ഇന്ത്യ – സൗത്ത് ആഫ്രിക്ക ടി-20 പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. ഫീല്‍ഡിങ്ങില്‍ വരുത്തിയ പിഴവുകള്‍ ചൂണ്ടിക്കാണിച്ചാണ് ആരാധകര്‍ വിരാടിനെയും രോഹിത്തിനെയും വിമര്‍ശിക്കുന്നത്.
സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സില്‍ നെടുംതൂണായി നിന്ന ഏയ്ഡന്‍ മര്‍ക്രമിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് പിന്നാലെയാണ് ആരാധകര്‍ വിരാടിനെതിരെ തിരിഞ്ഞിരിക്കുന്നത്. ആര്‍. അശ്വിന്റെ പന്തില്‍ സിക്‌സറിന് ശ്രമിച്ച മര്‍ക്രമിന് പിഴച്ചു.
എന്നാല്‍ മര്‍ക്രമിന് ലൈഫ് ലഭിക്കുകയായിരുന്നു. ഡീപ് മിഡ് വിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മര്‍ക്രമിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയപ്പോള്‍ അശ്വിന്‍ തലയില്‍ കൈവെച്ച് നിന്നുപോയിരുന്നു. ഇന്ത്യന്‍ നിരയിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ വിരാടിന്റെ ഭാഗത്ത് നിന്നും സംഭവിച്ച ഈ പിഴവ് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരുന്നു.
രോഹിത് ശര്‍മയുടെ മോശം ഫീല്‍ഡിങ്ങും ആരാധകര്‍ ചര്‍ച്ചയാക്കുന്നുണ്ട്. സൂപ്പര്‍ താരം ഡേവിഡ് മില്ലറിനെ റണ്‍ ഔട്ടിലൂടെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം രോഹിത് ശര്‍മ കൈവിട്ടുകളയുകയായിരുന്നു.
മത്സരത്തിന്റെ 13ാം ഓവറില്‍ ഡേവിഡ് മില്ലറിനെ ഔട്ടാക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതിന്റെ തിരിച്ചടി അവസാന ഓവര്‍ വരെ നിലനിന്നിരുന്നു. സൗത്ത് ആഫ്രിക്കയുടെ വിജയ റണ്‍ കുറിച്ചത് ഇതേ ഡേവിഡ് മില്ലര്‍ ആണെന്നറിയുമ്പോഴാണ് രോഹിത്തിന്റെ പിഴവ് എത്രത്തോളം വലുതാണെന്ന് വ്യക്തമാകുന്ന് ആരാധകര്‍ പറയുന്നു.
സീനിയര്‍ താരങ്ങളുടെ പിഴവിന് പിന്നാലെ ആരാധകര്‍ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ തോല്‍വിക്ക് കാരണം സീനിയര്‍ താരങ്ങളാണെന്നും ഇവരുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ഒരു പിഴവ് സംഭവിച്ചുവെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും ആരാധകര്‍ പറയുന്നു.
അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 134 റണ്‍സിന്റെ വിജയലക്ഷ്യം സൗത്ത് ആഫ്രിക്ക അഞ്ച് വിക്കറ്റ് ബാക്കി നില്‍ക്കെ മറികടന്നിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ഏയ്ഡന്‍ മര്‍ക്രമും ഡേവിഡ് മില്ലറുമായിരുന്നു പ്രോട്ടീസിന്റെ വിജയശില്‍പികള്‍.
മര്‍ക്രം 41 പന്തില്‍ നിന്നും 52 റണ്‍സ് നേടി ഹര്‍ദിക് പാണ്ഡ്യക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയപ്പോള്‍ ഡേവിഡ് മില്ലര്‍ 46 പന്തില്‍ നിന്നും 59 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ഇന്ത്യക്കെതിരായ മത്സരത്തിന് പിന്നാലെ ഗ്രൂപ്പ് 2 പോയിന്റ് ടേബിളില്‍ ഒന്നാമതെത്താനും സൗത്ത് ആഫ്രിക്കക്കായി. മൂന്ന് മത്സരത്തില്‍ നിന്നും പരാജയമറിയാതെ എട്ട് പോയിന്റാണ് പ്രോട്ടീസിനുള്ളത്.