ബി.സി.സി.ഐ സെലക്ടര്‍ ചേതന്‍ ശര്‍മ നടത്തിയ വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. സീ ന്യൂസ് നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് ശര്‍മ ബി.സി.സി.ഐയെക്കുറിച്ചും ഇന്ത്യന്‍ താരങ്ങളെ കുറിച്ചും ഗുരുതര ആരോപണങ്ങള്‍ നടത്തിയത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തിയ കൂട്ടത്തിലാണ് ചേതന്‍ സഞ്ജുവിന്റെ കാര്യം സംസാരിച്ചത്. സഞ്ജുവിനെ മനപൂര്‍വം തഴയുന്നതാണെന്ന് ആരോപണം നേരത്തെ ഉണ്ടായിരുന്നു. അത് ശരിവെക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് ശര്‍മ വെളിപ്പെടുത്തിയത്.
2015ല്‍ സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം നടത്തിയെങ്കിലും ഇപ്പോഴും ഏകദിനത്തിലോ ടി-20 ടീമുകളിലോ സ്ഥിരം അംഗമല്ല. കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, റിഷബ് പന്ത് എന്നിവരെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കുന്നതിനാല്‍ സഞ്ജുവിന് അപൂര്‍വം അവസരങ്ങള്‍ മാത്രമേ ലഭിക്കാറുള്ളൂ.
സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ട്വിറ്ററില്‍ ആരാധകര്‍ തങ്ങള്‍ക്കെതിരെ തിരിയുന്നു എന്നും സഞ്ജുവിന്റെ ആരാധകര്‍ ശല്യമാണെന്നും സ്റ്റിങ് ഓപ്പറേഷനില്‍ ശര്‍മ പറയുന്നതായി കേള്‍ക്കാം. ഇതോടൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും പ്രീതി നേടുന്നതിനായി പലപ്പോഴും തന്റെ വീട്ടില്‍ വരാറുണ്ടെന്നും ശര്‍മ പറഞ്ഞിരുന്നു.
വിവാദങ്ങള്‍ക്ക് പിന്നാലെ സെലക്ടര്‍മാരെ പരിഹസിച്ചും സഞ്ജുവിനെ പിന്തുണച്ചും രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. സഞ്ജുവിനോടുള്ള ബഹുമാനം കൂടിവരികയാണെന്നും അവസരത്തിനായി സഞ്ജു വാക്കിന് അവസരവാദികളായ സെലക്ടര്‍മാരുടെ കാലുപിടിക്കാന്‍ പോയില്ലല്ലോയെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു.
സഞ്ജു സ്വന്തം കഴിവില്‍ വിശ്വസിക്കുന്ന താരമാണെന്നും അദ്ദേഹത്തിന് അവസരം ചോദിച്ച് പോകേണ്ട കാര്യമില്ലെന്നും ട്വീറ്റുകളുണ്ട്.
സംഭവത്തില്‍ ബി.സി.സി.ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. സെലക്ടര്‍മാര്‍ നിരീക്ഷണത്തിലായതിനാല്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിന് ബി.സി.സി.ഐയുടെ വിലക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചേതന്‍ ശര്‍മയുടെ ഭാവി നിര്‍ണയിക്കുക ജയ് ഷാ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Content Highlights: Fans supports Sanju Samson after Chetan Sharma’s controversies in BCCI