മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കമന്റേറ്ററാണ് ഷൈജു ദാമോദരന്‍. ഐ.എസ്.എല്‍ മത്സരങ്ങള്‍ കേരളത്തില്‍ ഇത്രത്തോളം ജനപ്രിയമാകാനുള്ള കാരണങ്ങളിലൊന്ന് ഷൈജു ദാമോദരന്റെ കമന്ററികളാണ്.
കാവ്യാത്മകമായ വരികള്‍ കൊണ്ട് ഫുട്‌ബോളിന്റെ ആവേശം ആരാധകരിലേക്കെത്തിക്കാന്‍ ഷൈജു ദാമോദരന് എന്നും സാധിച്ചിട്ടുണ്ട്. ‘അടയാളപ്പെടുത്തുക കാലമേ, ഇത് ഘടികാരങ്ങള്‍ നിലക്കുന്ന സമയം’ എന്ന ഷൈജു ദാമോദരന്റെ ഐക്കോണിക് വരികള്‍ കേള്‍ക്കാത്ത മലയാളികള്‍ ആരും തന്നെയുണ്ടാകില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഷൈജു ദാമോദരന്‍ എയറിലാണ്. കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരവുമായി നടത്തിയ അഭിമുഖം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചതോടെയാണ് ഷൈജുവിനെതിരെ വിമര്‍ശനങ്ങളുയരുന്നത്.
കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരത്തില്‍ ടീമിന്റെ വിജയനായകനായ ഇവാന്‍ കലൂഷ്‌നിയായിരുന്നു ഷൈജു ദാമോദരന്റെ അതിഥി. മത്സരത്തില്‍ 82ാം മിനിട്ടില്‍ കളത്തിലിറങ്ങിയ കലൂഷ്‌നി ഇരട്ട ഗോളുമായാണ് തിളങ്ങിയത്.
അഭിമുഖത്തിനിടെ താരത്തിന്റെ ഇടതുകാല്‍ തന്റെ മടിയില്‍ വെക്കാന്‍ ഷൈജു ദാമോദരന്‍ ആവശ്യപ്പെടുകയും താരത്തിന്റെ കാലില്‍ ചുംബിക്കുകയുമായിരുന്നു. ഇത് താന്‍ തരുന്നതല്ല, കേരളത്തിലെ മുഴുവന്‍ ആരാധകരും തരുന്നതാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഷൈജു ദാമോദരന്‍ കലൂഷ്‌നിയുടെ കാലില്‍ ചുംബിച്ചത്.
ഇതോടെ അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. താരത്തിന്റെ കാലില്‍ ചുംബിച്ചതിനല്ല, കേരളത്തിലെ എല്ലാവരും നല്‍കുന്ന ചുംബനം എന്ന് പറഞ്ഞ് ഉമ്മ വെച്ചതാണ് മലയാളികളെ ചൊടിപ്പിച്ചിരിക്കുന്നത്.
‘ഇവാന്റെ കാലില്‍ ഉമ്മ വെച്ച മലയാളികളില്‍ ഞാന്‍ ഇല്ല’ ‘നിനക്ക് കാല് നക്കണമെങ്കില്‍ നക്കിക്കോ, വെറുതെ കേരളത്തെ മുഴുവന്‍ അതിലേക്ക് വലിച്ചിഴക്കേണ്ട’ തുടങ്ങിയ വിമര്‍ശനങ്ങളാണ് ഷൈജു ദാമോദരന് നേരെ ഉയരുന്നത്.
അതേസമയം, ഐ.എസ്.എല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ആറ് മത്സരത്തില്‍ നിന്നും മൂന്ന് വീതം ജയവും തോല്‍വിയുമായി ഒമ്പത് പോയിന്റാണ് കൊമ്പന്‍മാര്‍ക്കുള്ളത്.
കഴിഞ്ഞ മത്സരത്തില്‍ എഫ്.സി ഗോവയെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് തോല്‍പിച്ചത്. ഏറെവര്‍ഷങ്ങളായി ഗോവയോട് ജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന ചീത്തപ്പേരാണ് ബ്ലാസ്‌റ്റേഴ്‌സ് ഈ വിജയത്തോടെ മാറ്റിയെടുത്തത്. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം.