Sports News
T20യില്‍ 27 പന്തില്‍ വെറും 10 റണ്‍സ്, ടീം തോറ്റത് എട്ട് റണ്ണിന്; കളി ഫിനിഷ് ചെയ്യേണ്ടവന്റെ ഏറ്റവും മോശം ഇന്നിങ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 31, 06:31 am
Wednesday, 31st January 2024, 12:01 pm

എസ്.എ20യില്‍ കഴിഞ്ഞ ദിവസം നടന്ന പ്രിട്ടോറിയ ക്യാപ്പിറ്റല്‍സ് – ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ ക്യാപ്പിറ്റല്‍സിന് പരാജയം രുചിക്കേണ്ടി വന്നിരുന്നു. കിങ്‌സ്മീഡില്‍ നടന്ന മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു ക്യാപ്പിറ്റല്‍സിന്റെ പരാജയം.

പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ജയം മാത്രം പ്രതീക്ഷിച്ചിറങ്ങിയ ക്യാപ്പിറ്റല്‍സിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പിക്കുന്നതായിരുന്നു ഈ പരാജയം.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൂപ്പര്‍ ജയന്റ്‌സ് തങ്ങളുടെ പതിവുശൈലിയില്‍ തന്നെ ആഞ്ഞടിച്ച് സ്‌കോര്‍ ഉയര്‍ത്തി. ഓപ്പണര്‍ മാത്യൂ ബ്രീറ്റ്‌സ്‌കി അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ മികച്ച ഇന്നിങ്‌സുമായി ഹെന്റിച്ച് ക്ലാസനും പിന്തുണ നല്‍കി.

46 പന്തില്‍ നിന്നും പത്ത് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 73 റണ്‍സാണ് ബ്രീറ്റ്‌സ്‌കി നേടിയത്. 158.70 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

18 പന്തില്‍ നിന്നും രണ്ട് സിക്‌സറും ഒരു ഫോറും ഉള്‍പ്പെടെ 30 റണ്‍സാണ് ക്ലാസന്‍ നേടിയത്. 21 റണ്‍സടിച്ച ജെ.ജെ. സ്മട്‌സ് മാത്രമാണ് ശേഷമെത്തിയവരില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റില്‍ 174 റണ്‍സാണ് സൂപ്പര്‍ ജയന്റ്‌സ് നേടിയത്.

ക്യാപ്പിറ്റല്‍സിനായി ഡാരിന്‍ ഡുപാവിലനും സോനുരന്‍ മുത്തുസ്വാമിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ വെയ്ന്‍ പാര്‍ണെല്‍, വില്‍ ജാക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിന് അക്കൗണ്ട് തുറക്കും മുമ്പേ ഫില്‍ സോള്‍ട്ടിനെ നഷ്ടമായി. വിയാന്‍ മുള്‍ഡറിന്റെ പന്തില്‍ ജൂനിയര്‍ ഡാല ക്യാച്ചെടുത്താണ് സോള്‍ട്ടിനെ പുറത്താക്കിയത്.

രണ്ടാം വിക്കറ്റില്‍ ക്യാപ്പിറ്റല്‍സ് 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വില്‍ ജാക്‌സും കൈല്‍ വെരായ്‌നെയുമാണ് സ്‌കോര്‍ ഉയര്‍ത്തിയത്.

ടീം സ്‌കോര്‍ 40ല്‍ നില്‍ക്കവെ 16 പന്തില്‍ 17 റണ്‍സടിച്ച വെരായ്‌നെയെ പുറത്താക്കി നവീന്‍ ഉള്‍ ഹഖ് സൂപ്പര്‍ ജയന്റ്‌സിന് ബ്രേക് ത്രൂ നല്‍കി.

നാലാം നമ്പറില്‍ കളത്തിലെത്തിയ റിലി റൂസോയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിയാണ് റൂസോ ബാറ്റ് വീശിയത്.

കളിക്കുന്ന ഫോര്‍മാറ്റ് ഏതാണെന്ന് മറന്നുപോയത് പോലെയാണ് താരം ബാറ്റ് വീശിയത്. 175 റണ്‍സ് ചെയ്യവെ 27 പന്ത് നേരിട്ട് ഒരു ബൗണ്ടറി പോലുമില്ലാതെ പത്ത് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. 37.04 സ്‌ട്രൈക്ക് റേറ്റ് മാത്രമാണ് കഴിഞ്ഞ മത്സരത്തില്‍ താരത്തിനുണ്ടായിരുന്നത്.

ഇതോടെ ടീമിന്റെ വിധിയും കുറിക്കപ്പെട്ട് കഴിഞ്ഞിരുന്നു. ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് റണ്‍സകലെ ക്യാപ്പിറ്റല്‍സ് പോരാട്ടം അവസാനിപ്പിച്ചു.

സൂപ്പര്‍ ജയന്റ്‌സിനായി ജൂനിയര്‍ ഡാല അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ നൂര്‍ അഹമ്മദ്. നവീന്‍ ഉള്‍ ഹഖ്, വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മത്സരത്തിലെ പരാജയത്തിന് പിന്നാലെ റൂസോക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

നിലവില്‍ എട്ട് മത്സരത്തില്‍ നിന്നും രണ്ട് ജയത്തോടെ 10 പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ക്യാപ്പിറ്റല്‍സ്.

 

Content highlight: Fans slams Riliee Rossouw after his bad innings against Durban’s Duper Giants