കഴിഞ്ഞ ദിവസം ലീഗ് വണ്ണില്‍ നടന്ന പി.എസ്.ജി – റെമിസ് മത്സരത്തിന് പിന്നാലെ ആരാധകര്‍ കട്ട കലിപ്പിലായിരുന്നു. എളുപ്പം ഗോളടിച്ച് ജയിക്കാന്‍ സാധിക്കും എന്ന് കരുതിയ മത്സരമായിരുന്നു പി.എസ്.ജി ഗോള്‍ രഹിത സമനിലയില്‍ അവസാനിപ്പിച്ചത്.
പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും 14ാം സ്ഥാനക്കാരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ആ ഡോമിനേഷന്‍ പുറത്തെടുക്കാന്‍ പി.എസ്.ജിക്കായില്ല.
കഴിഞ്ഞ മത്സരത്തില്‍ മെസി കളത്തിലിറങ്ങാത്തതും ആദ്യ പകുതി അവസാനിക്കാന്‍ നാല് മിനിട്ട് ബാക്കിയുള്ളപ്പോള്‍ സെര്‍ജിയോ റാമോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതും പി.എസ്.ജിക്ക് തിരിച്ചടിയായി.
പത്ത് പേരായി ചുരുങ്ങിയ പി.എസ്.ജി തോല്‍ക്കാതെ രക്ഷപ്പെട്ടു എന്നത് മാത്രമാണ് കഴിഞ്ഞ മത്സരത്തില്‍ എടുത്ത് പറയാനുണ്ടായിരുന്നത്.
കഴിഞ്ഞ മത്സരത്തില്‍ പി.എസ്.ജിക്ക് ഒറ്റ ഗോള്‍ പോലും നേടാന്‍ സാധിക്കാത്തത് ആരാധകരെ ചില്ലറയൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. ഈ ദേഷ്യം മുഴുവന്‍ ഇവര്‍ തീര്‍ക്കുന്നത് പി.എസ്.ജിയുടെ മുന്നേറ്റ താരം കിലിയന്‍ എംബാപ്പെയോടാണ്.
മെസിയും നെയ്മറും ഇല്ലാത്ത സ്റ്റാര്‍ട്ടിങ് ഇലവന്റെ അറ്റാക്കിങ്ങിനെ നയിക്കേണ്ടിയിരുന്നത് എംബാപ്പെയായിരുന്നു. എന്നാല്‍ അതില്‍ പൂര്‍ണമായും പരാജയപ്പെട്ട എംബാപ്പെ ഒരു മഞ്ഞ കാര്‍ഡും വഴങ്ങിയിരുന്നു.
കഴിഞ്ഞ മത്സരത്തിന് പിന്നാലെ എംബാപ്പെയെ എര്‍ലിങ് ഹാലണ്ടിനൊപ്പം താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്നും ആരാധകര്‍ പറയുന്നു. എല്ലാ മത്സരത്തിലും ഗോള്‍ നേടുന്ന ഹാലണ്ടിനെ ഒരിക്കലും എംബാപ്പെയുമായി കംപെയര്‍ ചെയ്യരുതെന്നാണ് ഇവരുടെ ആവശ്യം.
എന്നിരുന്നാലും എംബാപ്പെയെ വെറുതെ വിടാനും ആരാധകര്‍ ഒരുക്കമായിരുന്നില്ല. ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ ഭാഷയിലാണ് ആരാധകര്‍ എംബാപ്പെക്കെതിരെ രംഗത്തുവന്നത്.
Psg would always be an average team as long as there is “No Messi” playing… you see that mbappe, that guy na 419 the greatest fraud ever … pic.twitter.com/gidLhGlIJR
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പി.എസ്.ജിയെ വിറപ്പിക്കാന്‍ പോയിന്റ് പട്ടികയിലെ 14ാം സ്ഥാനക്കാര്‍ക്ക് സാധിച്ചിരുന്നു. അല്‍പം ശാരീരികമായിട്ടായിരുന്നു മത്സരം അവസാനിച്ചതും.
എട്ട് തവണയാണ് മത്സരത്തില്‍ റഫറിക്ക് മഞ്ഞ കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നത്. മൂന്ന് തവണ റെമിസ് താരങ്ങള്‍ക്കെതിരെയും അഞ്ച് തവണ പി.എസ്.ജി താരങ്ങള്‍ക്കെതിരെയും റഫറി മഞ്ഞ കാര്‍ഡ് പുറത്തെടുത്തു.
കഴിഞ്ഞ മത്സരത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ പി.എസ്.ജി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പത്ത് മത്സരത്തില്‍ നിന്നും എട്ട് ജയവും രണ്ട് സമനിലയുമാണ് പി.എസ്.ജിക്കുള്ളത്.
പത്ത് മത്സരത്തില്‍ നിന്നും ഒരു ജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമാണ് പട്ടികയിലെ 14ാം സ്ഥാനക്കാരായ റെമിസിനുള്ളത്.
ലീഗ് വണ്ണില്‍ മാഴ്‌സലെക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. ഒക്ടോബര്‍ 17ന് പി.എസ്.ജിയുടെ ഹോം സ്‌റ്റേഡിയമായ പാര്‍ക് ഡെസ് പ്രിന്‍സെസില്‍ വെച്ചാണ് മത്സരം നടക്കുന്നത്.
Content highlight: Fans slams Kylian Mbappe after a draw against Remis