ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്‌നി ടെസ്റ്റിലും നിരാശപ്പെടുത്തിയതിന് പിന്നാലെ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ 64 പന്തില്‍ 20 റണ്‍സ് നേടിയ ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ 15 പന്തില്‍ റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ഈ പരമ്പരയില്‍ മാത്രമല്ല, കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പുറത്ത് ബാറ്റ് ചെയ്ത ഒറ്റ മത്സരത്തില്‍ പോലും ഗില്ലിന് അര്‍ധ സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല.
28, 8, 17, 4, 13, 18, 6, 10, 29*, 2, 26, 36, 10, 31, 28, 1, 20, 13 എന്നിങ്ങനെയാണ് ഓവര്‍സീസ് പിച്ചുകളില്‍ കഴിഞ്ഞ കാലങ്ങളിലായി ഗില്ലിന്റെ പ്രകടനം. ഇന്ത്യയിലെ ഫ്‌ളാറ്റ് ട്രാക്കുകളില്‍ ബൗളര്‍മാരെ മര്‍ദിക്കുന്ന ഗില്‍ ബൗളര്‍മാര്‍ക്ക് നേരിയ അഡ്വാന്റേജുള്ള പിച്ചുകളില്‍ കളി മറക്കുകയാണ്.
താരത്തിന്റെ ഈ മോശം പ്രകടനത്തിന് പിന്നാലെ വിമര്‍ശനവുമായെത്തിയിരിക്കുകയാണ് ആരാധകര്‍. ഗില്ലിന് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ യോഗ്യതയില്ലെന്നും മൂന്നാം നമ്പറില്‍ മറ്റൊരു മികച്ച ബാറ്ററെ അപെക്‌സ് ബോര്‍ഡ് കണ്ടെത്തണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
ഗില്‍ ഓവര്‍ റേറ്റഡാണെന്നും ആഭ്യന്തര മത്സരങ്ങളില്‍ കളിച്ച് താരം കൂടുതല്‍ എക്‌സ്പീരിയന്‍സ് നേടിയതിന് ശേഷം മാത്രം ടീമിന്റെ ഭാഗമാക്കിയാല്‍ മതിയെന്നും ഇവര്‍ പറയുന്നു.
അതേസമയം, മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരുകയാണ്. നിലവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 എന്ന നിലയിലാണ് ഇന്ത്യ.
ആദ്യ ഇന്നിങ്സില്‍ നാല് റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യ നിലവില്‍ 145 റണ്‍സിന് മുമ്പിലാണ്.
സ്‌കോര്‍ (രണ്ടാം ദിവസം അവസാനിക്കുമ്പോള്‍)
ഇന്ത്യ 185 & 141/6 (32)
ഓസ്ട്രേലിയ: 181
പതിവുപോലെ വിരാട് കോഹ്‌ലിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പാടെ നിരാശപ്പെടുത്തിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്.
33 പന്ത് നേരിട്ട താരം 61 റണ്‍സ് നേടിയാണ് മടങ്ങിയത്. ടി-20 ശൈലിയില്‍ 184.85 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ താരം ആറ് ഫോറും നാല് സിക്സറും അടിച്ചുകൂട്ടിയിരുന്നു.
Content highlight: Fans slams Shubman Gill after his poor performance