| Saturday, 17th September 2022, 3:55 pm

എസ്.ഡി.പി.ഐ പോര്‍ച്ചുഗല്‍ ഘടകം പ്രസിഡന്റായി റൊണാള്‍ഡോ, കേരള വനം വകുപ്പിലെ പുതിയ തൊഴിലാളി; സോഷ്യല്‍ മീഡിയയില്‍ എയറിലായി പോര്‍ച്ചുഗല്‍ ടീം

സ്പോര്‍ട്സ് ഡെസ്‌ക്

തങ്ങളുടെ പുതിയ ജേഴ്‌സി പുറത്തിറക്കിയതിന് പിന്നാലെ എയറിലായി പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ടീം. 2022 ലോകകപ്പിനുള്ള ജേഴ്‌സി പുറത്തിറക്കിയതോടെയാണ് പറങ്കികള്‍ എയറിലായിരിക്കുന്നത്.

പോര്‍ച്ചുഗലിന്റെ ഐക്കോണിക് നിറങ്ങളായി ചുവപ്പും കടും പച്ചയും ഉള്‍ക്കൊള്ളിച്ചാണ് ജേഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത്. പഴയ ജേഴ്‌സികളെ അപേക്ഷിച്ച് ഇരു നിറങ്ങളും തുല്യ പ്രാധാന്യത്തോടെ ജേഴ്‌സിയില്‍ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ അറ്റയറിനുണ്ട്.

ജേഴ്‌സിയെ ഡയഗണലായി വിഭജിക്കുന്നതാണ് ഈ രണ്ട് നിറങ്ങളും. ടീമിന്റെ ഐക്കോണിക് നിറങ്ങള്‍ തുല്യപ്രാധാന്യത്തോടെ ഉള്‍പ്പെടുത്തിയ ജേഴ്‌സിയെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍, എന്തും ട്രോളിന്റെ കണ്ണിലൂടെ നോക്കിക്കാണുന്ന മലയാളത്തിന്റെ സ്വന്തം ട്രോളന്‍മാര്‍ ക്രിസ്റ്റിയാനോടെയും പുതിയ ജേഴ്‌സിയെയും എയറില്‍ കയറ്റിയിരിക്കുകയാണ്.

പുതിയ ജേഴ്‌സിക്ക് കേരളത്തിലെ മറ്റു പല കാര്യങ്ങളുമായുള്ള സാമ്യങ്ങളെ മുന്‍നിര്‍ത്തിയാണ് ട്രോളന്‍മാര്‍ പറങ്കിപ്പടയെ താഴെയിറങ്ങാന്‍ പറ്റാത്ത വിധം എയറില്‍ കയറ്റിയിരിക്കുന്നത്.

കേരള വനം വകുപ്പിന്റെ ബോര്‍ഡുമായി ജേഴ്‌സിക്ക് ഏറെ സാമ്യമുണ്ട്. ജേഴ്‌സിയെ ഡയഗണലായി ചുവപ്പും പച്ചയും വേര്‍തിരിക്കുന്നതുപോലെ തന്നെയാണ് ജേഴ്‌സിയും ഡിസൈന്‍ ചെയ്തിരിക്കുന്നത്.

എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയ സംഘടനയുടെ കൊടിയുമായും ടീമിന്റെ ജേഴ്‌സി സാമ്യത പുലര്‍ത്തുന്നുണ്ട്. ഇതും ടീമിനെ എയറില്‍ കയറ്റാനുള്ള ഒരു പ്രധാന കാരണമാണ്.

‘എസ്.ഡി.പി.ഐ ലിബ്‌സണ്‍ ഘടകം പ്രസിഡന്റ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ’, ‘*ലെ സുഡു – ഞങ്ങള്‍ക്കിവിടെ മാത്രമല്ല, അങ്ങ് പോര്‍ച്ചുഗലിലും പിടിയുണ്ട്’ തുടങ്ങി പോര്‍ച്ചുഗല്‍ – എസ്.ഡി.പി.ഐ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്.

അതേസമയം, വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാണ് പോര്‍ച്ചുഗല്‍ ഒരുങ്ങുന്നത്. ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അവസാന ലോകകപ്പ് എന്ന് വിലയിരുത്തുപ്പെടുന്ന ടൂര്‍ണമെന്റായതിനാല്‍ തന്നെ പോര്‍ച്ചുഗലിനെ സംബന്ധിച്ച് 2022 ഖത്തര്‍ ലോകകപ്പ് അത്രക്കും പ്രാധാന്യമര്‍ഹിക്കുന്നതാണ്.

തങ്ങളുടെ പടത്തലവനെ ലോകകപ്പ് കിരീടം ചൂടിച്ച ശേഷമായിരിക്കണം ബൂട്ടഴിക്കാന്‍ അനുവദിക്കേണ്ടത് എന്ന വാശിയാണ് ഓരോ പോര്‍ച്ചുഗീസ് താരങ്ങള്‍ക്കുമുള്ളത്.

റൊണാള്‍ഡോക്ക് പുറമെ ഡിയാഗോ കോസ്റ്റ, നുനോ മെന്‍ഡിസ്, പെപ്പെ, വിറ്റിന്‍ഹ എന്നിവരടക്കമുള്ള വമ്പന്‍മാരുമായാണ് പറങ്കിപ്പട ഖത്തറിലേക്ക് വിമാനം കയറാന്‍ ഒരുങ്ങുന്നത്.

വേള്‍ഡ് കപ്പില്‍ ഗ്രൂപ്പ് എച്ചിലാണ് പോര്‍ച്ചുഗലിന്റെ സ്ഥാനം. പോര്‍ച്ചുഗലിന് പുറമെ ആഫ്രിക്കന്‍ കരുത്തരായ ഘാന, ലാറ്റിനമേരിക്കയുടെ വശ്യതയാവാഹിച്ച ഉറുഗ്വായ്, ഏഷ്യന്‍ ജയന്റ്‌സ് സൗത്ത് കൊറിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

Content Highlight: Fans trolls New Kit of Portugal Football team, compares with Kerala Wildlife Department and SDPI

We use cookies to give you the best possible experience. Learn more