| Sunday, 19th March 2023, 6:16 pm

'വെറും ഫ്രോഡ്, ഇവനെയൊക്കെയാണ് ആ ലെജന്‍ഡുമായി താരതമ്യം ചെയ്തത്'

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ‘സംപൂജ്യ’നായി മടങ്ങിയതിന് പിന്നാലെ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനെതിരെ ആരാധകര്‍. ആദ്യ മത്സരത്തിന് സമാനമായി ഇത്തവണയും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി ഗോള്‍ഡന്‍ ഡക്കായിട്ടായിരുന്നു സൂര്യകുമാറിന്റെ മടക്കം.

നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായതോടെ സൂര്യകുമാര്‍ യാദവിനെതിരെ വിമര്‍ശന ശരങ്ങള്‍ ഉയരുകയാണ്. ടി-20 മാത്രം കളിക്കാന്‍ അറിയുന്ന ഇവനെയൊക്കെ ഏകദിനത്തിലും ടെസറ്റിലും ടീമില്‍ ഉള്‍പ്പെടുത്തുന്ന സെലക്ടര്‍മാരെ ആദ്യം അടിക്കണം, മിസ്റ്റര്‍ 360 എന്ന പേരില്‍ ഇവനെയൊക്കെയാണ് എ.ബി ഡി വില്ലിയേഴ്‌സുമായി താരതമ്യം ചെയ്തത്, ഇനിയെങ്കിലും സൂര്യകുമാറിന് ഏകദിനം കളിക്കാന്‍ സാധിക്കില്ല എന്ന കാര്യം സെലക്ടര്‍മാര്‍ മനസിലാക്കണം, തുടര്‍ന്ന് നീണ്ടുപോവുകയാണ് ആരാധകരുടെ അതൃപ്തികള്‍.

സൂര്യകുമാറിനെ പോലെ തന്നെയായിരുന്നു ഇന്ത്യന്‍ നിരയിലെ മറ്റ് ബാറ്റര്‍മാരുടെയും അവസ്ഥ. സൂര്യകുമാറിനൊപ്പം ശുഭ്മന്‍ ഗില്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ മൂന്ന് താരങ്ങള്‍ ഒറ്റയക്കത്തിനും പുറത്തായി. 35 പന്തില്‍ നിന്നും 31 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസിനായി ഫൈഫര്‍ തികച്ചപ്പോള്‍ സീന്‍ അബോട്ട് മൂന്നും നഥാന്‍ എല്ലിസ് രണ്ടും വിക്കറ്റ് വീഴ്ത്തി. ഒടുവില്‍ വെറും 26 ഓവറില്‍ ഇന്ത്യ 117ന് ഓള്‍ ഔട്ടായി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, മുഹമ്മദ് സിറാജ് എന്നിവരെയാണ് സ്റ്റാര്‍ക്ക് മടക്കിയത്.

118 റണ്‍സ് വിജയസക്ഷ്യവുമായി ഇറങ്ങിയ ഓസീസ് 11 ഓവറില്‍ വിജയം പിടിച്ചടക്കി. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് ഇന്ത്യ ഉയര്‍ത്തിയ ടാര്‍ഗെറ്റ് ഓസീസ് മറികടന്നത്.

ഓസീസിനായി ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ച്വറി തികച്ചു. 30 പന്തില്‍ നിന്നും പത്ത് ബൗണ്ടറിയുടെ അകമ്പടിയോടെ ഹെഡ് 51 റണ്ണടിച്ചപ്പോള്‍, 36 പന്തില്‍ നിന്നും ആറ് വീതം സിക്‌സറും ബൗണ്ടറിയും സ്വന്തമാക്കിയാണ് മിച്ചല്‍ മാര്‍ഷ് 66 റണ്‍സ് നേടിയത്.

പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കിയതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒപ്പമെത്താനും ഓസീസിനായി.

മാര്‍ച്ച് 22നാണ് പരമ്പരയുടെ സീരീസ് ഡിസൈഡര്‍ മത്സരം. ചെന്നെയിലെ ചിദംബരം സ്‌റ്റേഡിയമാണ് വേദി.

Content Highlight: Fans slams Suryakumar Yadav

We use cookies to give you the best possible experience. Learn more