ഖത്തർ ലോകകപ്പിൽ നിന്നും തോറ്റ് പുറത്തായതിന് ശേഷം വീണ്ടും ദേശീയ ജേഴ്സിയിൽ മത്സരിക്കാനിറങ്ങിയ ബ്രസീലിന് ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്രസീലിനെ പരാജയപ്പെടുത്തിയത്.
കളിയുടെ ആദ്യ പകുതിയിൽ ബൗഫലിന്റെ ഗോളിൽ ലീഡ് നേടിയ മൊറോക്കോയെ മത്സരം 67 മിനിട്ട് പിന്നിട്ടപ്പോൾ നേടിയ ഗോളിലൂടെ കസെമീറോ വിറപ്പിച്ചെങ്കിലും മത്സരം 79 മിനിട്ട് പിന്നിട്ടപ്പോൾ നേടിയ ഗോളിലൂടെ സാബിരി മൊറോക്കോയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.
മത്സരത്തിൽ പരാജയപ്പെട്ടതോടെ ബ്രസീലിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്ന് വരുന്നുണ്ട്.
നെയ്മര്‍ ഫാനായത് കൊണ്ട് മെസിയെക്കുറിച്ച് ഉത്തരക്കടലാസില്‍ എഴുതില്ലെന്ന് പറഞ്ഞ നാലാം ക്ലാസുകാരിയുടെ പേരും ബ്രസീലിന്റെ തോൽവിയും ചേർത്തുവെച്ചാണ് ടീമിനെതിരെ പരിഹാസങ്ങൾ ഉയരുന്നത്.
ബ്രസീല്‍ ആരാധികയായ തിരൂര്‍ പുതുപ്പള്ളി ശാസ്താ എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥി റിസ ഫാത്തിമ നാലാം ക്ലാസ് പരീക്ഷയ്ക്ക് മെസിയെ കുറിച്ച് കുറിപ്പെഴുതാനുള്ള ചോദ്യത്തിന് “ഞാൻ നെയ്മർ ഫാനാണ്, മെസിയെക്കുറിച്ച് എഴുതില്ല,’ എന്ന് ഉത്തരക്കടലാസിൽ എഴുതിയിരുന്നു. ഇതുമായി ചേർത്ത് വെച്ചാണ് ബ്രസീൽ ടീമിനും ആരാധകർക്കുമെതിരെ ട്രോൾ വർഷം ഉയരുന്നത്.
“ബ്രസീൽ പൊട്ടിയ സ്ഥിതിക്ക് ബ്രസീൽ ഫാൻസായ വിദ്യാർത്ഥികൾ ഇന്ന് പരീക്ഷ എഴുതണമോ?, “ബ്രസീലിന്റെ സി ടീം കളിച്ചത് കൊണ്ട് തോൽവി പ്രശ്നമില്ല,’ തുടങ്ങിയ ട്രോളുകളാണ് ബ്രസീലിനെതിരെ ഉയർന്ന് വരുന്നത്.