'സ്വന്തം കാണികള്‍ക്ക് മുമ്പില്‍ അവനെ കളിക്കാന്‍ അനുവദിക്കാതിരിക്കുക, ഭീരുവായ രോഹിത്തേ മികച്ച തീരുമാനം തന്നെ'
Sports News
'സ്വന്തം കാണികള്‍ക്ക് മുമ്പില്‍ അവനെ കളിക്കാന്‍ അനുവദിക്കാതിരിക്കുക, ഭീരുവായ രോഹിത്തേ മികച്ച തീരുമാനം തന്നെ'
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 18th January 2023, 4:06 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ച് നടക്കുകയാണ്. മൂന്ന് ഏകദിനവും അത്ര തന്നെ ടി-20യുമാണ് ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. ഏകദിന പരമ്പരയാണ് ആദ്യം നടക്കുന്നത്.

ആദ്യ മത്സരത്തില്‍ സ്റ്റാര്‍ പേസര്‍ ഉമ്രാന്‍ മാലിക്കിന് ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരെയാണ് ഫാസ്റ്റ് ബൗളിങ് ഓപ്ഷനായി ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മികച്ച പ്രകടനമായിരുന്നു ഉമ്രാന്‍ നടത്തിയത്. ഏകദിനത്തിലും ടി-20യിലും ഒരുപോലെ തിളങ്ങിയ ഉമ്രാന്‍ രണ്ട് ഫോര്‍മാറ്റിലും ഒരു ഇന്ത്യക്കാരന്റെ ഫാസ്റ്റസ്റ്റ് ഡെലിവെറിയും എറിഞ്ഞിരുന്നു.

 

എന്നാല്‍ ഈ മത്സരത്തില്‍, പ്രത്യേകിച്ചും ഹൈദരാബാദില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഉമ്രാനെ ഉള്‍പ്പെടുത്താത്തതില്‍ ആരാധകര്‍ കട്ട കലിപ്പിലാണ്. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഉമ്രാനെ കളിക്കാന്‍ അനുവദിക്കാത്തതാണ് അകരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് ഉമ്രാന്‍. ഏറെ നാളുകള്‍ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട കശ്മീരി എക്‌സ്പ്രസിന്റെ ബൗളിങ് കാണാന്‍ കൊതിച്ചെത്തിയ ആരാധകര്‍ നിരാശരാവുകയായിരുന്നു. ആ നിരാശ പൂര്‍ണമായും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രകടമാക്കുന്നുമുണ്ട്.

ഉമ്രാനെ ഉള്‍പ്പെടുത്താതിരിക്കാന്‍ ഒരു കാരണമെങ്കിലും പറഞ്ഞു തരണമെന്നും എന്ത് കണ്ടിട്ടാണ് ഷര്‍ദുല്‍ താക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

ആരാധകരുടെ ചില പ്രതികരണങ്ങള്‍…

അതേസമയം, ഇന്ത്യ മോശമല്ലാത്ത രീതിയില്‍ ബാറ്റിങ് തുടരുകയാണ്. സെഞ്ച്വറി തികച്ച ശുഭ്മന്‍ ഗില്ലിന്റെ കരുത്തില്‍ ഇന്ത്യ 31 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടിയിട്ടുണ്ട്. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

ഇന്ത്യ ഇലവന്‍

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

ന്യൂസിലാന്‍ഡ് ഇലവന്‍

ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വാള്‍, മൈക്കല്‍ സാന്റ്‌നര്‍, ഹെന്റി ഷിപ്‌ലി, ലോക്കി ഫെര്‍ഗൂസന്‍, ബ്ലയര്‍ ടിക്‌നര്‍.

 

Content highlight: Fans slams Rohit Sharma for not including Umran Malik in playing eleven