ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശനത്തിന് പിന്നാലെ ഇന്ത്യക്കും ബി.സി.സി.ഐക്കും എതിരെ ആരോപണവുമായി മുന്‍ പാക് സൂപ്പര്‍ താരം ഹസന്‍ റാസ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നതിനായി ഐ.സി.സി അവരെ വഴിവിട്ട് സഹായിക്കുകയാണ് എന്നാണ് റാസ ആരോപിച്ചത്.
മറ്റു ടീമുകളെക്കാള്‍ കൂടുതല്‍ സീമും സ്വിങ്ങും ലഭിക്കുന്നതിനായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) വ്യത്യസ്തമായ പന്തുകള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നല്‍കി സഹായിച്ചുവെന്നാണ് റാസ പറഞ്ഞത്.
‘ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നല്‍കിയ പന്തുകള്‍ പരിശോധിക്കണം. അവര്‍ക്ക് കൂടുതല്‍ സീമും സ്വിങ്ങും ലഭിക്കുന്നു. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും അലന്‍ ഡൊണാള്‍ഡിനേയും മഖായ എന്റിനിയേയും പോലെയാണ് പന്തെറിയുന്നത്.
മുംബൈയില്‍ ഷമിയുടെ സ്വിങ് കണ്ട് മാത്യൂസ് വരെ അത്ഭുതപ്പെട്ടു. ഒന്നുകില്‍ ഐ.സി.സി ഇന്ത്യന്‍ ബൗളര്‍മാരെ സഹായിച്ചു അല്ലെങ്കില്‍ ബി.സി.സി.ഐ അവരുടെ ബൗളര്‍മാരെ സഹായിച്ചു. ചിലപ്പോള്‍ മൂന്നാം അമ്പയറുടെ ഇടപെടലും ഇതില്‍ ഉണ്ടായേക്കാം,’ഹസന്‍ റാസ പറഞ്ഞു.
എ.ബി.എന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലും റാസ സമാന ആരോപണമുന്നയിച്ചിരുന്നു.
ഇതിന് പിന്നാലെ മുന്‍ പാക് താരത്തെ കളിയാക്കിക്കൊണ്ട് ഇന്ത്യന്‍ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. കളിക്കിടെ ബി.സി.സി.ഐ പിച്ച് മാറ്റുന്നു എന്ന് ആരോപിക്കാതിരുന്നതില്‍ അത്ഭുതം തോന്നുന്നു, സ്വന്തം ടീമിന്റെ മോശം പ്രകടനത്തിലുള്ള സങ്കടമാണ് ഇപ്പോള്‍ പ്രകടിപ്പിക്കുന്നുത്, കളിക്കളത്തിലെ പാക് താരങ്ങളെക്കാള്‍ എന്റര്‍ടെയ്ന്‍മെന്റ് നല്‍കുന്നത് മുന്‍ താരങ്ങളാണ് എന്നെല്ലാമാണ് ഹസന്‍ റാസയുടെ അഭിപ്രായത്തെ കുറിച്ച് കമന്റുകളുയരുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ശ്രീലങ്കയെ 302 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പിലെ ഏറ്റവുമയര്‍ന്ന രണ്ടാമത് വിജയ മാര്‍ജിന്‍ എന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 358 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്ക 55 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികള്‍ ബാറ്റിങ്ങില്‍ ഇന്ത്യക്ക് കരുത്തായപ്പോള്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരുടെ തകര്‍പ്പന്‍ സ്‌പെല്ലുകളാണ് ബൗളിങ്ങില്‍ ഇന്ത്യക്ക് തുണയായത്.
Content highlight: Fans trolls Hasan Raza