| Sunday, 20th August 2023, 3:23 pm

'ഇവന് മെസിയോടും നെയ്മറിനോടും വെറുപ്പായിരുന്നു, മെയ്‌നാകണമെന്ന ചിന്ത മാത്രം'; ഗോളടിച്ചിട്ടും എംബാപ്പെക്കെതിരെ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

പുതിയ സീസണിലെ രണ്ടാം മത്സരത്തിലും സമനില വഴങ്ങിയാണ് പി.എസ്.ജി തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്റ്റേഡിയം മുനിസിപ്പലില്‍ നടന്ന ടൗലൗസ് – പി.എസ്.ജി മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടി ഇരുവരും സമനില പാലിക്കുകയായിരുന്നു.

നെയ്മറിന്റെ ട്രാന്‍സ്ഫര്‍ പൂര്‍ണമായതിന് പിന്നാലെ പി.എസ്.ജി കളിച്ച ആദ്യ മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തില്‍ എം.ബാപ്പെയാണ് പി.എസ്.ജിക്കായി ഗോള്‍ നേടിയത്.

മത്സരത്തിന്റെ 62ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയാണ് എംബാപ്പെ ഗോള്‍ നേടിയത്. ഈ ഗോള്‍ നേട്ടത്തിന് ശേഷമുള്ള എംബാപ്പെയുടെ ഹൈപ്പര്‍ എക്‌സൈറ്റഡ് ആഘോഷവും വൈറലായിരുന്നു. ഇത്തരത്തില്‍ എംബാപ്പെ ഒരു ഗോള്‍ ആഘോഷം മുമ്പെങ്ങും തന്നെ നടത്തിയിട്ടുമുണ്ടായിരുന്നില്ല.

പി.എസ്.ജിയുമായുള്ള പിണക്കങ്ങള്‍ തീര്‍ത്ത് താരം ടീമിലെത്തിയതിന് പിന്നാലെയായിരുന്നു ഈ ഗോളും പിറന്നത്. പി.എസ്.ജി മാനേജ്‌മെന്റുമായി ഉടക്കിയ താരം റയല്‍ മാഡ്രിഡിലേക്ക് ചേക്കറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതെല്ലാം കാറ്റില്‍ പറത്തി എംബാപ്പെ പാര്‍ക് ഡെസ് പ്രിന്‍സെസില്‍ തുടരുകയായിരുന്നു.

എന്നാല്‍ ഈ ഗോള്‍ നേട്ടത്തിലും ആഘോഷത്തിലും ആരാധകര്‍ അത്രകണ്ട് ഹാപ്പിയല്ല. മെസിയും നെയ്മറും ടീം വിടാനുള്ള പ്രധാന കാരണം എംബാപ്പെയാണെന്നാണ് ഇവര്‍ പറയുന്നത്.

ഇരുവരോടും എംബാപ്പെക്ക് വെറുപ്പായിരുന്നുവെന്നും താരത്തിന്റെ ഈഗോ കാരണമാണ് മെസിക്കും നെയ്മറിനും ടീം വിടേണ്ടി വന്നതെന്നും ആരാധകര്‍ പറയുന്നു. പി.എസ്.ജിയില്‍ ഒറ്റക്ക് തിളങ്ങാന്‍ വേണ്ടി ഫ്രഞ്ച് സൂപ്പര്‍ താരം നടത്തിയ നാടകമായിരുന്നു എല്ലാം എന്നും ആരാധകര്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്.

നെയ്മറിനെ ടീമില്‍ നിന്നും പുറത്താക്കി ആ സ്ഥാനത്തേക്ക് ബാഴ്‌സയില്‍ നിന്നും ഒസ്മാനെ ഡെംബാലെയെ കൊണ്ടുവരാനുള്ള എംബാപ്പെയുടെയും പി.എസ്.ജിയുടെയും നാടകത്തിന്റെ ഭാഗമായാണ് എംബാപ്പെ ടീം വിടുമെന്ന് പ്രഖ്യാപിച്ചതും തുടര്‍ന്ന് നടന്ന സംഭവങ്ങളുമെന്നാണ് പ്രമുഖ ബ്രസീലിയന്‍ മാധ്യമമായ ഗ്ലോബോ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തത്.

ബാഴ്സലോണയില്‍ നിന്ന് ഇതിനകം ഡെംബലെയെ പി.എസ്.ജിയിലെത്തിച്ചുവെന്നും നെയ്മറും അല്‍ ഹിലാലും തമ്മിലുള്ള ഡീലിങ്സില്‍ തീരുമാനമായതോടെ ജപ്പാനില്‍ വെച്ചുനടന്ന പ്രീ സീസണ്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന എംബാപ്പെയെ സ്‌ക്വാഡില്‍ തിരിച്ചെടുത്തതായി പി.എസ്.ജി അറിയിക്കുകയായിരുന്നെന്നും ഗ്ലോബോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ പദ്ധതിയിട്ടത് പ്രകാരമാണ് പി.എസ്.ജിയും എംബാപ്പെയും ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തിയതെന്നും ഫ്രണ്ട്ലി മാച്ചില്‍ നിന്ന് എംബാപ്പെയെ ഒഴിവാക്കിയത് പി.എസ്.ജിയുടെ നാടകമായിരുന്നില്ലേയെന്നും ഗ്ലോബോ ചോദിക്കുന്നു.

അതേസമയം, ടൗലൗസിനെതിരായ മത്സരത്തിലും പി.എസ്.ജി സമനില വഴങ്ങിയിരിക്കുകയാണ്. ഗോള്‍ രഹിത സമനിലയില്‍ ആദ്യ പകുതി പിരിഞ്ഞപ്പോള്‍ 62ാം മിനിട്ടില്‍ എംബാപ്പെയുടെ പെനാല്‍ട്ടിയിലൂടെ പി.എസ്.ജി മുമ്പിലെത്തി.

എംബാപ്പെയെ ബോക്‌സില്‍ തള്ളിയിട്ടതിന് ലഭിച്ച പെനാല്‍ട്ടി താരം പിഴവേതും കൂടാതെ വലയിലെത്തിത്തുകയായിരുന്നു.

എന്നാല്‍ 87ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ തന്നെ ടൗലൗസ് ഈക്വലൈസര്‍ ഗോള്‍ നേടി. സക്കറിയ അബൂഖ്‌ലാലാണ് ഗോള്‍ നേടിയത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ പി.എസ്.ജി സമനിലയില്‍ കുരുങ്ങുകയായിരുന്നു.

രണ്ട് മത്സരത്തില്‍ നിന്നും രണ്ട് സമനിലയുമായി രണ്ട് പോയിന്റോടെ എട്ടാം സ്ഥാനത്താണ് പി.എസ്.ജി. ഒരു ജയവും സമനിലയുമായി നാല് പോയിന്റോടെ മൂന്നാമതാണ് ടൗലൗസ്.

ഓഗസ്റ്റ് 27നാണ് ലീഗ് വണ്ണില്‍ പി.എസ്.ജിയുടെ അടുത്ത മത്സരം. പാര്‍ക് ഡെസ് പ്രിന്‍സെസില്‍ നടക്കുന്ന മത്സരത്തില്‍ ലെന്‍സാണ് എതിരാളികള്‍.

Content Highlight: Fans slams Kylian Mbappe

We use cookies to give you the best possible experience. Learn more