|

പി.എസ്.ജിയുമായി കരാര്‍ പുതുക്കുകയാണെങ്കില്‍ മെസി റൊണാള്‍ഡോയേക്കാള്‍ വലിയ മണ്ടനായിരിക്കാം; നാണംകെട്ട തോല്‍വിക്ക് പിന്നാലെ കട്ടക്കലിപ്പില്‍ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ് വണ്ണില്‍ മൊണാക്കോക്കെതിരായ മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ പി.എസ്.ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മൂന്നിനെതിരെ ഒരു ഗോളിനായിരുന്നു പി.എസ്.ജിയുടെ തോല്‍വി.

മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം നിലനിര്‍ത്തിക്കൊണ്ടായിരുന്നു മൊണാക്കോ വിജയം പിടിച്ചടക്കിയത്. ഷോട്ടുകളുടെ എണ്ണത്തിലും ഷോട്ട് ഓണ്‍ ടാര്‍ഗെറ്റുകളുടെ കണക്കിലും പി.എസ്.ജിയെ നിഷ്പ്രഭമാക്കി മൊണാക്കോ തന്നെ മുന്നിട്ടുനില്‍ക്കുകയായിരുന്നു.

മത്സരത്തിന്റെ നാലാം മിനിട്ടില്‍ തന്നെ ഗോളടിച്ച് മൊണാക്കോ പാരീസ് വമ്പന്‍മാരെ ഞെട്ടിച്ചിരുന്നു. അലക്‌സാണ്ടര്‍ ഗോലോവിനാണ് മൊണോക്കോയുടെ ആദ്യ ഗോള്‍ നേടിയത്.

19ാം മിനിട്ടില്‍ വിസാം ബെന്‍ യെദറിലൂടെ ഗോള്‍നേട്ടം രണ്ടായി ഉയര്‍ത്തിയ മൊണാക്കോ വീണ്ടും ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. എമരിയിലൂടെ 39ാം മിനിട്ടില്‍ പി.എസ്.ജി തിരിച്ചടിച്ചെങ്കിലും ആദ്യ പകുതിയുടെ ആഡ് ഓണ്‍ സമയത്ത് യെദര്‍ മൊണാക്കോയുടെ മൂന്നാം ഗോളും വലയിലാക്കി.

ഇതിന് പിന്നാലെയാണ് ആരാധകര്‍ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ കയ്യടക്കിയത്.

ടീമിന്റെ പ്രതിരോധ നിരക്കെതിരെയാണ് പ്രധാനമായും വിമര്‍ശനമുയരുന്നത്. പി.എസ്ജിയുടെ തോല്‍വിക്കായി സൗദിയിലിരുന്ന് റോണാള്‍ഡോ കൂടോത്രം ചെയ്തുവെന്ന് പറയുന്നവരും കുറവല്ല.

മെസി പി.എസ്.ജിയുമായി കരാര്‍ പുതുക്കരുതെന്നും അങ്ങനെ ചെയ്യുകയാണെങ്കില്‍ ഏറ്റവും വലിയ മണ്ടത്തരമാകുമെന്നും ആരാധകര്‍ പറയുന്നു.

അതേസമയം, മൊണോക്കോക്കെതിരെ തോറ്റെങ്കിലും പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരാന്‍ പി.എസ്.ജിക്കായി. സീസണിലെ ടീമിന്റെ മൂന്നാം തോല്‍വിയാണിത്.

23 മത്സരത്തില്‍ നിന്നും 17 വിജയവും മൂന്ന് വീതം തോല്‍വിയും സമനിലയുമായി 54 പോയിന്റാണ് പി.എസ്.ജിക്കുള്ളത്. 49 പോയിന്റുമായി മാഴ്‌സെ രണ്ടാമതും 47 പോയിന്റുമായി മൊണാക്കോ മൂന്നാം സ്ഥാനത്തുമാണ്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. ഫെബ്രുവരി 15ന് പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചാണ് ബയേണുമായുള്ള ആദ്യ പാദ മത്സരം നടക്കുന്നത്.

Content Highlight: Fans slams PSG after their lost against Monaco