'എന്നാല്‍ പിന്നെ ഇവരെ ഏഷ്യാ കപ്പ് കളിക്കാന്‍ വിട്ടാല്‍ പോരായിരുന്നോ?' 'ലോകകപ്പിന് ഇവര്‍ മതി'; രോഹിത്തും കൂട്ടരും ഡൗണ്‍, സോഷ്യല്‍ മീഡിയയില്‍ തരംഗമായി സച്ചിനും പിള്ളേരും
ഏഷ്യാ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ നിരന്തര വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ടീമിനെതിരെ ഉയരുന്നത്. ടീം സെലക്ഷനില്‍ വരുത്തിയ അപാകതകളും മോശം ക്യാപ്റ്റന്‍സിയുമാണ് എല്ലാവരും ചൂണ്ടിക്കാട്ടുന്നത്.
കിരീടമോഹവുമായി യു.എ.ഇയിലേക്ക് പറന്ന നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ഫൈനല്‍ പോലും കാണാന്‍ സാധിച്ചില്ല. സൂപ്പര്‍ ഫോറില്‍ കളിച്ച മൂന്നില്‍ രണ്ട് മത്സരത്തിലും തോല്‍വിയായിരുന്നു ഫലം.
ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരവും ജയിച്ച് വമ്പന്‍ പ്രതീക്ഷയോടെയായിരുന്നു ഇന്ത്യ സൂപ്പര്‍ ഫോറിനിറങ്ങിയത്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെയും രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെയുമായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്. കുഞ്ഞന്‍മാരായ ഹോങ്കോങ്ങിനോട് മികച്ച വിജയവും നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല.
എന്നാല്‍ സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചതോടെ ഇന്ത്യക്ക് കാലിടറി. പാകിസ്ഥാനെതിരെയും ശ്രീലങ്കക്കെതിരെയും ഞെട്ടിക്കുന്ന തോല്‍വിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്.
ഒടുവില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ ആശ്വാസ ജയം മാത്രമാണ് ഇന്ത്യക്ക് നേടാനായത്.
എന്നാല്‍, കഴിഞ്ഞ ദിവസം ആരംഭിച്ച റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിലെ ഇന്ത്യന്‍ ലെജന്‍ഡ്‌സിന്റെ പ്രകടനത്തിന് പിന്നാലെ രോഹിത്തും കൂട്ടരും എയറിലായിരിക്കുകയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരങ്ങളുടെ ടൂര്‍ണമെന്റായി നടത്തുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ സച്ചിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ ലെജന്‍ഡ്‌സ് സൗത്ത് ആഫ്രിക്ക ലെജന്‍ഡ്‌സിനെ പരാജയപ്പെടുത്തിയതോടെയാണ് നിലവിലെ ഇന്ത്യന്‍ ടീം എയറിലായിരിക്കുന്നത്.
‘ഏഷ്യാ കപ്പില്‍ ഈ ടീമിനെ അയച്ചാല്‍ മതിയായിരുന്നു’, ‘വെറുതെ ഓരോ പരീക്ഷണങ്ങള്‍ നടത്തി പരാജയം വിളിച്ചുവരുത്തി’, ‘വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ രോഹിത്തിനെ അയക്കേണ്ട. പകരം ഈ ടീം മതി’, ‘ഇപ്പോഴുള്ള ടീമിനേക്കാള്‍ എന്തുകൊണ്ടും മികച്ചത് ലെജന്‍ഡ്‌സ് തന്നെ’ തുടങ്ങിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
കഴിഞ്ഞ ദിവസം നടന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിലെ മത്സരത്തില്‍ 217 റണ്‍സാണ് ഇന്ത്യ 20 ഓവറില്‍ അടിച്ചെടുത്തത്. സ്റ്റുവര്‍ട്ട് ബിന്നിയുടെ അപരാജിത ഇന്നിങ്‌സായിരുന്നു ഇന്ത്യക്ക് തുണയായത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് സ്വന്തമാക്കിയത്. 42 പന്തില്‍ നിന്നും പുറത്താവാതെ 82 റണ്‍സെടുത്ത ബിന്നിയാണ് ഇന്ത്യന്‍ സ്‌കോറിന്റെ നെടുംതൂണായത്. ബിന്നിക്ക് പുറമെ റെയ്‌നയും യൂസുഫ് പത്താനും മികച്ച പ്രകടനം കാഴ്ചവെച്ചു.
22 പന്തില്‍ നിന്നും 33 റണ്‍സ് നേടിയ റെയ്‌നയും 15 പന്തില്‍ നിന്നും 35 റണ്‍സ് സ്വന്തമാക്കിയ പത്താനും ഇന്ത്യക്ക് തുണയായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ലെജന്‍ഡ്‌സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് പ്രോട്ടീസ് സ്വന്തമാക്കിയത്. 38 റണ്‍സ് നേടിയ ജോണ്ടി റോഡ്‌സാണ് സൗത്ത് ആഫ്രിക്കയുടെ ടോപ് സ്‌കോറര്‍.