| Wednesday, 18th January 2023, 10:41 pm

മത്സരത്തില്‍ ഇന്ത്യ വിജയിച്ചെങ്കിലും എയറിലായത് ഒരു മലയാളി; ഒരു ദയവും കാണിക്കാതെ സോഷ്യല്‍ മീഡിയ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ 12 റണ്‍സിന് ആതിഥേയര്‍ വിജയിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സിന്റെ വിജയലക്ഷ്യം ചെയ്‌സ് ചെയ്തിറങ്ങിയ കിവികളുടെ പോരാട്ടം 337 റണ്‍സില്‍ അവസാനിച്ചു.

സൂപ്പര്‍ താരം മൈക്കല്‍ ബ്രേസ്വാളിന്റെ കരുത്തില്‍ ന്യൂസിലാന്‍ഡ് വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ അതിന് അനുവദിച്ചില്ല. 78 പന്തില്‍ നിന്നും 140 റണ്‍സ് നേടിയാണ് ബ്രേസ്വാള്‍ പുറത്തായത്.

ഇന്ത്യക്കായി മുഹമ്മദ് സിറാജ് മനാല് വിക്കറ്റ് പിഴുതപ്പോള്‍ ഷര്‍ദുല്‍ താക്കൂറും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമിയും ഹര്‍ദിക് പാണ്ഡ്യയുമാണ് മറ്റ് വിക്കറ്റുകള്‍ വീഴ്ത്തിയത്.

മത്സരത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും അമ്പയറിങ്ങിലെ പോരായ്മകള്‍ കല്ലുകടിയായി. തെറ്റായ തീരുമാനത്തിന് പിന്നാലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ പുറത്തായതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

കിവീസ് ബൗളര്‍ ഡാരില്‍ മിച്ചലിന്റെ പന്തില്‍ പാണ്ഡ്യ ബൗള്‍ഡായി എന്നാണ് മൂന്നാം അമ്പയറും മലയാളിയുമായ കെ.എന്‍. അനന്തപദ്മനാഭന്‍ വിധി കല്‍പിച്ചത്. എന്നാല്‍ പന്ത് വിക്കറ്റില്‍ കൊണ്ടിട്ടില്ലെന്ന് റിപ്ലേയില്‍ വ്യക്തമായിരുന്നു. പന്തിന് പകരം വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ ടോം ലാഥമിന്റെ ഗ്ലൗസാണ് സ്റ്റംപില്‍ കൊണ്ടത്.

ഇതിന് പിന്നാലെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ തേര്‍ഡ് അമ്പയറെ നിര്‍ത്തിപ്പൊരിക്കുകയാണ്. ലോകത്തിലെ തന്നെ മോശം അമ്പയറിങ് എന്നും ഇത് ബംഗ്ലാദേശ് പ്രീമിയിര്‍ ലീഗിലെ അമ്പയറാണെന്നും വിമര്‍ശനമുയരുന്നുണ്ട്.

38 പന്തില്‍ മൂന്ന് ബൗണ്ടറികളടക്കം 28 റണ്‍സെടുത്ത് നില്‍ക്കവെയാണ് ഹര്‍ദിക് പുറത്തായത്. ശുഭ്മന്‍ ഗില്ലിനൊപ്പം മികച്ച കൂട്ടുകെട്ടുമായി ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കുന്നതിനിടെയാണ് തേര്‍ഡ് അമ്പയറുടെ തെറ്റായ തീരുമാനത്തെ തുടര്‍ന്ന് പുറത്താവുന്നത്.

ഹൈദരാബാദില്‍ വെച്ച് നടന്ന ആദ്യ മത്സരത്തില്‍ വിജയിച്ചതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്ക് സാധിച്ചു.

ജനുവരി 21നാണ് പരമ്പരയിലെ രണ്ടാം മത്സരം.

റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് പരമ്പരയിലെ രണ്ടാം മത്സരം. ഈ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

Content Highlight: Fans slams third umpire of India vs New Zealand 1st ODI

We use cookies to give you the best possible experience. Learn more