ച രീതിയിലാണ് ലോകകപ്പ് ആരംഭിച്ചത്.

ടോസ് നേടിയ ശേഷം പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചത് ബുദ്ധിപരമായ ഒരു തീരുമാനമായിരുന്നോ? എനിക്കങ്ങനെ തോന്നുന്നേയില്ല. പാകിസ്ഥാന് നിറയെ റണ്‍സ് നേടാനുള്ള അവസരമാണ് രോഹിത് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്,’ എന്നാണ് അക്തര്‍ പറഞ്ഞത്.

എന്നാല്‍ അക്തറിന്റെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റുന്ന കാഴ്ചയായിരുന്നു അഹമ്മദാബാദില്‍ കണ്ടത്. ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ പാകിസ്ഥാന്‍ നിന്ന് പരുങ്ങി. അക്തര്‍ പ്രതീക്ഷിച്ചതുപോലെ വമ്പന്‍ സ്‌കോര്‍ അടിച്ചെടുക്കാനും പാകിസ്ഥാന് സാധിച്ചിരുന്നില്ല.

ഇന്ത്യയുടെ വിജയത്തിന് പിന്നാലെ ആരാധകരും രംഗത്തെത്തി. എന്തുകൊണ്ട് രോഹിത് ബൗളിങ് തെരഞ്ഞെടുത്തത് എന്ന് ഇപ്പോള്‍ മനസിലായോ, ഒരിക്കലും ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ തീരുമാനത്തെ വിലകുറച്ച് കാണരുത് എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്.

അതേസമയം, അക്തര്‍ കഴിഞ്ഞ ദിവസം പങ്കുവെക്കുകയും ശേഷം ഡിലീറ്റ് ചെയ്യുകയും ചെയ്ത പോസ്റ്റില്‍ പറഞ്ഞതുപോലെ ചരിത്രം വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. ലോകകപ്പില്‍ ഇത് എട്ടാം തവണയാണ് പാകിസ്ഥാന് ഇന്ത്യയോട് ജയിക്കാന്‍ സാധിക്കാതെ വരുന്നത്.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. 117 പന്തും ഏഴ് വിക്കറ്റും കയ്യിലിരിക്കവെയാണ് ഇന്ത്യ വിജയിച്ചുകയറിയത്. രോഹിത്തിന്റെയും ശ്രേയസ് അയ്യരുടെയും അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്.

Content Highlight:Fans trolls Shoaib Akhtar after he criticize Rohit Sharma’s decision

We use cookies to give you the best possible experience. Learn more