പതിനഞ്ചാം സീസണിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിക്ക് പിന്നാലെ പോയിന്റ് പട്ടികയില്‍ താഴേത്തട്ടിലേക്ക് വീണിരിക്കുകയാണ് അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്.
എല്ലാ സീസണിലേയും പതിവെന്ന പോലെ ടൂര്‍ണമെന്റിലെ ആദ്യ മത്സരം ദല്‍ഹിയോട് തോറ്റുതുടങ്ങിയ മുംബൈ, രണ്ടാം മത്സരത്തില്‍ രാജസ്ഥാനോടായിരുന്നു തോറ്റത്.
23 റണ്‍സിനായിരുന്നു രണ്ടാം മത്സരത്തില്‍ മുംബൈയുടെ തോല്‍വി. രാജസ്ഥാന്‍ ഉയര്‍ത്തിയ 193 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുന്‍ ചാമ്പ്യന്മാര്‍ 170 റണ്‍സിന് കാലിടറി വീഴുകയായിരുന്നു.
ഇഷാന്‍ കിഷനും യുവതാരം തിലക് വര്‍മയും പിടിച്ചുനില്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇരുവരും പുറത്തായതോടെ മുംബൈയുടെ നില പരുങ്ങലിലായി.
ഇഷാനും തിലകും മടങ്ങിയതോടെ ആരാധകരുടെ മുഴുവന്‍ പ്രതീക്ഷയും കരീബിയന്‍ സൂപ്പര്‍ താരം കെയ്‌റോണ്‍ പൊള്ളാര്‍ഡിന് മേലായിരുന്നു. പഴയ പല മത്സരങ്ങളിലും കൂറ്റന്‍ സിക്‌സറുകളും തകര്‍പ്പന്‍ പ്രകടനവും കാഴ്ചവെച്ച പൊള്ളാര്‍ഡ് ടീമിനെ ജയിപ്പിക്കുമെന്ന് എല്ലാ മുംബൈ ആരാധകരും ഉറച്ചുവിശ്വസിച്ചു.
എന്നാല്‍ ആരാധകരുടെ പ്രതീക്ഷ അസ്ഥാനത്താക്കുന്ന പ്രകടനമായിരുന്നു പൊള്ളാര്‍ഡിന്റേത്. ടി 20 മത്സരത്തിന് വേണ്ട പ്രകടനം പുറത്തെടുക്കാതെ 24 പന്തില്‍ നിന്നും 22 റണ്‍സായിരുന്നു താരം നേടിയത്.
പൊള്ളാര്‍ഡിന്റെ തണുപ്പന്‍ പ്രകടനത്തിനും മുംബൈയുടെ തോല്‍വിക്കും പിന്നാലെ പൊള്ളാര്‍ഡിനെതിരെ ഒരേ സമയം വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നുവരുന്നുണ്ട്.
‘മുംബൈയുടെ ഏറ്റവും മികച്ച ഫിനിഷര്‍ കഴിഞ്ഞ ദിവസത്തോടെ ഫിനിഷായി’, ‘ഒന്ന് പെട്ടന്ന് ഔട്ടായി ബുംറയ്ക്ക് കുറച്ച് പന്ത് കൊടുക്കാമായിരുന്നു’, ‘പൊള്ളാര്‍ഡ് ധോണിക്ക് പഠിച്ചു തുടങ്ങി’, ‘കെയ്‌റോണ്‍ പൊള്ളാര്‍ഡ് വീണ്ടും ഉറങ്ങാന്‍ വേണ്ടി ചെന്നൈക്കെതിരെയുള്ള മത്സരത്തിനായി കാത്തിരിക്കുകയാണ്,’ തുടങ്ങിയ ട്വീറ്റുകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.
നേരത്തെ ടോസ് നേടിയ ശേഷം മുംബൈ രാജസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. യശസ്വിയെയും പടിക്കലിനേയും നേരത്തെ നഷ്ടപ്പെട്ട രാജസ്ഥാനെ ക്യാപ്റ്റന്‍ സഞ്ജുവും ബട്‌ലറും ഹെറ്റ്‌മെയറും ചേര്‍ന്നാണ് മികച്ച ടോട്ടലിലേക്ക് നയിച്ചത്.