|

സെവന്‍ അപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറെ കണ്ടുകിട്ടി! അന്ന് ബാഴ്‌സയടിച്ചപ്പോഴും ഇങ്ങേര്, ഇപ്പോള്‍ ലിവര്‍പൂള്‍ അടിച്ചപ്പോഴും ഇങ്ങേര്

സ്പോര്‍ട്സ് ഡെസ്‌ക്

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നാണംകെടുത്തിക്കൊണ്ടായിരുന്നു ക്ലോപ്പിന്റെ കുട്ടികള്‍ അന്‍ഫീല്‍ഡില്‍ കളം നിറഞ്ഞാടിയത്. എതിരില്ലാത്ത ഏഴ് ഗോളിനായിരുന്നു ദി റെഡ്‌സ് റെഡ് ഡെവിള്‍സിനെ ആന്‍ഫീല്‍ഡില്‍ കുഴിച്ചുമൂടിയത്.

കോഡി ഗാഗ്‌പോ, ഡാര്‍വിന്‍ നൂനിയാസ്, മുഹമ്മദ് സല എന്നിവര്‍ രണ്ട് ഗോള്‍ വീതവും റോബര്‍ട്ടോ ഫെര്‍മീന്യോ ഒരു ഗോളുമാണ് യുണൈറ്റഡ് പോസ്റ്റിലേക്ക് അടിച്ചുകയറ്റിയത്.

മാഞ്ചസ്റ്ററിന്റെ ഈ തോല്‍വിക്ക് പിന്നാലെ മത്സരത്തിന്റെ കമന്റേറ്ററായ ഗാരി നെവിലിനെ ചുറ്റിപ്പറ്റിയും ചില ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. സ്‌കൈ സ്‌പോര്‍ട്‌സിന്റെ കമന്റേറ്ററും ഫുട്‌ബോള്‍ എക്‌സ്‌പേര്‍ട്ടുമായ നെവിലിനെ സെവന്‍ അപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ എന്നാണ് ചിലര്‍ വിളിക്കുന്നത്.

അതിന് ഒരു കാരണവുമുണ്ട്. ഇതിന് മുമ്പ് നടന്ന ഒരു മത്സരം 7-0ന് അവസാനിച്ചപ്പോള്‍ അന്ന് തോറ്റ ടീമിന്റെ കോച്ചായിരുന്നു നെവില്‍. 2016ല്‍ കോപ്പ ഡെല്‍ റേ മത്സരത്തിലായിരുന്നു ഫുട്‌ബോള്‍ ലോകത്തെ മറ്റൊരു സെവന്‍ അപ് മാച്ച് പിറന്നത്.

അന്ന് വലന്‍സിയയെ ബാഴ്‌സലോണയാണ് നാണംകെടുത്തി തോല്‍പിച്ചുവിട്ടത്. ക്യാമ്പ് നൗവില്‍ വെച്ച് നടന്ന മത്സരത്തില്‍ മെസിയും സുവാരസുമായിരുന്നു കറ്റാലന്‍മാരുടെ ഗോള്‍ സ്‌കോറര്‍മാര്‍. മെസി ഹാട്രിക് തികച്ച മത്സരത്തില്‍ നാല് ഗോളുകളാണ് സുവാരസ് വലന്‍സിയയുടെ വലയിലേക്ക് തൊടുത്തുവിട്ടത്.

മത്സരത്തിന്റെ 7, 12, 83, 88 മിനിട്ടുകളില്‍ സുവാരസ് സ്‌കോര്‍ ചെയ്തപ്പോള്‍, 29, 58, 74 മിനിട്ടുകളിലായിരുന്നു മെസി വല കുലുക്കിയത്.

ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ലിവര്‍പൂള്‍ മാഞ്ചസ്റ്ററിനെ തോല്‍പിച്ചുവിട്ടപ്പോള്‍ അതിന് സാക്ഷിയായി കളി വിവരണം നടത്തിയതിന് പിന്നാലെയാണ് നെവിലിനെ ആരാധകര്‍ എയറിലാക്കിയിരിക്കുന്നത്. നിരവധി ട്രോളുകളും ഇതിന് പിന്നാലെ എത്തുന്നുണ്ട്.

മാഞ്ചസ്റ്ററിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താനും ലിവര്‍പൂളിനായി. 25 മത്സരത്തില്‍ നിന്നും 12 ജയവും ആറ് സമനിലയും ഏഴ് തോല്‍വിയുമായി 42 പോയിന്റാണ് ലിവര്‍പൂളിനുള്ളത്.

പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ മാഞ്ചസ്റ്ററിന്റെ ആറാം തോല്‍വിയാണിത്. 25 മത്സരത്തില്‍ നിന്നും 15 ജയവുമായി 49 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് റെഡ് ഡെവിള്‍സ്.

Content highlight: Fans troll Gary Neville after Liverpool defeats Manchester United