| Friday, 9th June 2023, 4:44 pm

അണ്ണന് മറ്റേ ടീമിന്റെ ജേഴ്‌സി കൊടുക്കാന്‍ പറ്റുമോ? എന്നാല്‍ നമുക്ക് കപ്പടിക്കാം; കളി ജയിക്കാന്‍ വിദ്യയുപദേശിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ പതറുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ആറാം വിക്കറ്റും നഷ്ടപ്പെട്ട് ഫോളോ ഓണ്‍ ഭീതിയിലാണ് ഇന്ത്യ. ഓസീസിന്റെ ബൗളിങ് കരുത്തിന് മുമ്പില്‍ വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചാണ് ഇന്ത്യ പ്രതിസന്ധിയിലായിരിക്കുന്നത്.

മത്സരത്തിന്റെ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ടീം സ്‌കോര്‍ 30ല്‍ നില്‍ക്കവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും പവലിയനിലേക്ക് മടങ്ങി. രോഹിത് 26 പന്തില്‍ നിന്നും 15 റണ്‍സുമായി പുറത്തായപ്പോള്‍ 25 പന്തില്‍ നിന്നും 13 റണ്‍സുമായാണ് ഗില്‍ പുറത്തായത്.

വണ്‍ ഡൗണായെത്തിയത് ഇന്ത്യയുടെ പ്രതീക്ഷയായ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയായിരുന്നു. രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ വന്‍മതിലായ പൂജാര ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റുമെന്ന് ആരാധകര്‍ കരുതി.

മറ്റ് താരങ്ങള്‍ ഐ.പി.എല്‍ കളിക്കുമ്പോള്‍ കൗണ്ടിയുടെ തിരക്കിലായിരുന്നു പൂജാര. തന്റെ ടെസ്റ്റ് സ്‌കില്ലുകളെ രാകിമിനുക്കിയെടുത്ത് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റാകാനുള്ള പൂജാരയുടെ ശ്രമത്തെ ആരാധകരും പ്രശംസിച്ചിരുന്നു.

എന്നാല്‍, നിര്‍ണായക മത്സരത്തില്‍ പൂജാരക്കും അടി തെറ്റി. ക്രീസില്‍ നങ്കൂരമിട്ട് സ്‌കോര്‍ ഉയര്‍ത്തുന്ന പൂജാരയെ അധികനേരം കളത്തില്‍ നിര്‍ത്തുന്നത് അപകടമാണെന്ന് മനസിലാക്കിയ ഓസീസ് അദ്ദേഹത്തിനായി കെണിയൊരുക്കി. പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത ഗ്രീനിന്റെ തകര്‍പ്പന്‍ ഡെലിവെറിയില്‍ തന്റെ കുറ്റി തെറിക്കുന്നത് നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു പൂജാരക്ക് സാധിച്ചത്.

View this post on Instagram

A post shared by ICC (@icc)

25 പന്തില്‍ നിന്നും രണ്ട് ബൗണ്ടറിയുടെ അകമ്പടിയോടെ 14 റണ്‍സ് മാത്രമാണ് പൂജാരക്ക് നേടാന്‍ സാധിച്ചത്.

ഇതോടെ പൂജാരക്കെതിരെ ആരാധകര്‍ ട്രോളുകളും വിമര്‍ശനവുമായി എത്തുന്നുണ്ട്. ഇതിന് വേണ്ടിയാണോ ഇംഗ്ലണ്ടില്‍ കളിക്കാന്‍ പോയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

‘ഇതിപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ആയതുകൊണ്ടാണ്, സസക്‌സില്‍ ആയിരുന്നെങ്കില്‍ അണ്ണന്‍ പൊളിച്ചേനേ’, ‘ഇന്ത്യ ജയിക്കണമെന്ന ആഗ്രഹം കൊണ്ട് ചോദിക്കുകയാണ്, പൂജാരയെ സസക്‌സിന്റെ ജേഴ്‌സിയണിയിച്ച് കളിപ്പിക്കാന്‍ പറ്റുമോ?’ തുടങ്ങിയ ട്രോളുകളാണ് അദ്ദേഹത്തിനെതിരെ ഉയരുന്നത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് വെറും ആഴ്ചകള്‍ മുമ്പും പൂജാര കൗണ്ടിയില്‍ സെഞ്ച്വറി തികച്ചിരുന്നു. സസക്‌സ് – ഡുര്‍ഹാം മത്സരത്തിലാണ് പൂജാര കൗണ്ടിയിലെ ക്ലാസ് വ്യക്തമാക്കിയത്.

ഡുര്‍ഹാമിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 376 പിന്തുടര്‍ന്നിറങ്ങിയ സസക്‌സിന് മോശം തുടക്കമായിരുന്നു ലഭിച്ചത്. രണ്ട് വിക്കറ്റിന് 44 എന്ന നിലയില്‍ നില്‍ക്കവെയായിരുന്നു ക്യാപ്റ്റന്‍ കൂടിയായ പൂജാര മൂന്നാമനായി ക്രിസിലെത്തിയത്. 163 പന്ത് നേരിട്ട പൂജാര 115 റണ്‍സാണ് സ്വന്തമാക്കിയത്. 13 ബൗണ്ടറിയും ഒരു സിക്സറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ തകര്‍ത്തടിച്ച് സസക്‌സ് വിജയം സ്വന്തമാക്കിയിരുന്നു. രണ്ട് വിക്കറ്റിനായിരുന്നു സസക്‌സിന്റെ വിജയം. ടീമിനായി രണ്ടാം ഇന്നിങ്‌സിലും പൂജാര തിളങ്ങിയിരുന്നു. ടീമിന്റെ രണ്ടാമത് മികച്ച റണ്‍ ഗെറ്ററായാണ് താരം രണ്ടാം ഇന്നിങ്‌സ് സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.

അതേസമയം, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നിലവില്‍ ഫോളോ ഓണ്‍ ഭീഷണയിലാണെങ്കിലും ആരാധകര്‍ പ്രതീക്ഷ കൈവിടുന്നില്ല. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ തിരിച്ചുവരുമെന്നും ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Fans trolls Cheteshwar Pujara

We use cookies to give you the best possible experience. Learn more