'അവനാണ് ടീമിലെ ഏറ്റവും വലിയ ഫ്രോഡ്, എത്രയും പെട്ടെന്ന് അവനെ ടീമില്‍ നിന്നും പുറത്താക്കണം'; ആഞ്ഞടിച്ച് ആരാധകര്‍
Sports News
'അവനാണ് ടീമിലെ ഏറ്റവും വലിയ ഫ്രോഡ്, എത്രയും പെട്ടെന്ന് അവനെ ടീമില്‍ നിന്നും പുറത്താക്കണം'; ആഞ്ഞടിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 10th November 2022, 5:25 pm

ടി-20 ലോകകപ്പിലെ സെമി ഫൈനല്‍ മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍. രാഹുലിനെതിരെ ആഞ്ഞടിച്ച് ആരാധകര്‍. നിര്‍ണായകമായ നോക്കൗട്ട് മത്സരത്തില്‍ പോലും സമ്പൂര്‍ണ പരാജയമായതിന് പിന്നാലെയാണ് ആരാധകര്‍ രാഹുലിനെതിരെ തിരിഞ്ഞിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് വീണ്ടും പരാജയമാവുകയായിരുന്നു. ഒമ്പത് റണ്‍സാണ് ഓപ്പണിങ് വിക്കറ്റില്‍ രോഹിത്തും രാഹുലും ചേര്‍ന്ന് സ്വന്തമാക്കിയത്.

അഞ്ച് പന്തില്‍ നിന്നും അഞ്ച് റണ്‍സുമായാണ് കെ.എല്‍. രാഹുല്‍ പുറത്തായത്. ക്രിസ് വോക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറിന് ക്യാച്ച് നല്‍കിയാണ് രാഹുല്‍ മടങ്ങിയത്.

ഒരു ബൗണ്ടറി മാത്രമായിരുന്നു രാഹുലിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇതിന് പിന്നാലെയാണ് ആരാധകര്‍ രാഹുലിനെതിരെ തിരിഞ്ഞത്. രാഹുലിന് ഇന്ത്യക്കായി ഒന്നും തന്നെ ചെയ്യാനില്ലെന്നും ഉടന്‍ തന്നെ താരത്തെ ടീമില്‍ നിന്നും പുറത്താക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും ഹര്‍ദിക് പാണ്ഡ്യയുടെയും ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്. 33 പന്തില്‍ 63 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയും 40 പന്തില്‍ നിന്നും 50 റണ്‍സുമാണ് കോഹ്‌ലി നേടിയത്.

ഇരുവരുടെയും ബാറ്റിങ് മികവില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ജോസ് ബട്‌ലറിന്റെയും അലക്‌സ് ഹേല്‍സിന്റെയും കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.

ഒടുവില്‍ നാല് ഓവറും പത്ത് വിക്കറ്റും കയ്യിലിരിക്കെ ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നു. എങ്ങനെയാവണം ടി-20 ഫോര്‍മാറ്റില്‍ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്തേണ്ടത് എന്ന് രോഹിത്തിനും രാഹുലിനും കാണിച്ചുകൊടുക്കുന്ന പ്രകടനമാണ് ഇരുവരും നടത്തിയത്.

ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ 49 പന്തില്‍ നിന്നും പുറത്താവാതെ 80 റണ്‍സ് നേടിയപ്പോള്‍ അലക്സ് ഹേല്‍സ് 47 പന്തില്‍ നിന്നും പുറത്താവാതെ 86 റണ്‍സ് നേടി.

അഡ്‌ലെയ്ഡിലെ ബാറ്റിങ് പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ വന്നപ്പോള്‍ ആ ആനുകൂല്യം പൂര്‍ണമായും മുതലാക്കിയാണ് ഇംഗ്ലണ്ട് വിജയത്തിലേക്കും ഒപ്പം ഫൈനലിലേക്കും നടന്നുകയറിയത്.

നവംബര്‍ 13നാണ് ഇംഗ്ലണ്ട് – പാകിസ്ഥാന്‍ ഫൈനല്‍ മത്സരം. മെല്‍ബണാണ് വേദി.

 

 

Content Highlight: Fans slams KL Rahul for the poor performance against England in T20 World Cup semi finals