Advertisement
Sports News
ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതിന് എയറിലായത് ദ്രാവിഡ്; 19 വര്‍ഷത്തിനിപ്പുറവും ഒന്നും മറക്കാതെ ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jan 07, 12:58 pm
Saturday, 7th January 2023, 6:28 pm

ഓസ്‌ട്രേലിയ-സൗത്ത് ആഫ്രിക്ക പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 475 റണ്‍സിന് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. എന്നാല്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതിന് പിന്നാലെ ആരാധകര്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

ഓസീസ് താരം ഉസ്മാന്‍ ഖവാജയെ ഡബിള്‍ സെഞ്ച്വറി നേടാന്‍ അനുവദിക്കാതെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതോടെയാണ് കമ്മിന്‍സ് ആരാധകരുടെ മനസില്‍ വില്ലനായിരിക്കുന്നത്.

മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തുടരവെ 195 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഖവാജയെ അഞ്ച് റണ്‍സ് കൂടിയെടുത്ത് തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടാന്‍ പാറ്റ് കമ്മിന്‍സ് അനുവദിച്ചിരുന്നില്ല.

മത്സരത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 475 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് കമ്മിന്‍സ് ഓസീസിന്റെ ആദ്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. ഈ സമയം ഉസ്മാന്‍ ഖവാജ 368 പന്തില്‍ 19 ഫോറും ഒരു സിക്സുമടക്കം നേടി 195 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു.

രണ്ടോ മൂന്നോ ഓവറുകള്‍ കൂടി ഓസിസ് ബാറ്റിങ് തുടര്‍ന്നിരുന്നെങ്കില്‍ ഖവാജക്ക് ഇരട്ട സെഞ്ച്വറി നേടാന്‍ ഒരുപക്ഷെ സാധിക്കുമായിരുന്നുള്ളൂ. അതിനാല്‍ തന്നെ കമ്മിന്‍സിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. കമ്മിന്‍സ് ഒരു നല്ല ക്യാപ്റ്റന്‍ അല്ലെന്ന രീതിയിലും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനുമയരുന്നുണ്ട്.

എന്നാല്‍ കമ്മിന്‍സിനൊപ്പം തന്നെ എയറിലായ മറ്റൊരു താരം കൂടിയുണ്ട്, അത് മറ്റാരുമല്ല ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ. 2004ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ ഇരട്ട സെഞ്ച്വറി നേടാന്‍ അനുവദിക്കാതെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ദ്രാവിഡിന്റെ പ്രവര്‍ത്തിയോട് ചേര്‍ത്തുവെച്ചാണ് ആരാധകര്‍ കമ്മിന്‍സിനെ എയറില്‍ കയറ്റിയത്.

2004ല്‍ മുള്‍ട്ടാന്‍ ടെസ്റ്റിനിടെയായിരുന്നു ദ്രാവിഡ് സച്ചിനെ ഇരട്ട സെഞ്ച്വറി നേടാന്‍ സമ്മതിക്കാതെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. പാകിസ്ഥാനെതിരെ സച്ചിന്‍ 194ല്‍ നില്‍ക്കവെയായിരുന്നു ദ്രാവിഡ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

 

അതേസമയം, കമ്മിന്‍സിനെ ന്യായീകരിച്ചും ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

വെളിച്ചക്കുറവും മഴയും മൂലം മത്സരത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടതാണ് സിഡ്നിയില്‍ ഖവാജ ഇരട്ട സെഞ്ച്വറി നേടും വരെ ഓസിസിനെ ബാറ്റിങ് തുടറാന്‍ കമ്മിന്‍സ് അനുവദിക്കാതിരുന്നതിന് കാരണം എന്നാണ് ഒരു വിഭാഗം ആരാധകര്‍ വാദിക്കുന്നത്.

 

Content Highlight: Fans slams Rahul Dravid after Patt Cummins doesn’t allow Usman Khawaja to complete his double hundred