ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ റൗണ്ടിലെ രണ്ടാം പാദ മത്സരത്തിലും പരാജയം ഏറ്റുവാങ്ങിയതോടെ ടൂർണമെന്റിൽ നിന്നും പുറത്തായിരിക്കുകയാണ് ഇംഗ്ലീഷ് ക്ലബ്ബ് ലിവർപൂൾ.
ആദ്യ പാദ മത്സരത്തിൽ 5-2 എന്ന സ്കോറിന് ലിവർപൂളിനെ പരാജയപ്പെടുത്തിയ റയൽ രണ്ടാം പാദ മത്സരത്തിൽ ബെൻസെമ നേടിയ ഒരു ഗോളിലായിരുന്നു മത്സരം സ്വന്തമാക്കിയത്.
ഇതോടെ ഇരുപാദങ്ങളിലുമായി 6-2 എന്ന സ്കോറിന് മത്സരം വിജയിക്കാനും ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടാനും റയലിന് സാധിച്ചു.
ഇതോടെ ലിവർപൂളിനെ വിമർശിച്ചും പരിഹസിച്ചും സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം ആരാധകർ.
ലിവർപൂൾ പരിശീലകൻ ക്ലോപ്പിനെയും സലായുൾപ്പെടെയുള്ള സൂപ്പർ താരങ്ങളെ വിമർശിച്ചുമാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകരുടെ പരിഹാസ വർഷം.
“എല്ലാത്തിനും നന്ദിയുണ്ട് ക്ലോപ്പ്, പക്ഷെ ഇപ്പോൾ വീട്ടിൽ പൊക്കോളൂ, “മാഡ്രിഡിന്റെ ലിവർപൂൾ മർദ്ദനം പൂർണം, ‘ലിവർപൂൾ ഉള്ളത് കൊണ്ട് ചിരിക്കാൻ വേറെ കാരണം വേണ്ട, മുതലായ പോസ്റ്റുകളാണ് ക്ലബ്ബിനെ വിമർശിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ക്ലോപ്പിന് കീഴിൽ മാഡ്രിഡ് ക്ലബ്ബിനെതിരെ കളിച്ച അഞ്ച് മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ ലിവർപൂളിന് സാധിച്ചിട്ടില്ല.
പ്രീമിയർ ലീഗിലെ ആദ്യ നാല് സ്ഥാനത്ത് ഇടം പിടിക്കാൻ കഴിയാത്ത ലിവർപൂൾ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതോടെ ഈ സീസണിൽ ക്ലബ്ബിന് മേജർ കിരീടങ്ങൾ ഏതെങ്കിലും നേടാൻ കഴിയുമോ എന്ന ആശങ്കയിലാണ് ആരാധകർ.