'ബാബര്‍ ഒരു കാര്യം മനസിലാക്കണം, ഇംഗ്ലണ്ട് ഇതിലും വേഗത്തില്‍ ടെസ്റ്റ് കളിക്കും'; പാകിസ്ഥാനെതിരെ ആരാധകര്‍
Sports News
'ബാബര്‍ ഒരു കാര്യം മനസിലാക്കണം, ഇംഗ്ലണ്ട് ഇതിലും വേഗത്തില്‍ ടെസ്റ്റ് കളിക്കും'; പാകിസ്ഥാനെതിരെ ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th August 2023, 8:46 pm

 

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാം മത്സരത്തിലെ ബാറ്റിങ് പ്രകടനത്തിന് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും പരിഹസിച്ച് ആരാധകര്‍. ശ്രീലങ്കയിലെ കൊളംബോയില്‍ വെച്ച് നടന്ന മത്സരത്തില്‍ ഇരുവരും പതിയെയുള്ള ഇന്നിങ്‌സായിരുന്നു കളിച്ചത്.

പാകിസ്ഥാന്റെ ഇന്നിങ്‌സിന് ശേഷം ട്വിറ്ററില്‍ ഒരുപാട് ട്രോളുകളാണ് ഇരുവര്‍ക്കെതിരെയും കാണാന്‍ സാധിക്കുന്നത്.

ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 12.5 ഓവര്‍ പിന്നിടുമ്പോള്‍ ടീം സ്‌കോര്‍ 52ല്‍ നില്‍ക്കെയായിരുന്നു ഇരുവരും ക്രീസില്‍ ഒന്നിക്കുന്നത്. പാകിസ്ഥാന്റെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ഒരു തരത്തിലും ഇരുവര്‍ക്കും വേഗത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കുന്നില്ലായിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ തുടര്‍ച്ചയായി 14 ഡോട്ട് ബോളുകള്‍ വരെ ബാബര്‍ വഴങ്ങിയിരുന്നു.

മത്സരം 30 ഓവര്‍ പിന്നിട്ടപ്പോള്‍ വെറും 103 റണ്‍സ് മാത്രമായിരുന്നു പാകിസ്ഥാന്റെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് പാക് കരകയറുകയായിരുന്നു. പ്രത്യേകിച്ച് മുഹമ്മദ് റിസ്വാന്‍. ഇരുവരും മത്സരത്തില്‍ അര്‍ധസെഞ്ച്വറി തികച്ചിരുന്നു. ടീമിനെ മോശമല്ലാത്ത സ്‌കോറിലെത്തിക്കാന്‍ ഇരുവരുടെയും ഇന്നിങ്‌സിന് സാധിച്ചിരുന്നു.

എങ്കിലും ഇരുവരുടെയും പതിയെയുള്ള ഇന്നിങ്‌സിനെ ആരാധകര്‍ ട്രോളുന്നുണ്ട്. ഇംഗ്ലണ്ട് ഇതിലും വേഗത്തില്‍ ടെസ്റ്റ് കളിക്കുമെന്നാണ് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തത്. ആരാധകരുടെ ചില റിയാക്ഷന്‍സ് നോക്കാം.

നിശ്ചിത ഓവറില്‍ 268 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. ടീമിനായി റിസ്വാന്‍ 79 പന്ത് നേരിട്ട് 67 റണ്‍സും ബാബര്‍ 86 പന്തില്‍ 60 റണ്‍സും നേടിയിരുന്നു. നാല് ഫോറും ഒരു സിക്‌സറുമാണ് ബാബര്‍ നേടിയത്. ആറ് ഫോറും ഒരു സിക്‌സറും റിസ്വാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

അവസാന ഓവറുകളില്‍ മികച്ച പ്രകടനം നടത്തിയ സല്‍മാന്‍ അലി അഘയും മുഹമ്മദ് നവാസുമാണ് പാകിസ്ഥാനെ 250 കടത്തിയത്. സല്‍മാന്‍ 31 പന്തില്‍ 38 റണ്‍സ് നേടിയപ്പോള്‍ നവാസ് 25 പന്തില്‍ 30 റണ്‍സ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 10 ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് നേടിയിട്ടുണ്ട്.

Content Highlight: Fans Trolls Babar Azam and Muhammed Rizwan