ഐ.പി.എല്‍ 2023ലെ അഞ്ചാം മത്സരവും പരാജയപ്പെട്ട് രാജസ്ഥാന് റോയല്‍സ് ഉഴറുകയണ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പോയിന്റ് ടേബിളിന്റെ തലപ്പത്തുണ്ടായിരുന്ന സഞ്ജുവും സംഘവും ഇപ്പോള്‍ പ്ലേ ഓഫില്‍ കടക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടാണ് രാജസ്ഥാന് റോയല്‍സ് വീണ്ടും ആരാധകരുടെ വിമര്‍ശനമേറ്റുവാങ്ങിയത്. എസ്.എം.എസ്സിലെ ഏറ്റവും മോശം തോല്‍വിയായിരുന്നു രാജസ്ഥാന് വഴങ്ങിയത്.
യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ദിവസത്തെ തോല്‍വി രാജസ്ഥാന് ചോദിച്ചുവാങ്ങിയതായിരുന്നു. അനാവശ്യമായി ബാറ്റിങ് ഓര്‍ഡറില്‍ നടത്തിയ പരീക്ഷണങ്ങളും ബെഞ്ച് സ്ട്രെങ്ത് വേണ്ടതുപോലെ ഉപയോഗിക്കാതിരുന്നതും ടീമിന് തിരിച്ചടിയായി.
ഇംപാക്ട് പ്ലെയറായെത്തിയ റിയാന്‍ പരാഗിനെക്കൊണ്ടും ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ആറ് പന്തില്‍ നിന്നും വെറും നാല് റണ്‍സാണ് താരം നേടിയത്. പോകുന്ന പോക്കില്‍ ഒരു റിവ്യൂവും താരം പാഴാക്കിയിരുന്നു.
ഇതിന് പിന്നാലെ റിയാന്‍ പരാഗിനെതിരെ ആരാധകരും രംഗത്തെത്തിയിരുന്നു. ഐ.പി.എല്‍ കണ്ട ഏറ്റവും വലിയ ഫ്രോഡാണ് റിയാന്‍ പരാഗെന്നും രാജസ്ഥാന് റോയല്‍സ് പരാഗിനെ ചുമക്കുന്നത് അവസാനിപ്പിക്കണമെന്നും ആരാധകര്‍ പറയുന്നു.
പല മത്സരങ്ങള്‍ ബെഞ്ചിലിരുന്ന ശേഷമാണ് താരം രാജസ്ഥാനായി ബാറ്റേന്തിയത്. എന്നാല്‍ ഒരു ചലനവുമുണ്ടാക്കാതെ പരാഗ് വന്നതുപോലെ മടങ്ങിയിരുന്നു.
വരും മത്സരത്തില്‍ പരാഗ് രാജസ്ഥാനൊപ്പമുണ്ടാകരുതേ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.
മെയ് ഏഴ് ഞായാറാഴ്ചയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍.
Content Highlight: Fans slams Riyan Parag