| Sunday, 9th October 2022, 8:25 am

'മെസിയോ ഇല്ല, ആ നായയാണെങ്കില്‍ കയറഴിഞ്ഞു പോവുകയും ചെയ്തു' 'ഒരിക്കലും മികച്ച താരമല്ല'; പി.എസ്.ജി സൂപ്പര്‍ താരത്തിനെതിരെ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ലീഗ് വണ്ണില്‍ നടന്ന മത്സരത്തില്‍ പാരീസ് സെന്റ് ഷെര്‍മാങ് സമനില വഴങ്ങിയിരുന്നു. മെസി കളത്തിലിറങ്ങാത്ത മത്സരത്തില്‍ 0-0 എന്ന നിലയിലാണ് പി.എസ്.ജി സ്‌റ്റേഡ് ഡി റെമിസിനോട് (Stade de Remis) സമനിലയില്‍ കുരുങ്ങിയത്.

മെസിയില്ലാതെ കളിക്കാനിറങ്ങിയ പി.എസ്.ജിക്ക് ആദ്യ പകുതിയില്‍ തന്നെ അടുത്ത തിരിച്ചടിയും നേരിട്ടിരുന്നു. കളിയുടെ 41ാം മിനിട്ടില്‍ സെര്‍ജിയോ റാമോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതോടെ പത്ത് പേരുമായിട്ടായിരുന്നു പി.എസ്.ജി ബാക്കി മത്സരം കളിച്ചത്.

റഫറിയോട് തര്‍ക്കിച്ചതിന്റെ പേരില്‍ 30 സെക്കന്റിനിടെ രണ്ട് മഞ്ഞ കാര്‍ഡ് കണ്ടാണ് താരം പുറത്തായത്. റാമോസിന്റെ കരിയറിലെ 28ാം ചുവപ്പ് കാര്‍ഡാണിത്. എന്നാല്‍ റാമോസ് പുറത്തായതിന്റെ ആനുകൂല്യം മുതലാക്കാനും റെമിസിന് സാധിച്ചില്ല.

റയല്‍ മാഡ്രിഡിന്റെ മുന്‍ നായകനെ സംബന്ധിച്ച് സീസണ്‍ തരക്കേടില്ലാതെ മുന്നോട്ട് പോവുകയായിരുന്നു. കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം പല മത്സരങ്ങളും കളിക്കാന്‍ സാധിക്കാതിരുന്ന താരം നിലവില്‍ പി.എസ്.ജിയുടെ ഏയ്‌സുകളില്‍ ഒരാളാണ്. സീസണില്‍ ഇതുവരെ 14 മത്സരം കളിച്ച താരം ഒരു ഗോളും തന്റെ പേരിലാക്കിയിട്ടുണ്ട്.

എന്നിരുന്നാലും കഴിഞ്ഞ മത്സരത്തില്‍ റെമിസ് പോലുള്ള കുഞ്ഞന്‍ ടീമിനോട് പരാജയപ്പെട്ടതിനും റാമോസ് പുറത്തായതിനും പിന്നാലെ ആരാധകര്‍ സൂപ്പര്‍ താരത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.

റാമോസിനെ കയറഴിഞ്ഞു പോയ നായയോട് താരതമ്യെപ്പെടുത്തിയും അദ്ദേഹവും ചുവപ്പ് കാര്‍ഡും തമ്മില്‍ വേര്‍പിരിയാനാവാത്ത ആത്മബന്ധമുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പി.എസ്.ജിയെ വിറപ്പിക്കാന്‍പോയിന്റ് പട്ടികയിലെ 14ാം സ്ഥാനക്കാര്‍ക്ക് സാധിച്ചിരുന്നു. അല്‍പം ശാരീരികമായിട്ടായിരുന്നു മത്സരം അവസാനിച്ചതും.

എട്ട് തവണയാണ് മത്സരത്തില്‍ റഫറിക്ക് മഞ്ഞ കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നത്. മൂന്ന് തവണ റെമിസ് താരങ്ങള്‍ക്കെതിരെയും അഞ്ച് തവണ എംബാപ്പെ അടക്കമുള്ള പി.എസ്.ജി താരങ്ങള്‍ക്കെതിരെയും റഫറി മഞ്ഞ കാര്‍ഡ് പുറത്തെടുത്തു.

കഴിഞ്ഞ മത്സരത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ പി.എസ്.ജി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പത്ത് മത്സരത്തില്‍ നിന്നും എട്ട് ജയവും രണ്ട് സമനിലയുമാണ് പി.എസ്.ജിക്കുള്ളത്.

പത്ത് മത്സരത്തില്‍ നിന്നും ഒരു ജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമാണ് പട്ടികയിലെ 14ാം സ്ഥാനക്കാരായ റെമിസിനുള്ളത്.

Content Highlight: Fans slams PSG super star Sergio Ramos

We use cookies to give you the best possible experience. Learn more