ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടരെയുള്ള തിരിച്ചടികൾക്ക് ശേഷം വീണ്ടും ഗംഭീരമായ തിരിച്ചു വരവ് നടത്തി മുന്നേറിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ക്ലബ്ബിന് ലീഗിൽ മൂന്നാം സ്ഥാനത്ത് തുടരാൻ സാധിച്ചിട്ടുണ്ട്.
കൂടാതെ ആറ് വർഷങ്ങൾക്ക് ശേഷം കരബാവോ കപ്പിൽ മുത്തമിടാനും യുണൈറ്റഡിനായി.
എന്നാൽ ലീഗിലെ മത്സരങ്ങൾ കൂടുതൽ നിർണായകമാവുന്ന വേളയിൽ തുടരെ രണ്ട് മത്സരങ്ങളിൽ യുണൈറ്റഡിന് വിജയിക്കാനാവാതെ വന്നതിനാൽ വലിയ വിമർശനങ്ങളാണിപ്പോൾ ക്ലബ്ബിനെതിരെ ഉയർന്ന് വരുന്നത്.
ലിവർപൂളിനെതിരെ എതിരില്ലാത്ത ഏഴ് ഗോളിന്റെ വൻ പരാജയം ഏറ്റുവാങ്ങിയ ക്ലബ്ബിന് ഞായറാഴ്ച നടന്ന മത്സരത്തിൽ സതാംപ്ടനോടും സമനില വഴങ്ങാൻ മാത്രമേ സാധിച്ചുള്ളൂ.
ഇതോടെ വിലപ്പെട്ട രണ്ട് പോയിന്റുകൾ ക്ലബ്ബിന് നഷ്ടമായി.
ഇതോടെയാണ് ഓരോ മത്സരങ്ങളും നിർണായകമായ ലീഗിൽ വിജയിക്കാൻ സാധിക്കാത്തതിന് യുണൈറ്റഡിനെതിരെ ആരാധകർ വിമർശനങ്ങളുമായി രംഗത്ത് വന്നത്.
ആന്റണി, റാഷ്ഫോർഡ്, സാഞ്ചോ, വെഗോസ്റ്റ് എന്നീ മുന്നേറ്റ നിര താരങ്ങൾ അടങ്ങിയ ലൈനപ്പ് ഉണ്ടായിട്ടും യുണൈറ്റഡിന് ഗോൾ കണ്ടെത്താൻ സാധിച്ചില്ല എന്നതാണ് ക്ലബ്ബിനെതിരെ ഉയർന്ന പ്രധാന വിമർശനം.
കൂടാതെ അവസാന നിമിഷം ലീഗ് കൈവിടുന്ന പ്രവണത യുണൈറ്റഡ് വീണ്ടും ആവർത്തിക്കുന്നെന്നും, യുണൈറ്റഡ് പഴയ യുണൈറ്റഡ് ആയി മാറിയെന്നുമൊക്കെയാണ് ആരാധകർ ഉയർത്തുന്ന പരിഹാസങ്ങൾ.
അതേസമയം നിലവിൽ 26 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളുമായി 50 പോയിന്റോടെ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
മാർച്ച് 16ന് യൂറോപ്പാ ലീഗിൽ റയൽ ബെറ്റിസിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights:fans trolls manchester united in their poor perfomance against southampton fc