| Friday, 10th March 2023, 9:25 pm

'മൂന്നരക്കോടി! ഏറ്റവും വലിയ അഴിമതി'; അവസാനമില്ലാതെ തുടരുന്ന പ്രതിഷേധങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ വീണ്ടും മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ താരവും റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റനുമായ സ്മൃതി മന്ദാനക്കെതിരെ വിമര്‍ശനങ്ങള്‍. യു.പി വാറിയേഴ്‌സിനെതിരായ മത്സരത്തില്‍ ഒറ്റയക്കത്തിന് പുറത്തായതിന് പിന്നാലെയാണ് മന്ദാനക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്.

ആറ് പന്തില്‍ നിന്നും നാല് റണ്‍സ് മാത്രം എടുത്ത് നില്‍ക്കവെയാണ് മന്ദാന പുറത്തായത്. രാജേശ്വരി ഗെയ്ക്വാദിന്റെ പന്തില്‍ അഞ്ജലി സര്‍വാണിക്ക് ക്യാച്ച് നല്‍കിയാണ് മന്ദാന മടങ്ങിയത്.

ആദ്യ മൂന്ന് മത്സരത്തിലും ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ തോല്‍വിയടഞ്ഞ റോയല്‍ ചലഞ്ചേഴ്‌സിന് വിജയം അനിവാര്യമായ മത്സരത്തിലാണ് മന്ദാന പരാജയമായത് എന്നതാണ് ആരാധകരെ കലിപ്പാക്കിയിരിക്കുന്നത്.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലും മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചെങ്കിലും തുടര്‍ന്നുള്ള മത്സരത്തില്‍ അത് ആവര്‍ത്തിക്കാന്‍ മന്ദാനക്കായില്ല.

35 (23), 23 (17), 18 (14), 4 (6) എന്നിങ്ങനെയാണ് കഴിഞ്ഞ മത്സരങ്ങളില്‍ മന്ദാനയുടെ സ്‌കോര്‍.

ഇതുവരെ കളിച്ച നാല് മത്സരത്തില്‍ നിന്നും 60 പന്ത് നേരിട്ട മന്ദാന 80 റണ്‍സ് മാത്രമാണ് നേടിയത്. താരത്തിന്റെ ബാറ്റിങ് ആവറേജ് 20ഉം സ്‌ട്രൈക്ക് റേറ്റ് 133.33ഉം ആണ്.

നാലാം മത്സരത്തിലും മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ നിരവധി ട്രോളുകളും വിമര്‍ശനങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 3.40 കോടിക്ക് സ്മൃതി മന്ദാനയെ ടീമിലെത്തിച്ചാണ് ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെന്നും മത്സരം ജയിക്കണമെന്ന് മന്ദാനക്ക് പ്രത്യേക ഉദ്ദേശമൊന്നുമില്ലെന്നും ആരാധകര്‍ പറയുന്നു.

അതേസമയം, എല്ലിസ് പെറിയുടെ അര്‍ധ സെഞ്ച്വറിയുടെയും സോഫി ഡിവൈനിന്റെയും ഇന്നിങ്‌സുമാണ് ആര്‍.സി.ബിയെ വമ്പന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.

39 പന്തില്‍ നിന്നും ആറ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ പെറി 52 റണ്‍സ് നേടിയപ്പോള്‍ ഡിവൈന്‍ 24 പന്തില്‍ നിന്നും 36 റണ്‍സ് നേടി. പിന്നാലെയെത്തിയവര്‍ക്കൊന്നും കാര്യമായി ഒരു റോളും ഇല്ലാതെ വന്നപ്പോള്‍ ആര്‍.സി.ബി ഇന്നിങ്‌സ് 19.3 ഓവറില്‍ 138ന് ഓള്‍ ഔട്ടായി.

117 പന്തെറിഞ്ഞിട്ടും എക്‌സ്ട്രാ ഇനത്തില്‍ ഒരു റണ്‍സ് പോലും വിട്ടുകൊടുക്കാതെയാണ് വാറിയേഴ്‌സ് ബൗളിങ്ങില്‍ കരുത്ത് കാട്ടിയത്.

Content highlight: Fans slams Smriti Mandhana after poor innings against UP Warriorz

We use cookies to give you the best possible experience. Learn more