| Wednesday, 7th June 2023, 4:15 pm

ഈ ഫൈനലും ഇന്ത്യ തോല്‍ക്കും; ഫൈനലിലെത്തിച്ചവനെ പുറത്താക്കിയതില്‍ ആഞ്ഞടിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തിന് ഓവലില്‍ തുടക്കമായിരിക്കുകായാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ രാജാക്കന്‍മാര്‍ അവരുടെ സിംഹാസനത്തില്‍ അവരോധിക്കപ്പെടാന്‍ ഇനി അഞ്ച് നാളുകളുടെ മാത്രം കാത്തിരിപ്പാണുള്ളത്.

ഏറെ നാളുകളായി ഒരു ഐ.സി.സി കിരീടമില്ല എന്ന ചീത്തപ്പേരിന് തടയിടാനാണ് ഇന്ത്യ ഓവലിലേക്കിറങ്ങിയത്. ഒരു ദശാബ്ദത്തിനിപ്പുറം തങ്ങളുടെ ആദ്യ ഐ.സി.സി കിരീടം ലക്ഷ്യം വെക്കുന്ന ഇന്ത്യക്ക് ആരാധകരും നിറഞ്ഞ ആശസംകളും പ്രാര്‍ത്ഥനകളുമാണ് നല്‍കുന്നത്.

എന്നാല്‍ ഫൈനലിനുള്ള ഇലവനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു പറ്റം ആരാധകര്‍ കട്ടക്കലിപ്പിലാണ്. സൂപ്പര്‍ താരം ആര്‍. അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതാണ് ആരാധകരെ കലിപ്പാക്കിയിരിക്കുന്നത്.

നിലവില്‍ ഐ.സി.സിയുടെ ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തും ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്ന അശ്വിനെ ഒഴിവാക്കിയത് കടന്ന കൈ ആണെന്നാണ് ആരാധകര്‍ പറയുന്നത്.

ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ പ്രധാന പങ്കുവഹിച്ച താരമാണ് അശ്വിനെന്നും, അശ്വിന്‍ ഇല്ലെങ്കില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാകുമെന്നും ആരാധകര്‍ പറയുന്നു. ഓവലിലേത് ഫാസ്റ്റ് ബോള്‍ ട്രാക്ക് ആണെങ്കില്‍ക്കൂടിയും ഷര്‍ദുല്‍ താക്കൂറിനേക്കാള്‍ ഏറ്റവും മികച്ച ഓപ്ഷന്‍ അശ്വിന്‍ തന്നെയാണെന്നും ആരാധകര്‍ പറയുന്നു.

നേരത്തെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സ്പിന്നര്‍മാര്‍ ടീമിലുണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. മത്സരം പുരോഗമിക്കുമ്പോള്‍ പിച്ചിന്റെ ആനുകൂല്യം മുതലാക്കാന്‍ സ്പിന്നര്‍മാര്‍ക്ക് സാധിക്കുമെന്നാണ് സച്ചിന്‍ പറഞ്ഞത്.

അതേസമയം, മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് 22 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്.

മത്സരത്തിന്റെ നാലാം ഓവറിലാണ് ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. നാലാം ഓവറിന്റെ മൂന്നാം പന്തില്‍ മുഹമ്മദ് സിറാജാണ് ഓസീസിന് ആദ്യ ഷോക്ക് നല്‍കിയത്. ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ ഡക്കാക്കിക്കൊണ്ടാണ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് സിറാജ് മടക്കിയത്.

നിലവില്‍ 25 പന്തില്‍ നിന്നും 13 റണ്‍സുമായി ഡേവിഡ് വാര്‍ണറും 25 പന്തില്‍ നിന്നും എട്ട് റണ്‍സുമായി മാര്‍നസ് ലബുഷാനുമാണ് ക്രീസില്‍.

ഓസ്‌ട്രേലിയ ഇലവന്‍

ഡേവിഡ് വാര്‍ണര്‍, ഇസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.

ഇന്ത്യ ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിന്‍ക്യ രഹാനെ, എസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Content highlight:Fans slams team India for excluding R Ashwin from WTC playing eleven

We use cookies to give you the best possible experience. Learn more