ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ് ഡുവോ പരാജയമാകുന്ന കാഴ്ചയാണ് വീണ്ടും കാണുന്നത്. ആദ്യ രണ്ട് മത്സരത്തിലും മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിക്കാതെ പോയ രോഹിത്തിനും രാഹുലിനും പ്രോട്ടീസിനെതിരായ മൂന്നാം മത്സരത്തിലും ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.
വ്യക്തിഗതമായും ഇരുവരും മോശം പ്രകടനമാണ് തുടരുന്നത്. രാഹുല്‍ മൂന്ന് മത്സരത്തിലും തുടര്‍പരാജയമായപ്പോള്‍ രോഹിത് ശര്‍മ നെതര്‍ലന്‍ഡ്‌സിനെതിരായ രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.
സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിലും ഓപ്പണര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ തങ്ങളുടെ ദേഷ്യം പ്രകടമാക്കുകയാണ് ആരാധകര്‍. ഇരുവരുടെയും മോശം ഫോമിനെയും പ്രകടനത്തെയും ടാര്‍ഗെറ്റ് ചെയ്തുകൊണ്ടാണ് ആരാധകര്‍ രംഗത്തെത്തുന്നത്.
രോഹിത് ശര്‍മ എത്രയോ ഭാഗ്യവാനാണ് കാരണം കെ.എല്‍. രാഹുല്‍ എല്ലാ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോഴും ക്യാപ്റ്റന്‍ എല്ലാത്തില്‍ നിന്നും രക്ഷപ്പെടുകയാണ്, ലോകകപ്പിലെ ഏറ്റവും വലി ഫ്രോഡാണ് കെ.എല്‍. രാഹുല്‍ തുടങ്ങി ആരാധകര്‍ തങ്ങളുടെ ദേഷ്യം സോഷ്യല്‍ മീഡിയയിലൂടെ പ്രകടമാക്കുന്നുണ്ട്.
സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന മത്സരത്തില്‍ രാഹുല്‍ 14 പന്തില്‍ നിന്നും ഒമ്പത് റണ്‍സ് നേടി പുറത്തായപ്പോള്‍ 14 പന്തില്‍ നിന്നും 15 റണ്‍സ് നേടിയാണ് രോഹിത് ശര്‍മ പുറത്തായത്.
അതേസമയം, മത്സരത്തില്‍ സൗത്ത് ആഫ്രിക്ക വിജയത്തിലേക്കടുത്തുകൊണ്ടിരിക്കുകയാണ്. 17 ഓവര്‍ പിന്നിടുമ്പോള്‍ 109 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. ആറ് വിക്കറ്റ് ബാക്കി നില്‍ക്കെ 18 പന്തില്‍ നിന്നും 25 റണ്‍സാണ് പ്രോട്ടീസിന് ജയിക്കാന്‍ ആവശ്യമുള്ളത്.
അര്‍ധ സെഞ്ച്വറി തികച്ച ഏയ്ഡന്‍ മര്‍ക്രമാണ് പ്രോട്ടീസ് ബാറ്റിങ്ങിനെ മുന്നില്‍ നിന്നും നയിച്ചത്. 41 പന്തില്‍ നിന്നും 52 റണ്‍സാണ് മര്‍ക്രം സ്വന്തമാക്കിയത്. 36 പന്തില്‍ നിന്നും 34 റണ്‍സ് നേടി ഡേവിഡ് മില്ലറും അഞ്ച് പന്തില്‍ നിന്നും ആറ് റണ്‍സ് നേടിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സുമാണ് പ്രോട്ടീസിനായി ബാറ്റ് ചെയ്യുന്നത്.