ഫിഫ ലോകകപ്പ് 2022ല്‍ അര്‍ജന്റീന ചാമ്പ്യന്‍മാരായതോടെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറായി ലയണല്‍ മെസി മാറിയെന്ന് ജര്‍മന്‍ ഇതിഹാസം മെസ്യൂട്ട് ഓസില്‍ പറഞ്ഞിരുന്നു.
മെസി-റൊണാള്‍ഡോ ഫാന്‍ ഡിബേറ്റില്‍ ഇഷ്ട താരം ആരെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. കുഴപ്പിക്കുന്ന ചോദ്യമാണെങ്കിലും താന്‍ മെസിയുടെ പേര് പറയുമെന്നായിരുന്നു ഓസില്‍ പറഞ്ഞത്.
ഓസിലിനോട് മുമ്പ് ഇതേ ചോദ്യം ആവര്‍ത്തിച്ചപ്പോഴൊക്കെ അദ്ദേഹം ക്രിസ്റ്റിയാനോയുടെ പേരായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഖത്തര്‍ ലോകകപ്പിന് ശേഷം ഓസില്‍ തന്റെ അഭിപ്രായം തിരുത്തുകയായിരുന്നു.
ഇതിന് പിന്നാലെ ട്രോളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. മെസി വേള്‍ഡ് കപ്പ് നേടിയപ്പോഴേക്ക് കൂടെയുണ്ടായിരുന്ന റോണോയെ ഓസില്‍ പിന്തള്ളിയെന്ന് ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. രാജ്യത്തിനായി വിശ്വകിരീടം ഉയര്‍ത്തിയിട്ടില്ലെങ്കിലും ക്രിസ്റ്റ്യാനോ ആണ് ഗോട്ട് എന്നും മെസിക്ക് നേടാനാകാത്തത് പലതും റോണോ നേടിയിട്ടുണ്ടെന്നും ട്വീറ്റുകളുണ്ട്.
‘വളരെ ബുദ്ധിമുട്ടുള്ള ചോദ്യമാണ്. പക്ഷെ ഞാന്‍ മെസിയാണ് മികച്ച താരമെന്ന് പറയും. കാരണം, അദ്ദേഹത്തിന് ലോകകപ്പ് നേടാന്‍ സാധിച്ചിട്ടുണ്ട്,’ എന്നായിരുന്നു ഗോട്ട് ഡിബേറ്റില്‍ ഓസിലിന്റെ പ്രതികരണം.
അതേസമയം, റയല്‍ മാഡ്രിഡിനായി ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങളാണ് റൊണാള്‍ഡോയും ഓസിലും. ഇരു താരങ്ങളും തമ്മില്‍ വലിയ സൗഹൃദവുമുണ്ടായിരുന്നു. റൊണാള്‍ഡോയുടെ കരിയറിലെ ഏറ്റവും നല്ല സമയമായിരുന്നു റയലില്‍ ചെലവഴിച്ചിരുന്നത്. 16 ട്രോഫികളാണ് റയലിനൊപ്പം റൊണാള്‍ഡോ സ്വന്തമാക്കിയിട്ടുള്ളത്.
റോണോയും ഓസിലും മൂന്ന് വര്‍ഷം റയലിനായി ഒരുമിച്ച് കളിച്ചിട്ടുണ്ട്. 149 മത്സരങ്ങള്‍ റൊണാള്‍ഡൊക്കൊപ്പം കളിച്ച ഓസില്‍ റോണോക്കൊപ്പം ചേര്‍ന്ന് ഏകദേശം 39 ഗോളുകളിലും പങ്കാളികളായിട്ടുണ്ട്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അവസാന നാളുകളില്‍ കോച്ച് എറിക് ടെന്‍ ഹാഗുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് റൊണാള്‍ഡോ ക്ലബ്ബ് വിടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് താരം യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്.