ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. 19 പന്തില്‍ നിന്നും 18 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സ്‌കോട് ബോളണ്ടിന്റെ പന്തില്‍ കാമറൂണ്‍ ഗ്രീനിന് ‘ക്യാച്ച് നല്‍കിയാണ്’ ഗില്‍ പുറത്തായത്.
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ എട്ടാം ഓവറിലെ ആദ്യ പന്തിലാണ് ഗില്‍ പുറത്താകുന്നത്. ബോളണ്ടിന്റെ പന്ത് ബാക്ക് ഫൂട്ടിലിറിങ്ങി ഡിഫന്‍ഡ് ചെയ്യാനുള്ള ഗില്ലിന്റെ തീരുമാനം പിഴച്ചു. എക്‌സ്ട്രാ ബൗണ്‍സുണ്ടായിരുന്ന പന്ത് ബാറ്റില്‍ കൊള്ളുകയും സ്ലിപ്പില്‍ നിന്നിരുന്ന കാമറൂണ്‍ ഗ്രീന്‍ ക്യാച്ചെടുക്കുകയുമായിരുന്നു.
ക്യാച്ചിന് പിന്നാലെ ഓസീസ് ടീം ഒന്നടങ്കം ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍ ആ ക്യാച്ചില്‍ പൂര്‍ണ തൃപ്തനല്ലാതിരുന്ന ഗില്‍ മൂന്നാം അമ്പയറിന്റെ തീരുമാനം വരും വരെ ക്രീസില്‍ തുടര്‍ന്നു. ക്യാച്ചെടുക്കുമ്പോള്‍ പന്ത് ഗ്രൗണ്ടില്‍ തട്ടിയിരുന്നു എന്ന സംശയത്താലാണ് ഗില്‍ ക്രീസില്‍ തുടര്‍ന്നത്. സ്റ്റേഡിയത്തിലെ ആരാധകര്‍ക്കും ഇതേ സംശയമുണ്ടായിരുന്നു.
എന്നാല്‍ തേര്‍ഡ് അമ്പയറായിരുന്ന റിച്ചാര്‍ഡ് കാറ്റില്‍ബെറോ ഓസീസിന് അനുകൂലമായി വിധിയെഴുതിയതോടെ ഗില്‍ മടങ്ങി. എന്നാല്‍ ഈ തീരുമാനത്തെ കൂവലുകളോടെയാണ് ഓവലിലെ ആരാധകര്‍ സ്വീകരിച്ചത്. ‘ചീറ്റര്‍’ എന്ന ചാന്റുകളും സ്റ്റേഡിയത്തില്‍ ഉയര്‍ന്നിരുന്നു.
ഈ പുറത്താകല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. അമ്പയര്‍ കള്ളനാണെന്നും പക്ഷാപാതപരമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്നും ആരാധകര്‍ ആരോപിക്കുന്നു.
Third umpire while making that decision of Shubman Gill.
അതേസമയം, നിലവില്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 65 റണ്‍സ് എന്ന നിലയിലാണ്. 38 പന്തില്‍ നിന്നും 32 റണ്‍സുമായി രോഹിത് ശര്‍മയും പത്ത് പന്തില്‍ നിന്നും 13 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.
ആദ്യ ഇന്നിങ്‌സില്‍ നേടിയ വമ്പന്‍ ലീഡോടെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഓസീസ് 270ന് എട്ട് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ വിജയസക്ഷ്യം 444 ആയി തീരുമാനിക്കപ്പെട്ടു.
അര്‍ധ സെഞ്ച്വറി തികച്ച അലക്‌സ് കാരിയുടെ കരുത്തിലാണ് ഓസീസ് രണ്ടാം ഇന്നിങ്‌സ് സ്കോർ പടുത്തുയര്‍ത്തിയത്. 105 പന്തില്‍ നിന്നും പുറത്താകാതെ 66 റണ്‍സാണ് താരം നേടിയത്.
അലക്സ് കാരിക്ക് പുറമെ മികച്ച ഇന്നിങ്സ് പുറത്തെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും (41), മാര്‍നസ് ലബുഷാനും (41), സ്റ്റീവ് സ്മിത്തും (34) ഓസീസ് ഇന്നിങ്സില്‍ നിര്‍ണായകമായി.
Content Highlight: Fans slams umpire after Shubman Gill’s dismissal