കഴിഞ്ഞ ദിവസമായിരുന്നു ഫുട്‌ബോള്‍ ആരാധകര്‍ ഏറെ കാത്തിരുന്ന മത്സരം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറിയത്. സ്പാനിഷ് വമ്പന്‍മാരായ എഫ്.സി. ബാഴ്‌സലോണയും ജര്‍മന്‍ ജയന്റ്‌സ് ബയേണ്‍ മ്യൂണിക്കുമായിരുന്നു ബവാരിയന്‍സിന്റെ ഹോം ഗ്രൗണ്ടായ അലിയന്‍സ് അരീനയില്‍ വെച്ച് ഏറ്റുമുട്ടിയത്.
ഏറെ പ്രതീക്ഷയോടെയായിരുന്നു സാവിയും സംഘവും മത്സരത്തിനിറങ്ങിയത്. നേരത്തെ നാണം കെട്ട് തോറ്റതിന്റെ അപമാനഭാരം ഇറക്കിവെക്കാനും ഒലിവര്‍ ഖാന്റെ പുച്ഛിച്ചുള്ള ചിരിക്ക് മറുപടി നല്‍കാനുമായിരുന്നു കറ്റാലന്‍സ് അരയും തലയും മുറുക്കി ഇറങ്ങിയത്.
എട്ട് സീസണില്‍ ബയേണ്‍ മ്യൂണിക്കില്‍ ഫുട്‌ബോള്‍ വസന്തം തീര്‍ത്ത പോളിഷ് ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ മുന്‍നിര്‍ത്തിയായിരുന്നു സ്പാനിഷ് ടീം തന്ത്രങ്ങള്‍ മെനഞ്ഞത്.
8-2ന് ബാഴ്‌സലോണ തോറ്റ മത്സരത്തില്‍ ബയേണിനൊപ്പം നിന്ന് വലനിറച്ച ലെവന്‍ഡോസ്‌കി കൂടെയുള്ളത് കറ്റാലന്‍മാര്‍ക്ക് നല്‍കിയ ആവേശം ചില്ലറയല്ലായിരുന്നു. ഇതിന് പുറമെ ലാ ലീഗയില്‍ നടത്തിയ മികച്ച മുന്നേറ്റങ്ങളും ബാഴ്‌സ ആരാധകരുടെ പ്രതീക്ഷയേറ്റിയിരുന്നു.
ഇതിന് തൊട്ടുമുമ്പുള്ള ലാ ലീഗ മത്സരത്തില്‍ കാഡിസിനെയും യു.സി.എല്ലില്‍ വിക്ടോറിയ പ്ലസാനിയയെയും തകര്‍ത്തതിന്റെ ആത്മവിശ്വാസമായിരുന്നു ബാഴ്‌സക്കുണ്ടായിരുന്നത്. എന്നാല്‍ അലിയന്‍സ് അരീന ബാഴ്‌സയെ വീണ്ടും കയ്യൊഴിഞ്ഞു.
എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബാഴ്‌സയുടെ തോല്‍വി. ഹാഫ് ടൈമില്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ ബയേണ്‍, രണ്ടാം പകുതി തുടങ്ങി പത്ത് മിനിട്ടിനകം രണ്ട് ഗോള്‍ വലയിലെത്തിച്ചിരുന്നു. ഇതോടെ ബാഴ്‌സ തകര്‍ന്നു.
ബവാരിയന്‍സിനായി 50ാം മിനിട്ടില്‍ ഹെര്‍ണാണ്ടസും 54ാം മിനിട്ടില്‍ സാനെയുമാണ് ഗോള്‍ നേടിയത്. മത്സരം തോറ്റെങ്കിലും ബയേണിനെതിരെ സമീപകാലത്ത് നടന്നതില്‍ മികച്ച പ്രകടനമാണ് ബാഴ്‌സ പുറത്തെടുത്തത്.
പ്രതികാരം വീട്ടാന്‍ ജര്‍മനിയിലേക്ക് പറന്ന്, വീണ്ടും തോല്‍വിയേറ്റുവാങ്ങിയതോടെ ബാഴ്‌സയെ ഇരും കയ്യും നീട്ടി ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്‍മാര്‍. ഒരു ദയയും ദാക്ഷിണ്യവും കൂടാതെയാണ് മുന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളെ ട്രോളന്‍മാര്‍ എയറില്‍ കയറ്റിയിരിക്കുന്നത്.
സൂപ്പര്‍ താരം ലെവന്‍ഡോസ്‌കിയെയും ഇവര്‍ വെറുതെ വിട്ടിരുന്നില്ല. മലയാളി ട്രോളന്‍മാര്‍ക്ക് പുറമെ ട്വിറ്ററിലും ബാഴ്‌സക്കും ലെവന്‍ഡോസ്‌കിക്കുമെതിരെ ട്രോളുകള്‍ ഉയര്‍ന്നിരുന്നു.
മത്സരത്തിന്റെ എല്ലാ മേഖലയിലും ബാഴ്‌സക്കായിരുന്നു സമഗ്രാധിപത്യം. ബോള്‍ പൊസഷനിലും ഷോട്ട്‌സിലും പാസിലും പാസിങ് ആക്യുറസിയിലും കറ്റാലന്‍മാര്‍ മുന്നിട്ടുനിന്നെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.
ഒക്ടോബര്‍ 27ന് ബാഴ്‌സക്ക് പകരം വീട്ടാന്‍ ഒരു അവസരം കൂടി ലഭിക്കും. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവില്‍ യു.സി.എല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും ഒരിക്കല്‍ക്കൂടി ഏറ്റുമുട്ടും.
അതേസമയം, യു.സി.എല്‍ ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ബയേണ്‍. കളിച്ച രണ്ട് മത്സരത്തില്‍ രണ്ടിലും ജയിച്ചാണ് ബയേണ്‍ ഒന്നാമതെത്തിയിരിക്കുന്നത്.
ഒരു ജയവും ഒരു തോല്‍വിയുമാണ് രണ്ടാമതുള്ള ബാഴ്‌സയുടെ അക്കൗണ്ടിലുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഇന്ററിനും ഒരു ജയവും തോല്‍വിയും വീതമാണെങ്കിലും ഗോള്‍ വ്യത്യാസമാണ് ബാഴ്‌സയെ മുന്നിലെത്തിച്ചത്. അവസാന സ്ഥാനത്തുള്ള വിക്ടോറിയ രണ്ട് മത്സരത്തിലും പരാജയപ്പെട്ടിരുന്നു.
Content highlight: Fans trolls DC Barcelona after their loss against Bayern Munich