കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഏറെ പ്രതീക്ഷവെച്ചിരുന്ന ഇനമായിരുന്നു വനിതകളുടെ ക്രിക്കറ്റ്. മികച്ച ഫോമില്‍ കളിക്കുന്ന മന്ദാനയും, ഷെഫാലി വര്‍മയും, രേണുകയുമടക്കമുള്ള താരങ്ങളും ക്യാപ്റ്റനായി ഹര്‍മന്‍പ്രീത് കൗറുമടങ്ങുന്ന ഇന്ത്യന്‍ നിരയുടെ പ്രകടനം ആരാധകരേയും ആവേശത്തിലാഴ്ത്തിയിരുന്നു.
സെമി ഫൈനല്‍ വരെ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ ഫൈനലില്‍ കളി മറക്കുകയായിരുന്നു. ഓസീസിനെതിരെ ജയിക്കാന്‍ സാധിക്കുമായിരുന്ന കലാശപ്പോരാട്ടത്തില്‍ പരാജയപ്പെട്ടായിരുന്നു ഇന്ത്യ നിരാശപ്പെടുത്തിയത്.
കോമണ്‍വെല്‍ത്തില്‍ വെള്ളി നേടിയ ഇന്ത്യയെ അഭിനന്ദിച്ച് നിരവധി താരങ്ങളെത്തിയിരുന്നു. ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും ഇന്ത്യന്‍ വനിതാ താരങ്ങളെ അഭിനന്ദിച്ച് ട്വീറ്റ് പങ്കുവെച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ട്വീറ്റിന് ഉദ്ദേശിച്ച പ്രതികരണമല്ല ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.
‘കോമണ്‍വെല്‍ത്തില്‍ വെള്ളി നേടിയ ഇന്ത്യന്‍ വനിതാ ടീമിന് അഭിനന്ദനങ്ങള്‍. പക്ഷേ അത് അവര്‍ക്ക് ജയിക്കാന്‍ സാധിക്കുന്ന കളിയായതിനാല്‍ നിരാശരായിട്ടാവും അവര്‍ മടങ്ങുന്നത്,’ എന്നായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്. ഇതിനെതിരെയാണ് ആരാധകര്‍ പരസ്യമായി രംഗത്തെത്തിയത്.
വെള്ളി നേടിയതിന്റെ പേരില്‍ ഇന്ത്യന്‍ വനിതാ ടീം ഒരിക്കലും നിരാശരാകേണ്ടി വരില്ലെന്നും, ഇത്തരത്തിലുള്ള ഒരു ബോര്‍ഡ് അധ്യക്ഷനെ ലഭിച്ചതിനാണ് അവര്‍ നിരാശപ്പെടേണ്ടത് എന്നായിരുന്നു ഒരാള്‍ പറഞ്ഞത്.
സൗരവ് ഗാംഗുലി നാണമില്ലാത്തവനാണെന്നും വെറും കോമാളിയാണെന്നും ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
അതേസമയം, സ്വര്‍ണപ്പോരാട്ടത്തില്‍ 9 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. 162 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാനാവാതെ ഇന്ത്യ ഒമ്പത് റണ്‍സകലെ കാലിടറി വീഴുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 161 എന്ന നിലയിലായിരുന്നു കളിയവസാനിപ്പിച്ചത്. ബെത് മൂണിയും മെഗ് ലാന്നിങ്ങുമായിരുന്നു ഓസീസിന് വേണ്ടി തിളങ്ങിയത്. 41 പന്തില്‍ നിന്നും 61 റണ്‍സുമായി മൂണിയും 26 പന്തില്‍ നിന്നും 36 റണ്‍സുമായി ലാന്നിങ്ങും തിളങ്ങി.
കൊവിഡ് ബാധിതയായ ടാഹ്‌ലിയ മഗ്രാത് ടീമിന് വേണ്ടി കളത്തിലിറങ്ങിയതടക്കമുള്ള വിവാദങ്ങള്‍ക്കിടിയില്‍ നിന്നായിരുന്നു ഓസീസ് തരക്കേടില്ലാത്ത സ്‌കോര്‍ കണ്ടെത്തയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മികച്ചതായിരുന്നില്ല. ഇന്ത്യന്‍ ടീമിന്റെ സൂപ്പര്‍ സ്റ്റാര്‍ സ്മൃതി മന്ദാനയെ തുടക്കത്തിലേ നഷ്ടമായെങ്കിലും ജെമിയ റോഡ്രിഗസും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും പൊരുതി.
33 പന്തില്‍ നിന്നും 33 റണ്‍സുമായി ജെമിയയും 43 പന്തില്‍ നിന്നും 65 റണ്‍സുമായി കൗറും ചെറുത്തുനിന്നെങ്കിലും ആ പ്രകടനം തോല്‍വി ഒഴിവാക്കാന്‍ പോന്നതായിരുന്നില്ല. കൗര്‍ പുറത്തായതോടെ പിന്നെല്ലാം ചടങ്ങ് മാത്രമായി.
Content Highlight: Fans slams Sourav Ganguly for tweet on India women’s cricket team’s Commonwealth Games loss