ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം മത്സരത്തിലും പരാജയമായി സഞ്ജു സാംസണ്‍. ആദ്യ മത്സരത്തില്‍ 12 പന്തില്‍ നിന്നും 12 റണ്‍സ് നേടിയ സഞ്ജു രണ്ടാം മത്സരത്തല്‍ ഏഴ് പന്തില്‍ ഏഴ് റണ്‍സ് നേടിയാണ് പുറത്തായത്.
ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങിയ സഞ്ജു ഒരു ബൗണ്ടറിയുള്‍പ്പെടെയാണ് ഏഴ് റണ്‍സ് നേടിയത്. അകീല്‍ ഹൊസൈന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയുമായിരുന്നു.
സഞ്ജു പുറത്തായതിന് പിന്നാലെ താരത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുകയാണ്. ടി-20യില്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കാതെ കൂടുതല്‍ അവസരങ്ങള്‍ക്കായി കരഞ്ഞിട്ട് കാര്യമില്ലെന്നും ടീമില്‍ നിലനില്‍ക്കണമെന്ന് തങ്ങള്‍ക്ക് മാത്രം തോന്നിയതുകൊണ്ടായില്ല അത് സഞ്ജുവിനും കൂടെ തോന്നണമെന്നും ആരാധകര്‍ പറയുന്നു.
ക്രീസില്‍ നില്‍ക്കുമ്പോള്‍ അല്‍പം കൂടി ഉത്തരവാദിത്തം കാണിക്കണമെന്നും കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറിയ തിലക് വര്‍മയുടെ ഇന്നിങ്‌സ് കണ്ട് പഠിക്കാനും പറയുന്നവരും കുറവല്ല.
അതേസമയം, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. അര്‍ധ സെഞ്ച്വറി നേടിയ തിലക് വര്‍മയുടെ ഇന്നിങ്‌സിന്റെ കരുത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലേക്ക് ഉയര്‍ന്നത്.
41 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 51 റണ്‍സാണ് താരം നേടിയത്. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഫിഫ്റ്റിയാണിത്.
23 പന്തില്‍ 27 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍, 18 പന്തില്‍ 24 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. അവസാന പന്തുകളില്‍ റണ്‍സ് നേടിയ രവി ബിഷ്‌ണോയിയും അര്‍ഷ്ദീപ് സിങ്ങും ടോട്ടലിലേക്ക് തങ്ങളാലാകുന്നത് സംഭവാന ചെയ്തു.
വിന്‍ഡീസിനായി അല്‍സാരി ജോസഫ്, അകീല്‍ ഹൊസൈന്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പരയിലേക്ക് മടങ്ങിയെത്താന്‍ ഈ മത്സരത്തില്‍ വിജയം കൂടിയേ തീരൂ.
Content Highlight: Fans slams Sanju Samson