| Friday, 8th July 2022, 3:28 pm

ഇവന്‍മാര്‍ക്ക് തവള പിടിക്കാന്‍ പോക്കൂടേ; ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ആരാധക രോഷം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ ആദ്യ മത്സരം റോസ്ബൗളില്‍ വെച്ചായിരുന്നു നടന്നത്. സീരീസിലെ ആദ്യ മത്സരത്തില്‍ തന്നെ 50 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പരയില്‍ അപ്പര്‍ ഹാന്‍ഡ് നേടിയത്.

ഹര്‍ദിക് പാണ്ഡ്യയുടെയും മാസ്മരിക പ്രകടനവും ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ എന്നിവരുടെ വെടിക്കെട്ടും ബാറ്റിങ്ങില്‍ കരുത്തായപ്പോള്‍ ബൗളിങ്ങില്‍ ഭുവിയും സംഘവും നിറഞ്ഞാടി.

എന്നാല്‍, മറ്റൊരു ഡിപാര്‍ട്‌മെന്റില്‍ ഇന്ത്യ സമ്പൂര്‍ണ പരാജയമായിരുന്നു. ഇന്ത്യന്‍ ടീം ഫീല്‍ഡിങ്ങില്‍ വരുത്തിയ പിഴവ് ഒരിക്കലും പൊറുക്കാനാവാത്തതും നീതീകരിക്കാന്‍ സാധിക്കാത്തതുമായിരുന്നു.

ത്രീ ലയണ്‍സിന്റെ ആറ് ക്യാച്ചുകളായിരുന്നു ഇന്ത്യന്‍ സംഘം കൈവിട്ടുകളഞ്ഞത്. ഫീല്‍ഡിങ്ങില്‍ പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ അംഗീകരിക്കുകയും ചെയ്തിരുന്നു.

‘ഞങ്ങളെപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിക്കുന്നവരാണ്, എന്നാല്‍ ഇത് ഒരിക്കലും ഞങ്ങള്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതല്ല. പക്ഷേ, ഞങ്ങള്‍ ആ പ്രശ്‌നം പരിഹരിക്കുകയും ശക്തരായി തന്നെ തിരിച്ചുവരികയും ചെയ്യും,’ രോഹിത് ശര്‍മ പറഞ്ഞു.

എന്നാല്‍ രോഹിത് ശര്‍മയുടെ ഈ വിശദീകരണമൊന്നും ആരാധകര്‍ക്ക് പറഞ്ഞാല്‍ മനസിലാവാത്തതായിരുന്നു. ഇന്ത്യയുടെ ഫീല്‍ഡിങ് ഡിപ്പാര്‍ട്ടമെന്റിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു അവര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്, ദീപക് ഹൂഡ, യൂസ്വേന്ദ്ര ചഹല്‍, സൂര്യകുമാര്‍ യാദവ് തുടങ്ങിയ താരങ്ങളായിരുന്നു നിര്‍ണായക ക്യാച്ചുകള്‍ വിട്ടുകളഞ്ഞത്.

ദിനേഷ് കാര്‍ത്തിക്കായിരുന്നു ഇക്കൂട്ടത്തിലെ പ്രധാനി. അദ്ദേഹം മൂന്ന് ക്യാച്ചുകള്‍ വിട്ടുകളയുകയും സ്റ്റംപിങ് ചാന്‍സ് നഷ്ടപ്പെടുത്തയും ചെയ്തിരുന്നു.

ബൗളര്‍മാരുടെ മികച്ച പ്രകടനവും ഇംഗ്ലണ്ടിന്റെ മോശം ബാറ്റിങ്ങുമാണ് ഇന്ത്യയെ തുണച്ചത്. ഒരുപക്ഷേ മത്സരത്തില്‍ ഇന്ത്യ തോറ്റിരുന്നുവെങ്കില്‍, കാലങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തിയ കാര്‍ത്തിക്കിന്റെ അസ്തമയത്തിനും തുടക്കം കുറിച്ചേനെ.

ഇന്ത്യ ഫീല്‍ഡിങ്ങില്‍ ഇനിയും ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നുവെന്നും മോശം ഫീല്‍ഡിങ്ങാണ് അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിനയായതെന്നും ചൂണ്ടിക്കാട്ടുന്ന ആരാധകരും കുറവല്ല.

അതേസമയം, ബാറ്റര്‍മാരുടെ വെടിക്കെട്ടായിരുന്നു ഇന്ത്യയെ 198ല്‍ എത്തിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കം മുതലെ ആക്രമിച്ച് കളിക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ നേരത്തെ മടങ്ങിയെങ്കിലും രോഹിത്തും ദീപക് ഹൂഡയും ഇന്ത്യയെ ട്രാക്കിലാക്കി പിന്നീട് വന്ന സൂര്യകുമാര്‍ യാദവ് വെടിക്കെട്ട് നടത്തുകയായിരുന്നു.

എന്നാല്‍ ഇന്ത്യന്‍ നിരയിലെ യഥാര്‍ത്ഥ ഹീറോ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയായിരുന്നു ബാറ്റിങ്ങില്‍ 30 പന്തില്‍ 51 റണ്‍സ് നേടിയ ഹര്‍ദിക് ബൗളിങ്ങില്‍ നാല് വിക്കറ്റും നേടി. ഹര്‍ദിക്ക് തന്നെയായിരുന്നു കളിയിലെ താരവും.

സൂര്യകുമാര്‍ 19 പന്തില്‍ 39 റണ്‍സ് നേടിയപ്പോള്‍ ഹൂഡ 33ഉം രോഹിത് 24ഉം റണ്‍ നേടി. അക്സര്‍ പട്ടേലും ദിനേഷ് കാര്‍ത്തിക്കും ഫിനിഷിങ്ങില്‍ മോശമല്ലാത്ത പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ 198 എന്ന മികച്ച ടോട്ടല്‍ കരസ്ഥമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളിങ് നിര വരിഞ്ഞുമുറുക്കുകയായിരുന്നു. വെല്ലുവിളിയുമായെത്തിയ ക്യാപറ്റന്‍ ജോസ് ബട്‌ലര്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായപ്പോല്‍ തന്നെ ഇംഗ്ലീഷ് നിര അപകടം മണത്തു. തുടര്‍ന്ന വന്ന ബാറ്റര്‍മാര്‍ക്കും ചെറുത്തുനില്‍ക്കാന്‍ കഴിയാതെ വന്നതോടെ ഇംഗ്ലീഷ് പടയുടെ പോരാട്ടം 50 റണ്‍സകലെ അവസാനിച്ചു.

ശനിയാഴ്ച എഡ്ജ്ബാസ്റ്റണിലാണ് രണ്ടാം ട്വന്റി 20 മത്സരം.

Content Highlight:  Fans troll Indian team for dropping six catches in 1st T201

We use cookies to give you the best possible experience. Learn more