യുവേഫ ചാമ്പ്യന്‍സ് ലീഗിനെതിരെ ട്രോളുമായി ആരാധകര്‍. ചാമ്പ്യന്‍സ് ലീഗിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി ഒരു വീഡിയോ പങ്കുവെച്ചതോടെയാണ് ആരാധകര്‍ ട്രോളുകളുമായി യുവേഫ ചാമ്പ്യന്‍സ് ലീഗിനെ മൂടിയത്.
ചില്ലറ അബദ്ധമായിരുന്നില്ല ചാമ്പ്യന്‍സ് ലീഗിന് പിണഞ്ഞത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കെവിന്‍ ഡി ബ്രൂയ്ന്‍ എന്ന് വിളിച്ചതിന് പിന്നാലെയാണ് ആരാധകര്‍ കലിപ്പായത്.
റൊണാള്‍ഡോ റയലിന്റെ ഭാഗമായിരിക്കെ ഗോള്‍ നേടിയ വീഡിയോ ആയിരുന്നു ഏപ്രില്‍ 12, ബുധനാഴ്ച ചാമ്പ്യന്‍സ് ലീഗ് പങ്കുവെച്ചത്. 2015-16 ചാമ്പ്യന്‍സ് ലീഗില്‍ വി.എഫ്.എല്‍ വൂള്‍ഫ്‌സ്‌ബെര്‍ഗിനെതിരായ മത്സരത്തില്‍ താരം ഗോള്‍ നേടുന്ന വീഡിയോ ആണ് ചാമ്പ്യന്‍സ് ലീഗ് പങ്കുവെച്ചത്.
എന്നാല്‍ വീഡിയോക്ക് നല്‍കിയ ക്യാപ്ഷനാണ് എല്ലാത്തിനും തുടക്കം കുറിച്ചത്. ‘ഡി ബ്രൂയ്ന്‍ ബാക്ക് ഇന്‍ 2016, #UCL’ എന്നായിരുന്നു വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയത്.
തങ്ങള്‍ക്ക് പറ്റിയ അബദ്ധം ചാമ്പ്യന്‍സ് ലീഗ് സോഷ്യല്‍ മീഡിയ ടീം അറിയുന്നതിന് മുമ്പ് തന്നെ വീഡിയോ വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു. നിരവധി ആരാധകരാണ് വീഡിയോക്ക് പിന്നാലെ ട്രോളുകളും കമന്റുകളുമായും എത്തിയത്.
‘അത് ഡി ബ്രൂയ്ന്‍ ആണെങ്കില്‍ ഞാന്‍ ലയണല്‍ മെസിയാണ്’ എന്നായിരുന്നു ഒരു ട്വിറ്റര്‍ യൂസറുടെ കമന്റ്. ‘ക്രിസറ്റിയാനോ ഡി ബ്രൂയ്ന്‍’ എന്നായിരുന്നു മറ്റൊരു വിരുതന്‍ കമന്റ് ചെയ്തത്.
2016ല്‍ നിന്നും 2023ലേക്കെത്തിയപ്പോള്‍ ഡി ബ്രൂയ്‌ന് വല്ലാത്ത മാറ്റം സംഭവിച്ചുവെന്നും താരം റയലിന് വേണ്ടി കളിച്ച കാര്യം ഇത്രയും നാള്‍ താന്‍ അറിയാതെ പോയി എന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.
അബദ്ധം മനസിലായതിന് പിന്നാലെ ചാമ്പ്യന്‍സ് ലീഗ് ‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഐതിഹാസിക ഹാട്രിക്കിന് ഏഴ് വര്‍ഷം’ എന്ന് ക്യാപ്ഷന്‍ മാറ്റിയിരുന്നു. ക്യാപ്ഷന്‍ മാറ്റിയതിന് ശേഷവും വീഡിയോക്ക് താഴെ ആരാധകര്‍ കെവിന്‍ ഡി ബ്രൂയ്ന്‍ എന്ന് കമന്റ് ചെയ്യുന്നുണ്ട്.
2015-16 സീസണിലെ ക്വാര്‍ട്ടര്‍ ഫൈനലിലെ ഡി ബ്രൂയ്‌നിന്റെ പ്രകടനമായിരിക്കാം യു.സി.എല്‍ പങ്കുവെക്കാന്‍ ഉദ്ദേശിച്ചിരുന്നത്. പി.എസ്.ജിക്കെതിരായ രണ്ടാം പാദ മത്സരത്തില്‍ താരത്തിന്റെ ഗോളിലൂടെയായിരുന്നു സിറ്റി വിജയിച്ചത്. ബോക്‌സിന് പുറത്തുനിന്നും എടുത്ത ഷോട്ട് വലയിലെത്തിയതോടെ 1-0ന്റെ വിജയം സ്വന്തമാക്കുകയും 3-2 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ ടീം വിജയിക്കുകയും ചെയ്തു.
എന്നാല്‍ പിന്നാലെ നടന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോ ഹെഡ്‌ലൈന്‍ സ്റ്റീലറായിരുന്നു. വൂള്‍ഫ്‌സിബെര്‍ഗിനെതിരായ മത്സരത്തില്‍ ആദ്യ പാദത്തില്‍ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം റൊണാള്‍ഡോയുടെ ഹാട്രിക്കിലൂടെ റയല്‍ ജയിച്ചുകയറുകയായിരുന്നു.