'ഈ ഫ്രോഡിനെ മുംബൈ ഇന്ത്യന്‍സ് കാശ് കൊടുത്ത് വാങ്ങിയില്ല എന്നതാണ് ഏറ്റവും വലിയ ആശ്വാസം'; പ്രതിഷേധം കനക്കുന്നു
WPL
'ഈ ഫ്രോഡിനെ മുംബൈ ഇന്ത്യന്‍സ് കാശ് കൊടുത്ത് വാങ്ങിയില്ല എന്നതാണ് ഏറ്റവും വലിയ ആശ്വാസം'; പ്രതിഷേധം കനക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th March 2023, 10:42 am

വമ്പന്‍ താരനിരയെ ടീമിലെത്തിച്ചിട്ടും തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കനത്ത പരാജയമായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് നേരിടേണ്ടി വന്നത്. ആദ്യ മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനോട് 60 റണ്‍സിന് പരാജയപ്പെട്ടപ്പോള്‍ കഴിഞ്ഞ ദിവസം മുംബൈക്കെതിരെ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ആര്‍.സി.ബിയുടെ പരാജയം.

മികച്ച തുകയ്ക്ക് ടീമിലെത്തിച്ച പല സൂപ്പര്‍ താരങ്ങളും രണ്ട് മത്സരത്തിലും നിറം മങ്ങിയിരുന്നു. മുംബൈക്കെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാന 23 റണ്‍സിന് പുറത്തായപ്പോള്‍ സോഫി ഡിവൈന്‍ 16ഉം അല്ലിസ് പെറി 13ഉം റണ്‍സ് നേടി പുറത്തായി. ദിഷ കസത്, ഹീതര്‍ നൈറ്റ് എന്നിവര്‍ പൂജ്യത്തിനായിരുന്നു മടങ്ങിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 156 റണ്‍സിന്റെ വിജയലക്ഷ്യം മുംബൈ ഒമ്പത് വിക്കറ്റും 34 പന്തും ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

ഈ തോല്‍വിക്ക് പിന്നാലെ ആരാധകര്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്‌സ് മെന്‍സ് ടീം കഴിഞ്ഞ 15 വര്‍ഷം കൊണ്ട് നിരാശപ്പെടുത്തിയത് മന്ദാനയും കൂട്ടരും വെറും 1.5 മത്സരം കൊണ്ട് മറികടന്നുവെന്നും മന്ദാനയെ പോലെ ഓവര്‍ ഹൈപ്ഡ് ആയ താരങ്ങളെ വിലകൊടുത്തുവാങ്ങാതിരുന്നതാണ് മുംബൈ ഇന്ത്യന്‍സിന്റെ വിജയമെന്നും ആരാധകര്‍ പറയുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ആരാധകരായി ഇരിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും തോല്‍വിയും അവഗണനയും മാത്രമാണ് തങ്ങള്‍ക്ക് ലഭിക്കാറുള്ളതെന്നും അവര്‍ പറയുന്നു.

അടിസ്ഥാന വിലയ്ക്ക് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ച വിന്‍ഡീസ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹെയ്‌ലി മാത്യൂസാണ് കഴിഞ്ഞ ദിവസം മന്ദാനയെയും സംഘത്തെയും തച്ചുടച്ചത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും വിരുതുകാണിച്ച മാത്യൂസ് ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരുന്നു.

നാല് ഓവര്‍ പന്തെറിഞ്ഞ് 28 റണ്‍സ് വഴങ്ങി മൂന്ന് മുന്‍നിര വിക്കറ്റുകളാണ് ഹെയ്‌ലി സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ സ്മൃതി മന്ദാന, ഹീതര്‍ നൈറ്റ്, റിച്ച ഘോഷ് എന്നിവരെയാണ് ഹെയ്‌ലി മാത്യൂസ് മടക്കിയത്.

ഹെയ്‌ലി മാത്യൂസിന് പുറമെ സയ്ക ഇഷാഖും കത്തിക്കയറിയിരുന്നു. നാല് ഓവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റാണ് താരം നേടിയത്.

ബൗളിങ്ങിലെ പ്രകടനത്തിന് പിന്നാലെ 38 പന്തില്‍ നിന്നും 77 റണ്‍സ് നേടിയ ഹെയ്‌ലി മാത്യൂസ് ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ബെംഗളൂരുവിന് ചരമഗീതം പാടി.

രണ്ട് മത്സരത്തില്‍ നിന്നും 124 റണ്‍സ് നേടിയ ഹെയ്‌ലി തന്നെയാണ് ഏറ്റവും മികച്ച റണ്‍ വേട്ടക്കാരിക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ആറ് വിക്കറ്റ് വീഴ്ത്തിയ സയ്ക ഇഷാഖാണ് നിലവില്‍ പര്‍പ്പിള്‍ ക്യാപ്പിന് ഉടമ.

സീസണിലെ ആദ്യ നാല് മത്സരം കഴിഞ്ഞപ്പോള്‍ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം ദല്‍ഹി ക്യാപ്പിറ്റല്‍സ് സൂപ്പര്‍ താരം ഷെഫാലി വര്‍മയുടെ വകയാണ്. ആര്‍.സി.ബിക്കെതിരായ മത്സരത്തില്‍ 84 റണ്‍സാണ് ഷെഫാലി നേടിയത്.

മികച്ച ബൗളിങ് പ്രകടനവും ക്യാപ്പിറ്റല്‍സ് നിരയില്‍ നിന്നും തന്നെയാണ്. ക്യാപ്പിറ്റല്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തില്‍ ടാര നോറിസിന്റെ 29 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന പ്രകടനമാണ് സീസണില്‍ ഇതുവരെയുള്ള തകര്‍പ്പന്‍ പ്രകടനം.

 

Content highlight: Fans slams Smriti Mandhana and RCB for poor performance