സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ മഴനിയമപ്രകാരം 33 റണ്‍സിന് പാകിസ്ഥാന്‍ തകര്‍ക്കുകയായിരുന്നു.
മഴമൂലം 142 റണ്‍സായി പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്ക് 14 ഓവറില്‍ 9 വിക്കറ്റിന് 108 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ഇതോടെ മഴ കളിച്ച മത്സരത്തില്‍ പ്രോട്ടീസിനെതിരെ 33 റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ കരസ്ഥമാക്കിയത്. കൂടാതെ സെമി പ്രതീക്ഷകളും പാക് പട നിലനിര്‍ത്തി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് തുടക്കത്തില്‍ പാളിയെങ്കിലും പിന്നീട് കരുത്തോടെ ഉയര്‍ത്തെണീക്കുകയായിരുന്നു. ആദ്യ നാല് വിക്കറ്റ് വീണ ശേഷമാണ് പാക് പട 142 റണ്‍സ് അടിച്ചുകൂട്ടിയത്.
20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 185 എന്ന നിലക്കായിരുന്നു പാകിസ്ഥാന്റെ സ്‌കോര്‍. നാല് വിക്കറ്റ് നഷ്ടമാകുമ്പോള്‍ 6.3 ഓവറില്‍ 43 റണ്‍സ് മാത്രമേ പാകിസ്ഥാനുണ്ടായിരുന്നുള്ളൂ.
മത്സരത്തില്‍ പാക് നായകന്‍ ബാബര്‍ അസം മോശം പ്രകടനമാണ് കഴ്ചവെച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നതിനോടൊപ്പം മോശം ബാറ്റിങ്ങിന്റെ പേരിലും താരത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.
15 പന്തുകള്‍ നേരിട്ട ബാബര്‍ 6 റണ്‍സെടുത്താണ് പുറത്തായത്. ലൂങ്കി എന്‍ഗിഡിയുടെ പന്തില്‍ കഗിസോ റബാഡക്ക് ക്യാച്ച് നല്‍കിയാണ് ബാബര്‍ പുറത്തായത്.
ലോകകപ്പിനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയില്‍ എത്തുമ്പോള്‍ അവരുടെ ഏറ്റവും വലിയ ബാറ്റിങ് പ്രതീക്ഷ നായകന്‍ ബാബര്‍ അസമായിരുന്നു. എന്നാല്‍ ബാറ്റ് പിടിക്കാന്‍ പോലുമാകാത്ത കുട്ടിയെപ്പോലെ ബാബര്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്ന അവസ്ഥയാണ് ആരാധകരെ നിരാശരാക്കിയത്.
ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളിലും ബാബര്‍ അസമിന്റെ ബാറ്റ് ഒറ്റയക്കത്തില്‍ ഒതുങ്ങുകയായിരുന്നു. ഈ ലോകകപ്പില്‍ 0, 4 , 4, 6 എന്നിങ്ങനെയാണ് ബാബറിന്റെ സ്‌കോര്‍.
രാജ്യാന്തര ടി-20യില്‍ ബാറ്റിങ്ങില്‍ റെക്കോര്‍ഡുള്ള ബാബറിന് കാലിടറുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. 2016 മുതല്‍ ബാബര്‍ പാക് ടി-20 ടീമിന്റെ ഭാഗമാണ്.
96 രാജ്യാന്തര ടി-20കളില്‍ 41.60 ശരാശരിയിലും 128.67 സ്‌ട്രൈക്ക് റേറ്റിലും 3245 റണ്‍സ് ബാബറിനുണ്ട്.
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായി മൂന്ന് ഫോര്‍മാറ്റിലും മികവ് തെളിയിച്ച ബാബര്‍ അസമിന് ടി-20 ലോകകപ്പില്‍ കാലിടറുന്നത് ആരാധകരെ അമ്പരപ്പിക്കുകയാണ്.
ഗ്രൂപ്പ് രണ്ടില്‍ നാല് കളിയില്‍ ആറ് പോയിന്റുമായി ടീം ഇന്ത്യയാണ് ഒന്നാമത്. ഇത്രതന്നെ മത്സരങ്ങളില്‍ അഞ്ച് പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും ഇന്നത്തെ ജയത്തോടെ നാല് പോയിന്റിലെത്തിയ പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
Content Highlights: Fans troll Pakistan Captain Babar Azam after the match against South Africa