ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് പലപ്പോഴായി മലയാളി താരം സഞ്ജു സാംസണെ മാറ്റി നിര്‍ത്തുന്നതിനെതിരെ ആരാധകര്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്താറുണ്ട്. ഇപ്പോള്‍ ഖത്തര്‍ ലോകകപ്പ് വേദിയില്‍ താരത്തിന് പിന്തുണയറിയിച്ചെത്തിയ മലയാളിയാരാധകരുടെ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഇന്നലെ നടന്ന മൂന്ന് മത്സരങ്ങളിലും ആരാധകര്‍ ഗ്യാലറിയിലിരുന്ന് സഞ്ജുവിന് പിന്തുണയറിയിക്കുന്ന ബോര്‍ഡുകള്‍ ഉയര്‍ത്തുകയായിരുന്നു. ഐ.പി.എല്ലില്‍ സഞ്ജുവിന്റെ ക്ലബ്ബായ രാജസ്ഥാന്‍ റോയല്‍സ് ഈ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
Sanju Samson. 💗pic.twitter.com/QxtQMz4188
— Rajasthan Royals (@rajasthanroyals) November 27, 2022
മലയാളികള്‍ നിരവധി പേര്‍ കളി കാണാന്‍ എത്തുന്നതാണ് പ്രതിഷേധത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ കാരണം. സഞ്ജുവിന്റെ ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്ററുകളുമായാണ് പലരും കളി കാണാനെത്തിയത്.
സഞ്ജുവിന് നീതി നല്‍കുക, അവഗണന അവസാനിപ്പിക്കുക തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളില്‍ കുറിച്ചിരിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ വലിയ മാധ്യമ ശദ്ധ പിടിച്ചുപറ്റുകയായിരുന്നു.
ന്യൂസിലാന്‍ഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഏകദിനത്തില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെയാണ് പ്രതിഷേധം.
കഴിഞ്ഞ മാച്ചില്‍ 38 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത് മികച്ച പ്രകടനം നടത്തിയ ശേഷമാണ് താരത്തെ ആദ്യ ഇലവനില്‍ നിന്നും ഒഴിവാക്കിയത്. ആറാം ബൗളറെ വേണ്ടതിനാലാണ് സഞ്ജുവിന് പകരം ദീപക് ഹൂഡയെ കളിപ്പിച്ചതെന്നാണ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ വാദം.
Everybody: Who are you supporting at the FIFA World Cup?
Us: pic.twitter.com/e66NRg78dh
— Rajasthan Royals (@rajasthanroyals) November 27, 2022
അതേസമയം, സഞ്ജുവിനായി നടത്തുന്ന പ്രതിഷേധങ്ങള്‍ താരത്തിന് തിരിച്ചടിയായേക്കുമോയെന്ന ആശങ്കയും പരക്കുന്നുണ്ട്. ആരാധകരുടെ ഈ പ്രവൃത്തിയില്‍ സഞ്ജുവിന് പങ്കില്ലെങ്കിലും താരത്തില്‍ ബോര്‍ഡിന് അപ്രീതി ഉണ്ടാക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങള്‍ ലോകകപ്പ് വേദികളില്‍ ഉയര്‍ത്താനും ആരാധകരില്‍ ചിലര്‍ പദ്ധതിയിടുന്നുണ്ട്. വരാനിരിക്കുന്ന ദിവസങ്ങളില്‍ സഞ്ജുവിന്റെ ചിത്രങ്ങള്‍ പതിപ്പിച്ച വസ്ത്രങ്ങള്‍ അണിഞ്ഞ് ഗ്യാലറികളിലെത്താനാണ് ആരാധകരില്‍ ചിലരുടെ പ്ലാന്‍.
Content Highlights: Fans supporting Sanju Samson at FIFA Qatar World Cup