തുടര്‍ച്ചയായ മൂന്നാം ഏകദിനത്തിലും ഗോള്‍ഡന്‍ ഡക്കായിക്കൊണ്ട് ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവ് ഏകദിനത്തിലെ തന്റെ കണ്‍സിസ്റ്റന്‍സി ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്.
ഏകദിനം കളിച്ചുപഠിക്കാന്‍ ക്യാപ്റ്റനും ക്രിക്കറ്റ് ബോര്‍ഡും ഇനിയും നിറയെ അവസരങ്ങള്‍ കൊടുക്കും എന്നതിനാല്‍ സ്‌ക്വാഡിലെ സ്ഥാനം സൂര്യകുമാറിന് തുടര്‍ന്നും കിട്ടാക്കനിയാകില്ല.
ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന മത്സരങ്ങളിലെല്ലാം തന്നെ ഗോള്‍ഡന്‍ ഡക്കായാണ് സൂര്യകുമാര്‍ യാദവ് വിമര്‍ശനങ്ങളേറ്റുവാങ്ങിയത്.
ഏകദിനത്തില്‍ മികച്ച സ്റ്റാറ്റ്‌സും കണക്കുകളുമുള്ള പല താരങ്ങളും ടീമിന് പുറത്ത് നില്‍ക്കുമ്പോഴാണ് സൂര്യകുമാറിന് ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ അവസരങ്ങള്‍ കിട്ടിക്കൊണ്ടേയിരിക്കുന്നത്.
ടി-20യില്‍ മിസ്റ്റര്‍ 360യാകുന്ന അതേ സമയത്താണ് ഏകദിന ഫോര്‍മാറ്റില്‍ താരം ബിഗ് സീറോയാകുന്നുന്നത്. വരാനിരിക്കുന്ന ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി റണ്‍സ് നേടുന്നത് കണ്ട് ഏകദിന ലോകകപ്പിലെ സ്‌ക്വാഡില്‍ ഇടം നല്‍കാന്‍ സെലക്ടര്‍മാര്‍ മത്സരിക്കും എന്ന കാര്യത്തില്‍ നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല.
ആദ്യ രണ്ട് മത്സരത്തിലും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടങ്ങിയായിരുന്നു താരം ഔട്ടായതെങ്കില്‍ ചെപ്പോക്കില്‍ വെച്ച് നടന്ന മൂന്നാം ഏകദിനത്തില്‍ ആഷ്ടണ്‍ അഗറിന് വിക്കറ്റ് സമ്മാനിച്ചുകൊണ്ടായിരുന്നു സൂര്യയുടെ മടക്കം.
മൂന്നാം മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായി മടങ്ങിയതോടെ ഒരു മോശം റെക്കോഡും താരത്തെ തേടിയെത്തിയിരിക്കുകയാണ്. ഏകദിന ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി മൂന്ന് തവണ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയ ആദ്യ ഇന്ത്യന്‍ താരം എന്ന അനാവശ്യ റെക്കോഡാണ് ,സൂര്യ തന്റെ പേരില്‍ കുറിച്ചത്.
36ാം ഓവറിലെ ആദ്യ പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച വിരാട് കോഹ്‌ലി പുറത്തായതിന് പിന്നാലെയാണ് സൂര്യകുമാര്‍ ക്രിസീലെത്തിയത്.
ക്രീസിലെത്തിയപാടെ ഒന്നും നോക്കാതെ നേരിട്ട ആദ്യ പന്തില്‍ തന്നെ ഔട്ടായി വിരാടിനേക്കാള്‍ മുമ്പേ സൂര്യകുമാര്‍ യാദവ് പവലിയനിലേക്ക് ഓടിയെത്തി.
താരത്തിന്റെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ആരാധകര്‍ ഒന്നടങ്കം കലിപ്പിലാണ്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ സൂര്യകുമാറിനോടും സെലക്ഷന്‍ കമ്മിറ്റിയോടുമുള്ള തങ്ങളുടെ അതൃപ്തി വ്യക്തമാക്കുന്നുണ്ട്.
അതേസമയം, മൂന്നാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. 22 റണ്‍സിനാണ് ഇന്ത്യയുടെ പരാജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1നാണ് ഇന്ത്യ അടിയറ വെച്ചിരിക്കുന്നത്. ഇതോടെ ഹോം ഗ്രൗണ്ടില്‍ ഏറെ നാളുകളായി പരമ്പര തോറ്റിട്ടില്ല എന്ന ഇന്ത്യയുടെ വിന്നിങ് സ്ട്രീക്കിനും വിരാമമായി.
Content Highlight: Fans slams Suryakumar Yadav after he scorded yet another golden duck