2022 ബാലണ്‍ ഡി ഓര്‍ പുരസ്‌കാര വിതരണത്തിന് ശേഷം മാഞ്ചസ്റ്റര്‍ സിറ്റി മുന്നേറ്റ താരം റിയാദ് മഹ്‌റെസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ബാലണ്‍ ഡി ഓര്‍ റാങ്കിങ്ങില്‍ 12ാം സ്ഥാനത്ത് വന്നതോടെയാണ് മഹ്‌റെസിനെതിരെ ഫുട്‌ബോള്‍ ആരാധകര്‍ രംഗത്തെത്തിയത്.
മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടം ചൂടിയ കഴിഞ്ഞ സീസണില്‍ മഹ്‌റെസ് ടീമിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ സീസണില്‍ വെറും ഒറ്റ പോയിന്റിന് ലിവര്‍പൂളിനെ പിന്തള്ളിയാണ് പെപ്പിന്റെ കുട്ടികള്‍ കിരീടമുയര്‍ത്തിയത്.
സീസണില്‍ മഹ്‌റെസ് 47 മത്സരത്തില്‍ നിന്നും 24 ഗോളും ഏഴ് അസിസ്റ്റും തന്റെ പേരിലാക്കിയിരുന്നു.
എന്നിരുന്നാലും ആഫ്രിക്ക നേഷന്‍സ് കപ്പില്‍ ദേശീയ ടീമായ അള്‍ജീരിയക്ക് വേണ്ടി താരത്തിന് ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചിരുന്നില്ല. മൂന്ന് മത്സരത്തില്‍ നിന്നും ഒറ്റ പോയിന്റ് മാത്രം നേടിയാണ് അള്‍ജീരിയ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായത്.
‘എന്തിന്റെ അടിസ്ഥാനത്തിലാണ് മഹ്‌റെസിന് 12ാം റാങ്ക് നല്‍കിയത്,’ ‘ആദ്യ 20ലെത്താന്‍ പോലും അവന്‍ യോഗ്യനല്ല,’ ‘ബാലണ്‍ ഡി ഓര്‍ അവസാനിച്ചത് വളരെയധികം നന്നായി, അല്ലെങ്കില്‍ ഇതുപോലുള്ള കാഴ്ചകള്‍ ഇനിയും കാണേണ്ടി വന്നേനേ,’ തുടങ്ങിയ കമന്റുകളാണ് ആരാധകര്‍ മഹ്‌റെസിനെതിരെ പങ്കുവെക്കുന്നത്.
ക്ലബ്ബ് മത്സരങ്ങളില്‍ മികവ് പുലര്‍ത്തുന്ന മഹ്‌റെസിന് ദേശീയ ടീമിനായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് ഇവരുടെ വിമര്‍ശനം. കരിയറില്‍ ഇതുവരെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കാന്‍ സാധിക്കാത്ത മഹ്‌റെസിന്റെ കരിയര്‍ ബെസ്റ്റ് ബാലണ്‍ ഡി ഓര്‍ റാങ്ക് ഏഴാണ്.
2016ല്‍ ലെസ്റ്റിനൊപ്പമുള്ളപ്പോഴാണ് താരം ബാലണ്‍ ഡി ഓര്‍ റാങ്കിങ്ങില്‍ ഏഴാമതെത്തിയത്. അന്ന് ആരും പ്രതീക്ഷിക്കാത്ത ലെസ്റ്ററിനെ കിരീടത്തിലേക്കെത്തിക്കാന്‍ മഹ്‌റെസ് വഹിച്ച പങ്ക് ചില്ലറയല്ല.
സിറ്റിക്കൊപ്പം ചേര്‍ന്ന 2019ല്‍ പത്താം സ്ഥാനത്തായിരുന്നു മഹ്‌റെസ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇരുപതാം റാങ്കിലായിരുന്നു സിറ്റിയുടെ മുന്നേറ്റ നിരയിലെ വിശ്വസ്തന്‍.
അതേസമയം, 2022 ബാലണ്‍ ഡി ഓറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ആണ് ക്ലബ്ബ് ഓഫ് ദി ഇയറായി തെരഞ്ഞെടുത്തിരിക്കുന്നത്.
റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കരീം ബെന്‍സെമയാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവ്. മെസി – റൊണാള്‍ഡോ എന്നിവരല്ലാതെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ബാലണ്‍ ഡി ഓര്‍ നേടുന്ന രണ്ടാമത് മാത്രം താരമാണ് ബെന്‍സെമ.
ബാഴ്‌സലോണയുടെ അലക്‌സിയ പുറ്റല്ലെസ്സാണ് വനിതാ വിഭാഗത്തില്‍ പരമോന്നത പുരസ്‌കാരത്തിന് അര്‍ഹയായത്. സ്‌പെയ്‌നിന്റെ അതിര്‍ത്തി കടന്ന് ബാലണ്‍ ഡി ഓര്‍ പുറത്ത് പോകാറില്ലെന്ന പതിവ് ആവര്‍ത്തിച്ച വര്‍ഷം കൂടിയായിരുന്നു 2022.
Content highlight: Fans slams Riyad Mahrez after Ballon de Or