എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ററിന്റെ ജയം. ഇന്ററിന്റെ ടര്‍ക്കിഷ് ഇന്റര്‍നാഷണല്‍ ഹാകന്‍ കാല്‍ഹാനോഗ്ലു (Hakan Çalhanoglu) ആണ് മത്സരത്തിലെ ഏക ഗോള്‍ സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു ഹാകന്‍ ബാഴ്‌സ വലകുലുക്കിയത്.
മത്സരത്തില്‍ നിരവധി ചാന്‍സുകളുണ്ടായിട്ടും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ ബാഴ്‌സക്കായില്ല. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് ഒരിക്കല്‍ പോലും ഇന്റര്‍ ഗോള്‍കീപ്പറെ പരീക്ഷിക്കാനും സാധിച്ചിരുന്നില്ല.
കഴിഞ്ഞ മത്സരത്തില്‍ ലെവന്‍ഡോസ്‌കിക്ക് മറ്റ് മത്സരങ്ങളിലെ പോലെ കളം നിറഞ്ഞ് കളിക്കാനും സാധിച്ചില്ല. താരം മോശം പ്രകടനം കാഴ്ചവെക്കുകയും ബാഴ്‌സ തോല്‍ക്കുകയും ചെയ്തതോടെ ആരാധകര്‍ ലെവക്കെതിരെ രംഗത്തുവരികയായിരുന്നു.
വിക്ടോറിയ പ്ലസാനിയ പോലുള്ള കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ മാത്രം മികച്ച പ്രകടനം പുറത്തെടുക്കുന്ന ഒരു സാധാരണ താരം മാത്രമാണ് ലെവന്‍ഡോസ്‌കിയെന്ന് പരിഹസിക്കുന്നവരും കുറവല്ല.
അതേസമയം, കഴിഞ്ഞ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പില്‍ ബാഴ്‌സ മൂന്നാം സ്ഥാനത്തേക്ക് വീണു. മൂന്ന് മത്സരം കളിച്ച ബാഴ്‌സക്ക് വിക്ടോറിയ പ്ലസാനിയയോട് മാത്രമാണ് ജയിക്കാനായത്.
കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നും ജയിച്ച ബയേണാണ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍. ഇന്ററാണ് രണ്ടാം സ്ഥാനത്തുള്ളത്.
ലാ ലീഗയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി നില്‍ക്കവെയാണ് ചാമ്പ്യന്‍സ് ലീഗില്‍ മോശം പ്രകടനം തുടരുന്നത് എന്നതും ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്.