ഏകദിന ക്രിക്കറ്റ് മരിച്ചെന്ന് പറഞ്ഞവരൊക്കെ കണ്ണ് തുറന്ന് കാണെടാ... ക്രിക്കറ്റിന് വേരോട്ടമില്ലാത്ത മണ്ണില്‍ പോലും അക്ഷരാര്‍ത്ഥത്തിലെ ജനസാഗരം
Sports News
ഏകദിന ക്രിക്കറ്റ് മരിച്ചെന്ന് പറഞ്ഞവരൊക്കെ കണ്ണ് തുറന്ന് കാണെടാ... ക്രിക്കറ്റിന് വേരോട്ടമില്ലാത്ത മണ്ണില്‍ പോലും അക്ഷരാര്‍ത്ഥത്തിലെ ജനസാഗരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th March 2023, 6:29 pm

ഏകദിന ക്രിക്കറ്റിന്റെ സൗന്ദര്യം വിളിച്ചോതുന്നതായിരുന്നു നേപ്പാളിലെ ടി.യു ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടന്ന യു.എ.ഇ – നേപ്പാള്‍ മത്സരം. റണ്ണടിച്ചും വിക്കറ്റ് വീഴ്ത്തിയും ഇരുടീമിന്റെയും താരങ്ങള്‍ കരുത്ത് കാട്ടിയപ്പോള്‍ ക്രിക്കറ്റ് ലോകത്തിന്റെയൊന്നാകെ മനം കവര്‍ന്നത് ഗ്രൗണ്ടിലെത്തിയ ആരാധകരായിരുന്നു.

മണല്‍ വാരിയെറിഞ്ഞാല്‍ താഴെയെത്താത്ത തരത്തിലായിരുന്നു ആളുകള്‍ ഗ്രൗണ്ടില്‍ തിങ്ങിക്കൂടിയത്. ഏകദിന മത്സരത്തിന്റെ കാലം കഴിഞ്ഞെന്നും ഇനി വണ്‍ ഡേ മാച്ചുകള്‍ കാണാന്‍ ആളുകളെത്തില്ലെന്നും വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഈ മത്സരം.

മത്സരത്തില്‍ ടോസ് നേടിയ യു.എ.ഇ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. യു.എ.ഇക്കായി ഓപ്പണറും ക്യാപ്റ്റനുമായ മുഹമ്മദ് വസീമും വണ്‍ ഡൗണ്‍ ബാറ്റര്‍ വിരിത്യ അരവിന്ദും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ കൂട്ടുകെട്ടാണ് ടീം സ്‌കോറിങ്ങിന് അടിത്തറയിട്ടത്.

വസീം 49 പന്തില്‍ നിന്നും 63 റണ്‍സ് നേടി പുറത്തായപ്പോള്‍ അരവിന്ദ് 94 റണ്‍സ് ടീം സ്‌കോറിലേക്ക് സംഭാവന ചെയ്ത് പുറത്തായി.

പിന്നാലെയെത്തിയവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ യു.എ.ഇ ഇന്നിങ്‌സിന്റെ വേഗം കുറഞ്ഞു. എന്നാല്‍ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ഏഴാമനായി കളത്തിലെത്തിയ ആസിഫ് ഖാന്‍ വെടിക്കെട്ടിന് തിരികൊളുത്തി. വെറും 41 പന്തില്‍ നിന്നും സെഞ്ച്വറി പൂര്‍ത്തിയാക്കിയ ആസിഫ് ഖാന്റെ ബാറ്റിന്റെ ചൂട് നേപ്പാള്‍ ശരിക്കുമറിഞ്ഞു.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ യു.എ.ഇ 310 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോം ടീമിന് തുടക്കം പാളിയിരുന്നു. ഒരു റണ്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായ നേപ്പാളിന് അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ടാം വിക്കറ്റും നഷ്ടമായി. 37 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും പോയ നേപ്പാള്‍ പരുങ്ങലിലായി.

എന്നാല്‍ ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ഓപ്പണറായ കുശാല്‍ ഭര്‍ടെല്‍ ആഞ്ഞടിച്ചുകൊണ്ടിരുന്നു. 35 പന്തില്‍ നിന്നും 50 റണ്‍സ് നേടിയാണ് കുശാല്‍ പുറത്തായത്.

മധ്യനിരയിലെ മികച്ച പ്രകടനമാണ് നേപ്പാളിന് കരുത്തായത്. 67 റണ്‍സ് നേടിയ ഭീം ഷാര്‍കിയും 52 റണ്‍സ് നേടിയ ആരിഫ് ഷെയ്ഖും 50 റണ്ണടിച്ച് ഗുയ്‌സന്‍ ഝായും നേപ്പാളിനായി കത്തിക്കയറി.

എന്നാല്‍ 44ാം ഓവറില്‍ മോശം കാലാവസ്ഥ മൂലം കളി തടസ്സപ്പെട്ടു. 44 ഓവറില്‍ ആറിന് 269 റണ്‍സ് എന്ന നിലയിലായിരുന്നു നേപ്പാള്‍. ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരം വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചപ്പോള്‍ നേപ്പാള്‍ ഒമ്പത് റണ്‍സിന് വിജയം സ്വന്തമാക്കുകയായിരുന്നു.

 

 

Content Highlight: Fans throng the ground to watch the UAE-Nepal match