‘ഇന്ത്യന്‍ മണ്ണ് വിട്ടാല്‍ വെറും ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രം’ ഇന്ത്യന്‍ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനെതിരെ ആരാധകര്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനങ്ങളിലൊന്നാണിത്. ആ വിമര്‍ശനങ്ങള്‍ വീണ്ടും വീണ്ടും ശരിവെക്കുന്ന തരത്തിലുള്ള മോശം പ്രകടനങ്ങളാണ് ഗല്ലിന്റെ ഭാഗത്ത് നിന്നും തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ നടക്കുന്ന ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയില്‍ താളം കണ്ടെത്താന്‍ സാധിക്കാതെ ഇരുട്ടില്‍ തപ്പുകയാണ് ഗില്‍. പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ താരം മൂന്നിലും ഫ്‌ളോപ്പായിരുന്നു.
പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും ഇരട്ടയക്കം കാണാതെയാണ് ഗില്‍ പുറത്തായത്. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടി-20യില്‍ നേടിയ ഏഴ് റണ്‍സാണ് പരമ്പരയിലിതുവരെ ഗില്ലിന്റെ ടോപ് സ്‌കോര്‍.
ഇതുവരെ നടന്ന മൂന്ന് മത്സരത്തില്‍ നിന്നും 5.33 എന്ന ശരാശരയിലും 55.17 എന്ന സ്‌ട്രൈക്ക് റേറ്റിലും 16 റണ്‍സാണ് ഗില്ലിന്റെ പേരിലുള്ളത്.
ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ആദ്യ ടി-20യില്‍ ഒമ്പത് പന്തില്‍ നിന്നും മൂന്ന് റണ്‍സ് നേടിയ ഗില്‍ രണ്ടാം മത്സരത്തില്‍ ഒമ്പത് പന്തില്‍ നിന്നും ഏഴ് റണ്‍സാണ് നേടിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാകട്ടെ 11 പന്തില്‍ നിന്നും ആറ് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
View this post on Instagram
താരത്തിന്റെ മോശം പ്രകടനത്തില്‍ ആരാധകരും ഏറെ നിരാശയിലാണ്. ‘സച്ചിന്റെയും വിരാടിന്റെയും പിന്‍മുറക്കാരനായി കണ്ടവന്‍ വിദേശ പിച്ചില്‍ റണ്‍സ് നേടാന്‍ പാടുപെടുന്നത് കാണാന്‍ സാധിക്കുന്നില്ല’, ‘വളര്‍ച്ചയുണ്ട്, പടവലം പോലെ താഴോട്ടാണ്’, ‘ഇന്ത്യന്‍ പിച്ചില്‍ പുലി, വിദേശ പിച്ചില്‍ വെറും എലി’ തുടങ്ങിയ കമന്റുകളാണ് ഗില്ലിനെതിരെ ആരാധകര്‍ ഉയര്‍ത്തുന്നത്.
ഐ.പി.എല്‍ 2023ന് മുമ്പ് നടന്ന ഇന്ത്യ – ശ്രീലങ്ക പരമ്പരയിലും ഇന്ത്യ – ന്യൂസിലാന്‍ഡ് പരമ്പരയിലും ഗില്ലിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഈ രണ്ട് പരമ്പരയിലെയും ആദ്യ രണ്ട് മത്സരത്തില്‍ ഒറ്റയക്കങ്ങള്‍ക്ക് പുറത്തായ താരം മൂന്നാം മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യന്‍ പിച്ചില്‍ നേടിയ സെഞ്ച്വറി ഇത് അടിവരയിടുന്നു.
ഐ.പി.എല്‍ 2023ലും ഗുജറാത്ത് ടൈറ്റന്‍സിനെ തുടര്‍ച്ചയായ രണ്ടാം ഫൈനലിലെത്തിക്കാന്‍ നിര്‍ണായക പങ്ക വഹിച്ചത് ഗില്‍ തന്നെയായിരുന്നു.
ഐ.പി.എല്ലില്‍ കളിച്ച 17 മത്സരത്തില്‍ നിന്നും 59.33 എന്ന ശരാശരിയിലും 157.80 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലും 890 റണ്‍സാണ് ഗില്‍ നേടിയത്. നാല് അര്‍ധ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും നേടിയ ഗില്ലിന്റെ ഉയര്‍ന്ന സ്‌കോര്‍ 129 ആണ്. ഇന്ത്യന്‍ പിച്ചിലെ താരത്തിന്റെ ഡോമിനന്‍സ് വിശദമാക്കുന്ന കണക്കുകളാണിത്.
ഇന്ത്യന്‍ മണ്ണില്‍ തകര്‍ത്തടിക്കുമ്പോഴും വിദേശ പിച്ചില്‍ ടി-20യില്‍ താരത്തിന്റെ മോശം ഫോം ആരാധകരെ നിരാശരാക്കുന്നുണ്ട്. സെന്‍ട്രല്‍ ബ്രാവാര്‍ഡ് റീജ്യണല്‍ പാര്‍ക്കില്‍ നടക്കുന്ന നാലാം മത്സരത്തില്‍ താരം ഗംഭീര തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content highlight: Fans slams Shubman Gill