ഐ.സി.സി ലോകകപ്പില്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് മുമ്പേ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങി പാക് ഇതിഹാസവും സൂപ്പര്‍ പേസറുമായ ഷോയ്ബ് അക്തര്‍. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാക് മത്സരത്തിന് മുമ്പ് താരം പങ്കുവെച്ച ട്വീറ്റിന് പിന്നാലെയാണ് അക്തറിനെ ക്രിക്കറ്റ് ആരാധകരും ട്രോളന്‍മാരും വിടാതെ പിടികൂടിയത്.
തന്റെ വിക്കറ്റ് സെലിബ്രേഷന്റെ പങ്കുവെച്ച് ‘നാളെ ചരിത്രം വീണ്ടും ആവര്‍ത്തിക്കും’ എന്നായിരുന്നു അക്തര്‍ കുറിച്ചത്. ഇതിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.
ഏത് ചരിത്രത്തെ കുറിച്ചാണ് അക്തര്‍ പറയുന്നതെന്നാണ് ആരാധകര്‍ ഒരുപോലെ ചോദിക്കുന്നത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയ ഏഴ് മത്സരത്തിലും പാകിസ്ഥാന് തോല്‍വിയായിരുന്നു ഫലം.
അബദ്ധം മനസിലാക്കിയതുകൊണ്ടാകം താരം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ട്രോളന്‍മാര്‍ അക്തറിനെ വിടാതെ ഒപ്പം കൂടിയിരിക്കുകയാണ്.
പാകിസ്ഥാന്‍ തോല്‍ക്കുമെന്ന് അക്തര്‍ ഇപ്പോഴേ ഉറപ്പിച്ചിരിക്കുന്നു, അതെ ചരിത്രം വീണ്ടും ആവര്‍ത്തിക്കും അക്തര്‍ ഭായ് എന്നെല്ലാമാണ് ഇന്ത്യന്‍ ആരാധകര്‍ മറുപടി പറയുന്നത്. ഇതിനൊപ്പം അക്തറിനെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടിച്ചുകൂട്ടുന്ന വീഡിയോയും ഇന്ത്യയുടെ വിജയത്തിന്റെ ചിത്രങ്ങളുമെല്ലാം തന്നെ ആരാധകര്‍ പങ്കുവെക്കുന്നുമുണ്ട്.
1992 മുതല്‍ 2019 വരെയുള്ള ലോകകപ്പില്‍ ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല. 2007 ലോകകപ്പില്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം നടന്നിട്ടും ഉണ്ടായിരുന്നില്ല.
2019 ലോകകപ്പിലാണ് അവസാനമായി പാകിസ്ഥാന്‍ 50 ഓവര്‍ ലോകകപ്പില്‍ ഇന്ത്യയോട് തോല്‍വിയേറ്റുവാങ്ങുന്നത്. ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിനാണ് ഇന്ത്യ വിജയിച്ചുകയറിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സ് നേടി. രോഹിത് ശര്‍മ (140)യുടെ സെഞ്ച്വറിയും വിരാട് കോഹ്‌ലി (77), കെ.എല്‍. രാഹുല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 40 ഓവറില്‍ ആറ് വിക്കറ്റിന് 212 എന്ന നിലയില്‍ നില്‍ക്കവെ മോശം കാലാവസ്ഥ മൂലം മത്സരം തടസ്സപ്പെടുകയും ഡി.എല്‍.എസ് മെത്തേഡിലൂടെ ഇന്ത്യ 89 റണ്‍സിന് വിജയിക്കുകയുമായിരുന്നു.
ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച റൈവല്‍റിക്കാണ് ക്രിക്കറ്റ് ലോകം ശനിയാഴ്ച സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. അക്തര്‍ പറഞ്ഞതുപോലെ ചരിത്രം ആവര്‍ത്തിക്കുമെന്ന് തന്നെയാണ് ഇന്ത്യന്‍ ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content highlight: Fans trolls Shoaib Akhtar